ന്യൂഡല്‍ഹി: കേരള മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള അന്തിമ ചർച്ച ഇന്ന് ഡൽഹിയിൽ. വർക്കിങ് പ്രസിഡന്റുമാർ, കെ.പി.സി.സി മുൻ അധ്യക്ഷൻമാർ അടക്കമുള്ള നേതാക്കൾ ചർച്ചയുടെ ഭാഗമാകും. അതേസമയം വർക്കിങ് പ്രസിഡന്റുമാരെ വിളിപ്പിച്ചതിൽ കടുത്ത അതൃപ്തിയിലാണ് വി.ഡി സതീശൻ ക്യാമ്പ്
മുൻ കെ.പി.സി.സി അധ്യക്ഷൻമാരായ വി.എം സുധീരൻ , കെ.മുരളീധരൻ, എം.എം ഹസൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സുധാകരൻ എന്നിവരെയാണ് ഡൽഹിയിലേക്ക് വിളിപ്പിച്ചത്. വർക്കിങ് പ്രസിഡന്റുമാരായ ഷാഫിപറമ്പില്‍, പി.സി വിഷ്ണുനാഥ്, എ.പി അനിൽകുമാർ, മുതിർന്ന നേതാവായ തിരുവഞ്ചൂർ രാധാകൃഷ്ണനെയും വിളിപ്പിച്ചിട്ടുണ്ട്. ഇവർ ഇന്ന് ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തും.
തീരുമാനം വൈകിപ്പിച്ച നേതൃത്വത്തിന്റെ നടപടിയിൽ അതൃപ്തിയുള്ള മുല്ലപ്പള്ളി രാമചന്ദ്രൻ ഡൽഹിയിൽ എത്തിയിട്ടില്ല. കെ.സി വേണു ഗോപാലിനെ പിന്തുണക്കുന്ന വർക്കിങ് പ്രസിഡന്റുമാരെക്കൂടി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചതില്‍ വി.ഡി സതീശന്‍ ക്യാമ്പിന് അതൃപ്തിയുണ്ട്. ജനവികാരം അട്ടിമറിക്കാനുള്ള നീക്കമെന്നാണ് വി.ഡി ക്യാമ്പിന്റെ സംശയം. കെ.സിയെ മുഖ്യമന്ത്രിയാക്കാനുള്ള ഹൈക്കമാൻഡ് തീരുമാനം നടപ്പിലാക്കാനാണോ എന്ന് പലർക്കും സംശയമുണ്ട്. ഹൈക്കമാൻഡ് തീരുമാനം അടിച്ചേൽപ്പിക്കുകയല്ല മറിച്ച് കൂടിയാലോചന നടത്തി എന്ന തോന്നൽ സൃഷ്‌ടിക്കുക മറ്റൊരു ലക്ഷ്യമാണ്. ഇതിനായിട്ടാണ് നേതാക്കളെ വിളിച്ചു വരുത്തിയതെന്നും ആക്ഷേപവുമുണ്ട്.
അതേസമയം, മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകുമെന്ന് കെ.മുരളീധരൻ പ്രതികരിച്ചു.ജനഹിതം കണക്കിലെടുത്തായിരിക്കും പ്രഖ്യാപനമുണ്ടാവുകയെന്നും കെ.മുരളീധരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.