പാലത്തായി വിധിക്കെതിരെ കേരളം സുപ്രീംകോടതിയിൽ; പത്മരാജന്റെ ജാമ്യം റദ്ദാക്കി ജയിലിലടക്കണമെന്ന് ആവശ്യം

ന്യൂഡൽഹി: പ്രമാദമായ കണ്ണൂർ പാലത്തായി പീഡനക്കേസിൽ കുറ്റവാളിയെന്ന് വിചാരണ കോടതി വിധിച്ച അധ്യാപകൻ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം നൽകിയ ഹൈകോടതി വിധിക്കെതിരെ കേരളം സുപ്രീംകോടതിയിൽ. തെറ്റായ ഹൈകോടതി വിധി റദ്ദാക്കി, യു.പി സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കുറ്റവാളിയുടെ ശിക്ഷ പുനഃസ്ഥാപിക്കണമെന്നും ഇടക്കാല ഉത്തരവിലൂടെ ഹൈകോടതി വിധി സ്റ്റേ ചെയ്ത് ജാമ്യം റദ്ദാക്കി, വീണ്ടും പത്മരാജനെ ജയിലിലടക്കണമെന്നും കേരളത്തിന്റെ സ്റ്റാൻഡിങ് കോൺസൽ സയ്യിദ് മർസൂഖ് ബാഫഖി മുഖേന സമർപ്പിച്ച അപ്പീലിൽ ബോധിപ്പിച്ചു.

പാലത്തായി യു.പി സ്കൂളിൽ അധ്യാപകനായി ജോലി ചെയ്ത പ്രതി, അതേ സ്കൂളിൽ പഠിക്കുന്ന 10 വയസും ആറുമാസവും മാത്രം പ്രായമുള്ള പെൺകുട്ടിയുടെ നേർക്ക് ലൈംഗികാതിക്രമം നടത്തിയെന്നതാണ് പ്രോസിക്യൂഷൻ കേസ്. 2020 ജനുവരി 15നും അതിന് മുമ്പുള്ള ദിവസവും, ഇതിനുശേഷം ഫെബ്രുവരി രണ്ടിനും ഇയാൾ പെൺകുട്ടിയെ ശുചിമുറിയിൽ കൊണ്ടുപോയി ബലമായി പീഡിപ്പിച്ചു. കുട്ടിയുടെ കൈകൾ കെട്ടിവെക്കുകയും ശബ്ദമുണ്ടാക്കാതിരിക്കാൻ വായിൽ തുണി തിരുകുകയും ചെയ്തു.

കൊച്ചു പെൺകുട്ടിക്കെതിരെ വിശ്വസ്തതയും അധികാരവുമുള്ള സ്ഥാനത്തുള്ള, അവളുടെ അധ്യാപകൻ ചെയ്ത കുറ്റകൃത്യമാണ് ഇതെന്ന് അപ്പീലിൽ കേരള സർക്കാർ ബോധിപ്പിച്ചു. കുട്ടികളുടെ സുരക്ഷക്കും സമൂഹത്തിന്‍റെ കൂട്ടായ മനഃസാക്ഷിക്കും നേരെയുള്ള കടന്നാക്രമണമാണ് ഇത്തരം കുറ്റകൃത്യങ്ങൾ. അതിനാൽ കുറ്റക്കാരനെന്ന് കണ്ടെത്തി വിധിച്ച ശിക്ഷ റദ്ദാക്കുംമുമ്പ് അങ്ങേയറ്റം ജാഗ്രത പുലർത്തേണ്ടത് പ്രധാനമാണ്.

ഹൈകോടതിയുടെ സമീപനം ഭാരതീയ ന്യായ സംഹിത സെക്ഷൻ 430ന് കീഴിലെ അനുവദനീയ പരിഗണനാ വ്യാപ്തിക്ക് അപ്പുറമാണെന്ന് കേരള സർക്കാർ ബോധിപ്പിച്ചു. ഹൈകോടതി മുമ്പാകെ വന്ന ചോദ്യം പ്രതിഭാഗം എതിർപ്പുകൾ ഉന്നയിച്ചോ എന്നതല്ല, രേഖാമൂലമുള്ള വസ്തുതകൾ ബോധ്യപ്പെടുന്നതാണോ എന്നതും ജീവപര്യന്തം ശിക്ഷ റദ്ദാക്കാൻ ന്യായീകരണമുണ്ടോയെന്നതുമാണ്. ഈ കേസിൽ ശിക്ഷ റദ്ദാക്കിയതിൽ ഈ മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടില്ലെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Kerala approaches Supreme Court against Palathayi verdict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.