വാർത്താസമ്മേളനമില്ലാതെ ​എം.വി. ഗോവിന്ദൻ; പകരം മാധ്യമങ്ങളെ കാണുന്നത് പിണറായിയും സ്വരാജും

തിരുവനന്തപുരം: സംസ്ഥാനം നിയമസഭ തെരഞ്ഞെടുപ്പിന്റെ മൂർധന്യത്തിൽ നിൽക്കുമ്പോൾ, വിവാദങ്ങളിൽ പാർട്ടി നിലപാട് വ്യക്തമാക്കേണ്ട സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വാർത്താ സമ്മേളനങ്ങൾ ഒഴിവാക്കുന്നത് ചർച്ചയാകുന്നു. ഗോവിന്ദന് പകരം രാഷ്ട്രീയ എതിരാളികൾക്കുള്ള മറുപടി നൽകാൻ മാധ്യമങ്ങളെ കാണുന്നതാകട്ടെ, സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം. സ്വരാജാണ്.

തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുമ്പോൾ പാർട്ടിയുടെ നിലപാടുകൾ പറയേണ്ടതും രാഷ്ട്രീയ എതിരാളികൾക്ക് മറുപടി പറയേണ്ടതും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ്. എന്നാൽ, ഭാര്യ പി.കെ. ശ്യാമളയുടെ തളിപ്പറമ്പിലെ സ്ഥാനാർഥിത്വത്തെ എതിർത്ത് ടി.കെ. ഗോവിന്ദൻ ‘രാഷ്ട്രീയ ഭൂകമ്പം’ സൃഷ്ടിച്ചതോടെ എം.വി. ഗോവിന്ദൻ വാർത്താ സമ്മേളനങ്ങൾ ഒഴിവാക്കുകയായിരുന്നു.

പ്രചാരണ പ്രവർത്തനങ്ങളിലായതിനാലാണ് ഗോവിന്ദൻ വാർത്തസമ്മേളനം നടത്താത്തത് എന്നാണ് സി.പി.എം പറയുന്നത്. തുടർഭരണത്തിനായുള്ള പ്രവർത്തനത്തിന്റെ ഭാഗമായി തിരക്കായതിനാലാണ് പകരം ചുമതല നൽകിയതത്രെ. ജില്ലകളിലെ പര്യടനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി എല്ലാ ദിവസവും മാധ്യമങ്ങളെ കാണുന്നതിനാലാണ്​ സംസ്ഥാന സെക്രട്ടറിയുടെ വാർത്തസമ്മേളനങ്ങളി​ല്ലാത്തതെന്നും പറയുന്നു.

എന്നാൽ, ശ്യാമളയുടെ സ്ഥാനാർഥിത്വം സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യം ഒഴിവാക്കാനാണ് ഗോവിന്ദൻ വാർത്തസമ്മേളനം നടത്തേണ്ട എന്ന് തീരുമാനിച്ചതെന്നാണ് സൂചന. ശ്യാമളയുടെ സ്ഥാനാർഥിത്വം സംബന്ധിച്ച് ഇനി മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകി കൂടുതൽ വിവാദങ്ങൾ ഉണ്ടാക്കേണ്ട എന്നാണ് സി.പി.എമ്മിന്റെ നിലപാട്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനും കമ്മിറ്റികൾക്കുമായി എം വി ഗോവിന്ദൻ എല്ലാ ജില്ലകളിലും സഞ്ചരിക്കുന്നുണ്ടെങ്കിലും എവിടെയും വാർത്താ സമ്മേളനം വിളിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് കമ്മിറ്റികൾക്ക് എത്തുമ്പോൾ രണ്ടോ മൂന്നോ വാചകങ്ങളിൽ മാധ്യമങ്ങൾക്ക് നൽകുന്ന പ്രതികരണങ്ങൾ മാത്രമാണ് എം വി ഗോവിന്ദൻ നടത്തുന്നത്.

വാർത്തസമ്മേളനങ്ങളിൽ സംസ്ഥാന സെക്രട്ടറിയുടെ വാചകങ്ങളും നിലപാടുകളും സംബന്ധിച്ച് പാർട്ടിയിൽനിന്ന് തന്നെ വിമർശനം വന്നിട്ടുണ്ട്. അതിനാൽ കാര്യങ്ങൾ കുറച്ചു കൂടി വ്യക്തമായി പറയാൻ സാധിക്കുന്ന ഒരാളായിരിക്കണം വാർത്തസമ്മേളനം നടത്തേണ്ടത് എന്ന് തീരുമാനിച്ചതായും സൂചനയുണ്ട്. കഴിഞ്ഞ ദിവസം എം. സ്വരാജ് വാർത്തസമ്മേളനം നടത്തിയിരുന്നു. അവസാനം 'എന്നാൽ നമ്മുക്ക് ഇടക്കിടെ കാണാം' എന്ന് പറഞ്ഞാണ് സ്വരാജ് മടങ്ങിയത്.

Tags:    
News Summary - kerala assembly election 2026: cpm pressmeet mv govindan m swaraj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.