ന്യൂഡൽഹി: മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ പ്രതികരണവുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി തുടരുമോയെന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന് 'നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ എന്നാണ്' മറുപടി നൽകിയത്. മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ചതിലുള്ള പ്രതികരണം നൽകിയ ശേഷം തിരികെ നടന്ന് പോകവേ ചിരിച്ച് കൊണ്ട് കെ.സി. വേണുഗോപാൽ പ്രതികരിച്ചത്.
അതേസമയം, വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച തീരുമാനം അംഗീകരിക്കുന്നുവെന്ന് കെ.സി. വേണുഗോപാൽ വ്യക്തമാക്കി. ഞാൻ കോൺഗ്രസ് പ്രവർത്തകനാണ്. പാർട്ടിയാണ്, ജനങ്ങളാണ് വലുതെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. വി.ഡി. സതീശനും സർക്കാരിനും എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുവരെ നടന്ന ചർച്ചകൾ ഇനി അപ്രസക്തമാണ്. നേതൃത്വം എല്ലാ വശങ്ങളും ആലോചിച്ചാണ് തീരുമാനമെടുത്തത്. കേരളത്തിലെ കാര്യമായത് കൊണ്ടാണ് പ്രഖ്യാപനത്തിൽ നിന്ന് മാറി നിന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സതീശന് അഭിനന്ദനങ്ങൾ നേരുന്നുവെന്നും കെ.സി. വേണുഗോപാൽ പ്രതികരിച്ചു. മുഖ്യമന്ത്രിയായി വി.ഡി. സതീശനെ സ്വാഗതം ചെയ്യുന്നുവെന്നും മുഖ്യമന്ത്രിക്കും സർക്കാരിനും എല്ലാവിധ പിന്തുണയും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളുടെ പ്രതീക്ഷകൾക്ക് അനുസരിച്ചുള്ള സർക്കാർ കേരളത്തിലുണ്ടാകും. ഹൈക്കമാൻഡ് തീരുമാനം അനുസരിക്കും എന്നാണ് എപ്പോഴും പറഞ്ഞിരുന്നത്. അടിയുറച്ച കോൺഗ്രസുകാരനായി തുടരുമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. തന്നെ പിന്തുണച്ചവരും തീരുമാനം അംഗീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൈബർ ഇടങ്ങളിലൂടെ തന്നെ ആക്രമിക്കുന്നവർക്ക് ഇനിയും സധൈര്യം തുടരാമെന്നും ആക്ഷേപങ്ങളെല്ലാം സഹിച്ചോളാമെന്നും വേണുഗോപാൽ പ്രതികരിച്ചു. അതേസമയം, ഘടകകക്ഷികളുടെ സമ്മർദ്ദത്തിന് വഴങ്ങിയോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് കെ.സി. വേണുഗോപാൽ മറുപടി പറഞ്ഞില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.