രമേശ് ചെന്നിത്തല
ആലപ്പുഴ: വിപ്ലവമണ്ണിൽ ആഞ്ഞടിച്ച സുനാമി തിരമാലകളിൽ ഇടതുപക്ഷത്തിന് കനത്ത പ്രഹരം. ജില്ലയിൽ ഒമ്പത് മണ്ഡലങ്ങളിൽ ആറിടത്ത് യു.ഡി.എഫ് ആധികാരിക വിജയം. അഞ്ചിടത്തും ഇടത് സിറ്റിങ് എം.എൽ.എമാരെ വീഴ്ത്തിയാണ് വൻ വിജയം നേടിയത്. അരൂർ, ആലപ്പുഴ, അമ്പലപ്പുഴ, കുട്ടനാട്, കായംകുളം, ഹരിപ്പാട് മണ്ഡലങ്ങളിലാണ് യു.ഡി.എഫ് ജയിച്ചത്. 2021ലെ ഒറ്റസീറ്റിൽനിന്നാണ് യു.ഡി.എഫിന്‍റെ ഈ വിജയക്കുതിപ്പ്. ചെങ്ങന്നൂർ, ചേർത്തല, മാവേലിക്കര എന്നിവിടങ്ങളിൽ മാത്രമാണ് എൽ.ഡി.എഫിന് ജയിക്കാനായത്.
എച്ച്. സലാം (അമ്പലപ്പുഴ), ദലീമ ജോജോ (അരൂർ), പി.പി. ചിത്തരഞ്ജൻ (ആലപ്പുഴ) തോമസ് കെ. തോമസ് (കുട്ടനാട്), യു. പ്രതിഭ (കായംകുളം) എന്നിവരാണ് പരാജയപ്പെട്ടത്. പിണറായി മന്ത്രിസഭയിലെ ഭൂരിഭാഗം മന്ത്രിമാരും തോറ്റപ്പോൾ സജി ചെറിയാനും (ചെങ്ങന്നൂർ) പി. പ്രസാദും (ചേർത്തലയും) കരകയറി. തുടർഭരണം നഷ്ടമായാലും അമ്പലപ്പുഴയിൽ പാർട്ടി തോൽക്കരുതെന്ന നിർദേശത്തിന് കനത്ത തിരിച്ചടി നൽകിയാണ് ജി. സുധാകരന്‍റെ ‘സ്വതന്ത്രവിപ്ലവം’ വിജയിച്ചത്. ജില്ലയിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം കിട്ടിയത് ജി. സുധാകരനാണ്. കുറവ് അരൂരിൽനിന്ന് വിജയിച്ച ഷാനിമോൾ ഉസ്മാനും.
ഹരിപ്പാട്ട് രമേശ് ചെന്നിത്തല ആറാംതവണയും ത്രിവർണപതാക പാറിച്ചു. ഈസി വാക്കോവർ പ്രതീക്ഷിച്ച് ആലപ്പുഴയിൽ മത്സരിച്ച സിറ്റിങ് എം.എൽ.എ പി.പി. ചിത്തരഞ്ജന്‍റെ തോൽവി സി.പി.എം കേന്ദ്രങ്ങളെ ഞെട്ടിച്ചു. കെ.എസ്.യു ജില്ല പ്രസിഡന്‍റ് എ.ഡി. തോമസിന്‍റേത് മധുരപ്രതികാരമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ നയിച്ച നവകേരളയാത്ര ആലപ്പുഴയിലൂടെ കടന്നുപോയപ്പോൾ പ്രതിഷേധിച്ചതിന് ഗൺമാന്റെ ക്രൂരമർദനമേറ്റിരുന്നു.
പെരുമ്പളം പാലം ഉൾപ്പെടെയുള്ള വികസനം ചർച്ചയായ അരൂരിൽ ദലീമ ജോജോയെ പരാജയപ്പെടുത്തിയ ഷാനിമോൾ ഉസ്മാനിലൂടെ വനിതാപ്രാതിനിധ്യവും ആലപ്പുഴയിൽ എ.ഡി. തോമസിലൂടെ യുവപ്രാതിനിധ്യവും ഉറപ്പാക്കി. കായംകുളത്ത് യു. പ്രതിഭയുടെ മൂന്നാംവിജയത്തെ തടഞ്ഞായിരുന്നു എം. ലിജുവിന്‍റെ വിജയം. സിറ്റിങ് എം.എൽ.എ തോമസ് കെ. തോമസിനെ തോൽപിച്ചാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ റെജി ചെറിയാന്‍റെ അട്ടിമറി വിജയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.