മോഹൻ ഭാഗവത്, പിണറായി വിജയൻ

ആർ.എസ്.എസ് മേധാവിയുടെ വിജയദശമി പ്രസംഗത്തെ കണക്കുകൾ നിരത്തി പൊളിച്ചടുക്കി പിണറായി: 'ആർ.എസ്.എസ് തെറ്റായ കാര്യങ്ങൾ പറഞ്ഞ് വർഗീയത പരത്തുന്നു'

തിരുവനന്തപുരം: രാജ്യത്തെ ജനസംഖ്യയിൽ മതാടിസ്ഥാനത്തിൽ അസന്തുലിതാവസ്ഥ നിലനിൽക്കുന്നുവെന്ന ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന്റെ വിജയദശമി പ്രസംഗത്തെ കേന്ദ്രസർക്കാർ തന്നെ പുറത്തുവിട്ട കണക്കുകൾ നിരത്തി പൊളിച്ചടുക്കി മുഖ്യമന്ത്രി പിണറായി വിജയൻ. വംശീയ വിരോധത്തിന്റെ കൂടു തുറന്നുവിടാനുള്ള ആസൂത്രിത നീക്കങ്ങളിലൊന്നാണ് മോഹൻ ഭാഗവതിന്റെ പ്രസംഗമെന്ന് പിണറായി പറഞ്ഞു.

വസ്തുതയ്ക്കു നിരക്കുന്നതോ കണക്കുകളുടെ പിൻബലമുള്ളതോ അല്ല ഭാഗവതിന്റെ ഈ പ്രചാരണം. ഹിന്ദുക്കൾ സമീപ ഭാവിയിൽ ന്യൂനപക്ഷമായി മാറുമെന്ന നുണ സംഘപരിവാർ വർഷങ്ങളായി പ്രചരിപ്പിക്കുകയാണ്. ആ ആയുധം വീണ്ടും പൊടിതട്ടിയെടുക്കുകയാണ് ആർ.എസ്.എസ്.

"ടോട്ടൽ ഫെർട്ടിലിറ്റി റേറ്റി"നെ (TFR) ബന്ധപ്പെടുത്തിയാണ് ജനസംഖ്യാ വർധനവ് കണക്കാക്കുന്നത്. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ രാജ്യത്തെ മറ്റ് മതങ്ങളെ അപേക്ഷിച്ച് മുസ്ലിം സമുദായത്തിലെ ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ് കുറയുന്നതായാണ് കേന്ദ്രസർക്കാരിന്റെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട 2019-21 ലെ ദേശീയ കുടുംബാരോഗ്യ സർവ്വേ (NFHS -5) യുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

സർവെ പ്രകാരം ഹിന്ദു, മുസ്‍ലിം സമുദായങ്ങളിലെ ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ് യഥാക്രമം 1.9 ഉം 2.3 ഉം ആണ്. വ്യത്യാസം വെറും 0.4 മാത്രമാണ്. മുസ്‍ലിം സമുദായത്തിലെ ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ് 2015-16 ല്‍ 2.6 ആയിരുന്നത് 2019-21 ല്‍ 2.3 ആയി കുറഞ്ഞു. 1992-93 ൽ ഇത് 4.4 ആയിരുന്നു. ഇരുപതുവർഷങ്ങൾക്കിടെ ഫെർട്ടിലിറ്റി നിരക്കിന്റെ കാര്യത്തിൽ 41.2 ശതമാനത്തിന്റെ കുറവാണ് ഹിന്ദു സമുദായത്തിലുണ്ടായതെങ്കിൽ മുസ്ലിങ്ങള്‍ക്കിടയില്‍ 46.5 ശതമാനമാണ് കുറവുണ്ടായത്.

സെൻസസ് കണക്കു പ്രകാരം ഹിന്ദു ജനസംഖ്യാ വർധനവിൽ 3.1 ശതമാനത്തിന്റെ ഇടിവാണ് സംഭവിച്ചത്. എന്നാൽ മുസ്‍ലിം ജനസംഖ്യാ വർധനവിൽ 4.7 ശതമാനം ഇടിവാണ് ഉണ്ടായത്. പൊതുമധ്യത്തിൽ ഇത്തരം കണക്കുകൾ ലഭ്യമായിരിക്കുമ്പോഴാണ് ആർ.എസ്.എസ് തെറ്റായ കാര്യങ്ങൾ പറഞ്ഞുകൊണ്ട് വർഗീയത പരത്തുന്നത്. മതാടിസ്‌ഥാനത്തിൽ പൗരത്വത്തെ നിർവചിക്കുന്ന പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുമെന്ന് ആവർത്തിച്ചു പറയുന്നുണ്ട്. ഭരണഘടനാ മൂല്യങ്ങളെ വെല്ലുവിളിച്ചുകൊണ്ടുള്ള ഇത്തരം നീക്കങ്ങളുടെ തുടർച്ചയെന്നോണമാണ് ആർ.എസ്.എസ് മേധാവിയുടെ വിജയദശമി ദിനത്തിലെ പ്രസംഗം.

സംഘപരിവാറിന്റെ ജനസംഖ്യാ നുണയുടെ ലക്ഷ്യം വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളാണ്. വിദ്വേഷരാഷ്ട്രീയം വളർത്തി തെരഞ്ഞെടുപ്പ് നേട്ടം കൊയ്യാനുള്ള ഈ വിപത്കരമായ നീക്കം മതനിരപേക്ഷ സമൂഹം തിരിച്ചറിയേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - Kerala CM Pinarayi Vijayan slams RSS chief's Vijayadashami speech: 'RSS is spreading communalism by saying wrong things'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.