വെള്ളാപ്പള്ളി നടേശൻ
കൊച്ചി: വെള്ളാപ്പള്ളി നടേശനെ കയറൂരിവിട്ടതിന് സർക്കാരിന്റെ കരണത്തേറ്റ പ്രഹരമാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് ശ്രീനാരായണ സേവാസംഘം, എസ്.എൻ.ഡി.പി യോഗം- എസ്.എൻ ട്രസ്റ്റ് സംരക്ഷണ സമിതി, ശ്രീനാരായണ സഹോദര ധർമവേദി, എസ്.എൻ.ഡി.പി യോഗം സംരക്ഷണ സമിതി, ശ്രീനാരായണ ഡമോക്രാറ്റിക് പ്ലാറ്റ് ഫോം എന്നിവയുടെ സംയുക്ത യോഗം.
എസ്.എൻ.ഡി.പി യോഗത്തിലും എസ്.എൻ ട്രസ്റ്റിലും ജനാധിപത്യവും നിയമവാഴ്ചയും ഉറപ്പാക്കാൻ അധികാരത്തിലേറുന്ന യു.ഡി.എഫ് സർക്കാർ നീതിപൂർവമായ നിലപാട് സ്വീകരിക്കണം. വെള്ളാപ്പള്ളി നടേശൻ സ്വാർഥതാൽപര്യത്തിന് ഭരണാധികാരികളെ വശത്താക്കാൻ നടത്തുന്ന വേലകളിൽ വീണുപോകരുതെന്നും യോഗം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി: പറയാതെ പറഞ്ഞ് എൻ.എസ്.എസ്
കോട്ടയം: മുഖ്യമന്ത്രി പദത്തിന് കോൺഗ്രസിൽ ചരടുവലികളും കരുനീക്കങ്ങളും കൊമ്പുകോർക്കലും ചടുലമായപ്പോൾ നിലപാട് പറയാതെ പറഞ്ഞ് എൻ.എസ്.എസ്.
പ്രത്യേക വ്യക്തിയെ എൻ.എസ്.എസ് നിർദേശിക്കില്ലെന്നും കോൺഗ്രസ് കേന്ദ്ര നേതൃത്വം ഉചിത തീരുമാനമെടുക്കട്ടെയെന്നും വ്യക്തമാക്കിയ ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ , കഴിവുള്ളവരും അനുഭവസമ്പത്തുള്ളവരും പദവിയിലേക്ക് വരണമെന്നാണ് ആഗ്രഹമെന്ന് കൂട്ടിച്ചേർത്തു. വി.ഡി. സതീശന്റെ നിലപാടുകളോടുള്ള വിയോജിപ്പ് ഇപ്പോഴുമുണ്ട്. പറവൂരിലും എൻ.എസ്.എസ് സമദൂര നിലപാടാണ് സ്വീകരിച്ചത്. കഴിവുള്ളവർ മുഖ്യമന്ത്രിയാകണം. രമേശ് ചെന്നിത്തല യോഗ്യനാണ്. സതീശനെ മുഖ്യമന്ത്രിയാക്കണോ എന്ന് കോൺഗ്രസ് തീരുമാനിക്കട്ടെ. അവർ അങ്ങനെയാണ് നിശ്ചയിക്കുന്നതെങ്കിൽ അത് സ്വീകരിച്ചല്ലേ പറ്റൂ.
കേരളത്തിലെ മാറ്റം യു.ഡി.എഫിന്റെ മാത്രം മിടുക്കല്ല. ജനങ്ങൾ മാറ്റത്തിനായി ആഗ്രഹിച്ചതിന്റെ ഫലമാണ്. കഴിഞ്ഞ പ്രാവശ്യവും ഭരണമാറ്റം വേണമെന്ന് താൻ പറഞ്ഞു. അന്ന് എല്ലാവരുംകൂടി തന്നെ കളിയാക്കുകയായിരുന്നു. എൻ.എസ്.എസ് സമദൂരം തുടരും. വെള്ളാപ്പള്ളി നടേശനുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മറുപടി നൽകാൻ താൻ ആളല്ല. വെള്ളാപ്പള്ളിയുടെ നിലവാരമല്ല തന്റേത്. എൻ.എസ്.എസുമായുള്ള പ്രശ്നങ്ങൾ ഒരുപരിധിവരെ പത്തനാപുരത്ത് ഗണേഷ് കുമാറിന് തിരിച്ചടിയായിട്ടുണ്ടാവാം. അവിടെ പ്രത്യേക നിർദേശമൊന്നും നൽകിയിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.