‘ഉമർ ഫൈസിയുടേത് എക്സ്പയേർഡ് പ്രസ്താവന, സമസ്തയുടെ അഭിപ്രായമല്ല; ജിഫ്രി തങ്ങൾ തന്നെ അത് തിരുത്തിയിട്ടുണ്ട്’ -നജ്മ തബ്ഷീറ

മലപ്പുറം: സ്ത്രീകൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സംബന്ധിച്ച് സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം നടത്തിയ പ്രസ്താവന വലിയ ചർച്ച അർഹിക്കുന്നില്ലെന്ന് യൂത്ത് ലീഗ് ദേശീയ സെക്രട്ടറി അഡ്വ. നജ്മ തബ്ഷീറ. ജനറൽ സീറ്റുകളിൽ വനിതകളെ മത്സരിപ്പിക്കരുതെന്ന ഉമർ ഫൈസിയുടെ പ്രസ്താവന മുഖവിലക്കെടുക്കേണ്ടതില്ല. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സ്ത്രീയും പുരുഷനും ഒരുപോലെ പ്രാപ്തരാണ്. ഉമർ ഫൈസി മുക്കത്തിന്‍റേത് എക്സ്പയേർഡ് പ്രസ്താവനയാണെന്നും അ​വർ പറഞ്ഞു.

ജനറൽ സീറ്റുകളിൽ സ്ത്രീകൾ മത്സരിക്കുന്നതിനോട് യോജിപ്പില്ലെന്നും സമസ്ത അതിന് ലീഗിന് അനുവാദം നൽകിയിട്ടില്ലെന്നുമാണ് ഉമർ ഫൈസി പറഞ്ഞത്. ജനറൽ സീറ്റിൽ മത്സരിക്കാൻ പ്രാപ്തരായ പുരുഷന്മാർ ഉണ്ടെന്നും ഉമർ ഫൈസി പറഞ്ഞിരുന്നു.

‘ഉമർ ഫൈസിയുടേത് വ്യക്തിപരമായ അഭിപ്രായമാണ്. സംഘടനയുടെ അഭിപ്രായമായി വായിക്കേണ്ടതില്ല. ഉമർ ഫൈസി പറഞ്ഞതിനെ ജിഫ്രി തങ്ങൾ തന്നെ തിരുത്തിയിട്ടുണ്ട്. അങ്ങനെ ഒരു നിലപാട് സമസ്തക്കില്ല എന്ന് അദ്ദേഹം വിശദമാക്കുകയുണ്ടായി. അതുകൊണ്ട് തന്നെ ആ പ്രസ്താവന സമസ്തയുടെ അഭിപ്രായമായി കാണേണ്ടതില്ല. തെരഞ്ഞെടുപ്പിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സ്ത്രീകളും പുരുഷന്മാരുമുണ്ട്. ഇത്തവണ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഫാത്തിമ തഹ്‍ലിയയും മുസ്‍ലിം ലീഗ് നേതാവ് ജയന്തി രാജനുമടക്കം രണ്ട് വനിതകൾ ലീഗ് സ്ഥാനാർത്ഥികളാണ്. വനിതാ ലീഗും, ഹരിതയും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാണ്. കരുത്ത് തെളിയിക്കുന്ന തെരഞ്ഞെടുപ്പ് കൂടിയാണിത്’ -നജ്മ തബ്ഷീറ പറഞ്ഞു.

ഉമർ ഫൈസിയുടെ പ്രസ്താവനക്കെതിരെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻറ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ തന്നെ നേരത്തെ രംഗത്തുവന്നിരുന്നു. അനവസരങ്ങളിൽ പ്രസ്താവനകളിറക്കി സമസ്തയെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ‘ഉത്തരവാദപ്പെട്ടവർ അത്തരം കാര്യങ്ങളിൽ നിന്നും പിന്തിരിയണം. ഓരോ തെരഞ്ഞെടുപ്പിലും ആരെ സ്ഥാനാർത്ഥിയാക്കണമെന്ന് അതത് പാർട്ടി നേതൃത്വമാണ് തീരുമാനിക്കേണ്ടത്. അതിന്റെ ഗുണവും ദോഷവും അവരാണ് ആലോചിക്കേണ്ടത്. ഇത്തരം കാര്യങ്ങളിൽ മതത്തിന്റെയും രാഷ്ടീയ പാർട്ടികളുടേയും കാഴ്ചപ്പാടുകൾ വ്യത്യസ്തമായിരിക്കാം’ -തങ്ങൾ പറഞ്ഞു. വ്യക്തിഹത്യകളിൽ നിന്നും വിദ്വേഷ പ്രചാരണങ്ങളിൽ നിന്നും എല്ലാവരും വിട്ടുനിൽക്കേണ്ടതാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിയമസഭാ തെരഞ്ഞെടുപ്പിൽ ജനറൽ സീറ്റുകളിൽ മുസ്‍ലിം ലീഗ് വനിതാ സ്ഥാനാർത്ഥികളെ പരിഗണിക്കുന്നതിനെതിരെയാണ് ഉമർ ഫൈസി മുക്കം പരസ്യമായി രംഗത്തുവന്നത്. ജനറൽ സീറ്റുകളിൽ സ്ത്രീകളെ മത്സരിപ്പിക്കുന്നതിനോട് സമസ്തയ്ക്ക് യോജിപ്പില്ലെന്നും സംവരണ സീറ്റുകളിൽ മാത്രം സ്ത്രീകളെ നിർത്താനാണ് സമസ്ത നേരത്തെ അനുവാദം നൽകിയിട്ടുള്ളതെന്നും ഉമർഫൈസി പറഞ്ഞു.

‘തദ്ദേശ സ്ഥാപനങ്ങളിൽ വനിതാ സംവരണം ഏർപ്പെടുത്തിയ കാലത്ത് ലീഗ് നേതൃത്വം സമസ്തയുടെ അഭിപ്രായം തേടിയിരുന്നു. അന്ന് സംവരണ സീറ്റുകളിൽ മാത്രം ഇളവ് നൽകുകയും ജനറൽ സീറ്റുകളിൽ പുരുഷന്മാരെ തന്നെ പരിഗണിക്കണമെന്നുമാണ് മറുപടി നൽകിയത്. എന്നാൽ ഇപ്പോൾ ലീഗിന്റെ ഭാഗത്തുനിന്ന് ഈ നിലപാടിൽ മാറ്റം കാണുന്നുണ്ട്. ഇത് സമസ്തയുടെ ഫത്‌വയുമായി ചേരുന്നതല്ല. മുസ്‌ലിം ലീഗ് സമസ്തയുടെ കൂടെ നിൽക്കുന്നതാണ് അവർക്ക് നല്ലത്. സംഘടനയുടെ ആദർശത്തിന് വിരുദ്ധമായ നിലപാട് സ്വീകരിക്കുന്നത് ശരിയല്ല. കഴിഞ്ഞ പത്ത് വർഷത്തെ എൽ.ഡി.എഫ് ഭരണത്തിൽ മുസ്‌ലിം സംഘടനകൾക്ക് അർഹമായ പരിഗണന ലഭിച്ചിട്ടുണ്ട്. നിലവിലെ ഭരണത്തെക്കുറിച്ച് പരാതികളില്ല. പ്രാപ്തരായ പുരുഷന്മാർ ധാരാളമുള്ളപ്പോൾ സ്ത്രീകളെ ജനറൽ സീറ്റുകളിൽ പരിഗണിക്കേണ്ടതില്ലെന്നാണ് സമസ്തയുടെ ഉറച്ച നിലപാട്’ -എന്നായിരുന്നു ഉമർ ഫൈസിയുടെ പ്രസ്താവന.

Tags:    
News Summary - kerala assembly election 2026: najma thabsheera against umar faisy mukkam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.