കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ഫേസ്ബുക്കിലൂടെയുള്ള സംവാദത്തിനാണ് താൻ ക്ഷണിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘ഫേസ്ബുക്കിൽ ഉള്ള ഒരു സംവാദത്തിനാണ് ഞാൻ ക്ഷണിച്ചത്. ഫേസ്ബുക്കിലുള്ള സംവാദത്തിന് തയ്യാറല്ല എന്ന് അദ്ദേഹം പറഞ്ഞിട്ടില്ല എന്നാണ് തോന്നുന്നത്. ആ സംവാദം നടക്കട്ടെ’ -എന്നാണ് പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞത്.
എന്നാൽ, പരസ്യസംവാദത്തിന് തുടക്കം മുതൽ വെല്ലുവിളിക്കുന്ന വി.ഡി. സതീശൻ അക്കാര്യം ആവർത്തിച്ച് വീണ്ടും രംഗത്തെത്തി. ‘സംവാദമാകാം എന്ന് മുഖ്യമന്ത്രി പറഞ്ഞിട്ട് 24 മണിക്കൂർ കഴിഞ്ഞു. സ്ഥലവും സമയവും ഇത് വരെ തീരുമാനിച്ചിട്ടില്ല. മുഖ്യമന്ത്രി ശ്രദ്ധിക്കുമല്ലോ, മുഖ്യമന്ത്രി പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് ഞാനെത്താം’ -അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
തെരഞ്ഞെടുപ്പിലെ മുഖ്യ പ്രചാരണ വിഷയം സി.പി.എം-ബി.ജെ.പി ഡീൽ വിവാദത്തിൽ ചുറ്റിത്തിരിയുന്നതിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തമ്മിൽ സംവാദം സജീവ ചർച്ചയായത്. മുഖ്യമന്ത്രിയെ ഞായറാഴ്ച സതീശൻ പരസ്യസംവാദത്തിന് വെല്ലുവിളിച്ചിരുന്നു. മറുപടിയായി, വികസനത്തിൽ സംവാദത്തിനുണ്ടോ എന്ന ഫേസ്ബുക് പോസ്റ്റുമായി മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച രംഗത്തുവന്നു.
‘‘എന്നാൽ ഇനി ഇതിൽ സംവാദം ആയാലോ’’ എന്ന് ചോദിച്ചായിരുന്നു മുഖ്യമന്ത്രി, സർക്കാറിന്റെ 37 നേട്ടങ്ങൾ പറയുന്ന കാർഡുകൾ ഷെയർ ചെയ്തത്. പിന്നാലെ മന്ത്രിമാർ ഉൾപ്പെടെയുള്ളവരും ഇത് പങ്കുവെച്ചു. എല്ലാ കാര്യങ്ങളും ചർച്ച ചെയ്യുകയാണെങ്കിൽ നമുക്ക് നോക്കാം എന്ന രീതിയിൽ കൊല്ലത്ത് നടത്തിയ വാർത്തസമ്മേളനത്തിലും സംവാദസാധ്യത മുഖ്യമന്ത്രി തള്ളിയില്ല. പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ മറുപടി പോസ്റ്റ് വന്നു. ‘‘സംവാദത്തിന് തയാർ എന്ന് മുഖ്യമന്ത്രി പറഞ്ഞ സ്ഥിതിക്ക് സ്ഥലവും സമയവും കൂടി അദ്ദേഹത്തിന് തീരുമാനിക്കാം. പറയുന്ന സ്ഥലത്ത്, പറഞ്ഞ സമയത്ത് ഞാനെത്തും. ബാക്കി ജനം തീരുമാനിക്കട്ടെ’’ എന്നായിരുന്നു സതീശന്റെ മറുപടി. പറവൂരിൽ മാധ്യമങ്ങളെ കണ്ടപ്പോഴും ഇക്കാര്യം സതീശൻ ആവർത്തിച്ചു.
സംവാദത്തിന് ഭരണ, പ്രതിപക്ഷ നേതാക്കൾ ഒരുക്കമെന്ന് അറിയിച്ചതോടെ തെരഞ്ഞെടുപ്പിന് മുമ്പ് അത് നടക്കുമോ എന്ന ആകാംക്ഷയിലേക്ക് കൂടി പ്രചാരണരംഗം മാറി. എന്നാൽ, ഇതോടെ മുഖ്യമന്ത്രി പ്ലേറ്റ് മാറ്റി. നേരിട്ടുള്ള സംവാദമല്ല, ഫേസ്ബുക് സംവാദമാണ് താൻ ഉദ്ദേശിച്ചത് എന്നാണ് മുഖ്യമന്ത്രി വിശദീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.