ശബരിമല അരവണ പ്രതിസന്ധി; തർക്കം തീർക്കാൻ തീവ്രശ്രമം, ദേവസ്വം പ്രസിഡന്‍റ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

തിരുവനന്തപുരം: ശബരിമല തീർഥാടന സീസണിനുള്ള മുന്നൊരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാനുള്ള സമയത്ത് ഉടലെടുത്ത അരവണ വിതരണത്തിലെ പ്രതിസന്ധിയെ ചൊല്ലിയുണ്ടായ തർക്കം പരിഹരിക്കാൻ തീവ്രശ്രമം തുടങ്ങി. പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ആവശ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിൽ തിരുവിതാംകൂർ ദേവസ്വം പ്രസിഡന്‍റ് കെ. ജയകുമാർ മന്ത്രി കെ. മുരളീധരനുമായി കൂടിക്കാഴ്ച നടത്തും.

അരവണ പ്രതിസന്ധി പരിഹരിക്കാൻ എടുത്ത നടപടികളും ബോർഡിന്‍റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകൾ പരിഹരിക്കാൻ സ്വീകരിച്ച നടപടികളും വിശദീകരിക്കും. ശബരിമല ഒരുക്കങ്ങളെക്കുറിച്ച് സർക്കാറിന് എല്ലാ ആഴ്ചയും ബോർഡ് പ്രോഗ്രസ് റിപ്പോർട്ട് നൽകും. തീർഥാടന സീസണിൽ മൂന്ന് ദിവസത്തിലൊരിക്കൽ പ്രോഗ്രസ് റിപ്പോർട്ട് സമർപ്പിക്കാനും ബോർഡ് യോഗം തീരുമാനിച്ചിട്ടുണ്ട്.

തിരുവിതാംകൂർ ദേവസ്വം ബോർഡിനെ നിലവിലെ സാഹചര്യത്തിൽ പിരിച്ചുവിടാൻ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുമ്പോഴും ദേവസ്വം മന്ത്രി കെ. മുരളീധരൻ കടുത്ത അതൃപ്തിയിലാണ്. ശബരിമലയിലെ നിലവിലെ സാഹചര്യത്തെ കുറിച്ച് സർക്കാർ എ.ഡി.എമ്മിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കടുത്ത നിലപാട് സ്വീകരിക്കേണ്ട വിഷയങ്ങളില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന മുന്നറിയിപ്പാണ് മന്ത്രി നൽകുന്നതും.

കഴിഞ്ഞദിവസം ശബരിമല വിഷയത്തില്‍ ഇടപെട്ട മുഖ്യമന്ത്രി കെ. മുരളീധരനെയും ജയകുമാറിനെയും പ്രത്യേകമായി കണ്ടിരുന്നു. മുഖ്യമന്ത്രി പ്രത്യേകിച്ച് നിർദ്ദേശമൊന്നും നൽകിയില്ലെന്നാണ് മന്ത്രി പറയുന്നത്. പക്ഷെ ഈ രീതിയിലാണെങ്കിൽ കാര്യങ്ങളെങ്കിൽ പ്രത്യേക ടീമിനെ വച്ച് ഉൽസവം നടത്തുന്നത് ആലോചിക്കുമെന്ന മുന്നറിയിപ്പാണ് മന്ത്രി നൽകുന്നത്. ശബരിമലയിലെ പ്രതിസന്ധിക്ക് കാരണം ബോർഡാണെന്ന നിലപാടും അദ്ദേഹം ആവർത്തിക്കുന്നു. എന്നാല്‍ മുഖ്യമന്ത്രി ദേവസ്വം ബോർഡില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.

പ്രശ്നങ്ങള്‍ സമവായത്തിലൂടെ പരിഹരിക്കണമെന്ന നിലപാടിലാണ് അദ്ദേഹം. കൂടുതല്‍ കടുപ്പിക്കാനില്ലെങ്കിലും പ്രതിസന്ധി പരിഹരിക്കാൻ നടപടികള്‍ വേണമെന്ന നിലപാടിൽ കെ മുരളീധരൻ ഉറച്ചുനിൽക്കുകയുമാണ്. മന്ത്രിയെ കണ്ട് കാര്യങ്ങൾ അറിയിക്കാൻ താൻ ബാധ്യസ്ഥ‌നാണെന്ന് കെ. ജയകുമാർ വ്യക്തമാക്കി. ഉണ്ടായത് ആശയ വിനിമയ പ്രശ്‌നം മാത്രമാണ്. കാര്യങ്ങൾ അറിയിക്കുന്നതിൽ ബോർഡിനും വീഴ്ച പറ്റിയെന്നും ആശയ വിനിമയ പ്രശ്നം പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Sabarimala Aravana Crisis: Intense Efforts to Resolve Dispute

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.