കൽപറ്റ: ഒറ്റ രാത്രികൊണ്ട് അനേകം ജീവനുകളും ജീവിതസമ്പാദ്യങ്ങളും പ്രകൃതിക്കലിയിൽ ഇല്ലാതായ ഉരുൾ ദുരന്തം പ്രധാന തെരഞ്ഞെടുപ്പ് വിഷയമായ നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ടി. സിദ്ദീഖിന്റെ മിന്നും വിജയം മഹാഭൂരിപക്ഷത്തോടെ. ദുരന്തബാധിതരെ ചേർത്തുനിർത്തി, ടൗൺഷിപ് നിർമാണം ഉൾെപ്പടെയുള്ള വിഷയങ്ങളൊന്നും എൽ.ഡി.എഫിനെ സഹായിക്കാനെത്തിയില്ലെന്നാണ് ഉരുളൊഴിഞ്ഞ നാട്ടിലെ യു.ഡി.എഫ് സ്ഥാനാർഥിയുടെ വൻ ഭൂരിപക്ഷം തെളിയിക്കുന്നത്. മണ്ഡലത്തിൽ 25.97 ശതമാനം വോട്ടാണ് എൽ.ഡി.എഫിനേക്കാള്‍ യു.ഡി.എഫ് അധികം നേടിയത്. പോള്‍ ചെയ്തതില്‍ 56.15 ശതമാനം (97,379) യു.ഡി.എഫിന് ലഭിച്ചപ്പോൾ 30.18 ശതമാനമാണ് (52,348) എൽ.ഡി.എഫിന് നേടാനായത്. 11.06 ശതമാനമാണ് (19,175) എന്‍ഡി.എ വിഹിതം.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 5470 വോട്ടിന്റെ ഭൂരിപക്ഷം നൽകി കൽപറ്റ നിയോജക മണ്ഡലത്തിൽ നിന്നും ടി. സിദ്ദീഖിനെ നിയമസഭയിലേക്ക് അയച്ചപ്പോൾ 45,031 വോട്ടിന്റെ മഹാഭൂരിപക്ഷമാണ് രണ്ടാംതവണയും രംഗത്തിറങ്ങിയ അദ്ദേഹത്തിന് ഇത്തവണ വോട്ടർമാർ നൽകിയത്. മുഖ്യമന്ത്രി ഉൾെപ്പടെയുള്ള മന്ത്രിപ്പട തന്നെ പങ്കെടുത്ത് വലിയ ഉത്സവമാക്കിയ ടൗൺഷിപ് ഉദ്ഘാടന വേദിയിൽ പ്രതിപക്ഷത്തിന്റെ ഏക ശബ്ദമായിരുന്ന ടി. സിദ്ദീഖിനെ സി.പി.എം പ്രവർത്തകർ കൂകിവിളിച്ചും അദ്ദേഹത്തിന്റെ പ്രസംഗംപോലും തടസ്സപ്പെടുത്തിയും പരിഹസിച്ചത് ഉൾെപ്പടെ എൽ.ഡി.എഫിന് വലിയ തിരിച്ചടിയായെന്നാണ് തെരഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചന. വോട്ടെണ്ണലിന്റെ തുടക്കം മുതൽ ഒരു റൗണ്ടിലും എൽ.ഡി.എഫ് സ്ഥാനാർഥി പി.കെ. അനിൽകുമാറിന് മുന്നേറ്റം ഉണ്ടാക്കാനായില്ലെന്നതും ശ്രദ്ധേയമാണ്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയവും ലോക്സഭയിൽ പ്രിയങ്ക ഗാന്ധിക്ക് മണ്ഡലം നൽകിയ വലിയ ഭൂരിപക്ഷവും ഭരണവിരുദ്ധ വികാരവും ഉരുൾ ദുരന്തനാൾ മുതൽ ദുരന്തബാധിതരോടൊപ്പം ചേർന്നുനിന്ന മികവുമെല്ലാം യു.ഡി.എഫിന് അനുകൂല ഘടകങ്ങളായി. എന്നാൽ, ദുരന്തബാധിതരുടെ ടൗൺഷിപ് ഉൾെപ്പടെ സർക്കാറിന്റെ കരുതൽ ഈ തെരഞ്ഞെടുപ്പിൽ തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലായിരുന്നു എൽ.ഡി.എഫ്. ജില്ല പ്രസിഡന്റ് പ്രശാന്ത് മലവയിലിനെ തന്നെ രംഗത്തിറക്കി പരമാവധി വോട്ട് സമാഹരിക്കാനുള്ള ശ്രമത്തിലായിരുന്ന ബി.ജെ.പിക്ക് കഴിഞ്ഞതവണത്തേക്കാളും വോട്ട് വർധിപ്പിക്കാനായത് മാത്രമാണ് ആശ്വാസം. 2021ൽ കേരളത്തിൽ ഇടതു തരംഗമുണ്ടായപ്പോഴും എതിർ സ്ഥാനാർഥി എം.വി. ശ്രേയാംസ് കുമാറായിരുന്നിട്ടുപോലും കൽപറ്റക്കാർ യു.ഡി.എഫിനൊപ്പം നിന്ന് 70,252 വോട്ട് നൽകിയാണ് സിദ്ദീഖിനെ നിയമസഭയിലേക്ക് അയച്ചത്.
ഇത്തവണ ടി. സിദ്ദീഖിന്റെ അഞ്ചു വർഷത്തെ മണ്ഡലത്തിലെ പ്രവർത്തനങ്ങളും ഉരുൾ ദുരന്തമേഖലയിലെ അദ്ദേഹത്തിന്റെ നിറഞ്ഞ സാന്നിധ്യവും ഇടതു സർക്കാറിന്റെ ജനവിരുദ്ധ നയങ്ങളും വയനാടിന്റെ അവഗണനയുമെല്ലാമായിരുന്നു യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണ ആയുധം.
കൽപറ്റ മണ്ഡലത്തിൽനിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർ:
1970 പി. സിറിയക് ജോൺ - യു.ഡി.എഫ്
1977 കെ.ജി. അടിയോടി - യു.ഡി.എഫ്
1980 എം. കമലം - യു.ഡി.എഫ്
1982 എം. കമലം - യു.ഡി.എഫ്
1987 എം.പി. വീരേന്ദ്രകുമാർ - എൽ.ഡി.എഫ്
1991 കെ.കെ. രാമചന്ദ്രൻ - യു.ഡി.എഫ്
1996 കെ.കെ. രാമചന്ദ്രൻ - യു.ഡി.എഫ്
2001 കെ.കെ. രാമചന്ദ്രൻ - യു.ഡി.എഫ്
2006 എം.വി. ശ്രേയാംസ് കുമാർ - എൽ.ഡി.എഫ്
2011 എം.വി. ശ്രേയാംസ് കുമാർ - യു.ഡി.എഫ്
2016 സി.കെ. ശശീന്ദ്രൻ - എൽ.ഡി.എഫ്
2021 ടി. സിദ്ദീഖ് - യു.ഡി.എഫ്
2026 ടി. സിദ്ദീഖ് - യു.ഡി.എഫ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.