പ്രധാനമന്ത്രിയുടേത് കേരളത്തിലെ നേട്ടങ്ങളെ നുണ കൊണ്ട് മൂടാനുള്ള ശ്രമം; മോദിക്കും രാഹുലിനും ഒരേ സ്വരം -മറുപടിയുമായി മുഖ്യമന്ത്രി

കാഞ്ഞങ്ങാട്:  കേരളത്തിൽ അഴിമതിയാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ നേട്ടങ്ങളെ നുണകൊണ്ട് മൂടാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.  കേരളത്തെയും സംസ്ഥാനം നേടിയ പുരോഗതിയെയും നുണകൾ കൊണ്ട് മൂടാൻ പ്രധാനമന്ത്രിയും പ്രധാന പ്രതിപക്ഷ കക്ഷിയുടെ അഖിലേന്ത്യാ പ്രധാനിയും ഒരേ മനസ്സോടെ ശ്രമിക്കുന്ന വിചിത്ര പ്രതിഭാസമാണുണ്ടാകുന്നത്. കേരളത്തിനെതിരെ സംസാരിക്കുമ്പോൾ നരേന്ദ്ര മോദിക്കും രാഹുൽ ഗാന്ധിക്കും ഒരേ സ്വരമാണ്.

നീതി ആയോഗ് പുറത്തിറക്കിയ ആരോഗ്യ സൂചിക, നീതി ആയോഗിൻ്റെ സ്കൂൾ വിദ്യാഭ്യാസ ഗുണനിലവാര സൂചിക, നീതി ആയോഗിൻ്റെ സുസ്ഥിര വികസനസൂചിക,പൊതുകാര്യ സൂചിക എന്നിവയിൽ ഒന്നാം സ്ഥാനത്താണ് കേരളം. തുടർച്ചയായി ഈ നേട്ടങ്ങൾ നമ്മുടെ സംസ്ഥാനത്തിന് ലഭിക്കുന്നു. ആ നീതി ആയോഗിന്റെ എക്സ് ഒഫീഷ്യോ ചെയർമാനാണ് പ്രധാനമന്ത്രി. എന്നിട്ട് അദ്ദേഹം പറയുകയാണ്, കേരളം മോശമാണെന്ന്.

സാക്ഷരത (96%), ആയുർദൈർഘ്യം (75.2 വർഷം), ഉയർന്ന ആരോഗ്യ സൂചികകൾ, നവീകരിച്ച സാമൂഹിക സുരക്ഷ, മികച്ച ക്രമസമാധാന സംവിധാനം, അനുയോജ്യമായ ടൂറിസം ഇൻഫ്രാസ്ട്രക്ചർ എന്നിങ്ങനെ സാമൂഹിക അടിസ്ഥാന സൗകര്യങ്ങളാൽ കേരളം രാജ്യത്തിനാകെ മാതൃകയാണ്. കുടുംബശ്രീ സംരംഭം മുതൽ ആരോഗ്യമേഖലയിലെ പരിഷ്‌കാരങ്ങൾ, വിഖ്യാതമായ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതി, നവകേരള മിഷൻ തുടങ്ങി കേരളം മുൻകൈയെടുത്ത സംരംഭങ്ങൾ ദേശീയതലത്തിലും ആഗോള തലത്തിലും അനുകരിക്കപ്പെട്ടു.

ബിഹാറിനെപ്പോലെ അഴിമതിയാണ് കേരളത്തിൽ എന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ആരോപിച്ചു. ഒറ്റയടിക്ക് രണ്ടു സംസ്ഥാനങ്ങളെ അപമാനിക്കുകയാണദ്ദേഹം. ഇന്ത്യയിൽ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനം കേരളമാണെന്നത് വിഖ്യാതമാണ്. ഈ അംഗീകാരം കേരളത്തിന് നൽകിയത് സെന്റർ ഫോർ മീഡിയാ സ്റ്റഡീസും ട്രാൻസ്പെരൻസി ഇന്റർനാഷണലും ലോക്കൽ സർക്കിൾസും ചേർന്ന് നടത്തിയ ഇന്ത്യാ കറപ്‌ഷൻ സർവേ ആണ്. അതിനപ്പുറം എന്ത് ആധികാരിക റിപോർട്ട് വെച്ചാണ് പ്രധാനമന്ത്രി കേരളത്തെ അപമാനിക്കുന്നത്?

ബി.ജെ.പി നൽകുന്ന പരസ്യങ്ങളിലും കേരളത്തെക്കുറിച്ച് തെറ്റിധാരണ പരത്തുകയാണ്. സാമ്പത്തികമായി കേരളത്തിന്റെ കഴുത്തു ഞെരിക്കുന്നവർ തന്നെ അതിന്റെ പേരിൽ സംസ്ഥാനത്തിനെതിരെ ആക്ഷേപം ചൊരിയുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് ഒന്നും ലഭിക്കാനില്ല എന്ന തിരിച്ചറിവ് സൃഷ്ടിക്കുന്ന വെപ്രാളവും നിരാശയുമാണ് തെറ്റായ കാര്യങ്ങൾ പറയാൻ ബി.ജെ.പിക്കും പ്രധാനമന്ത്രിക്കും പ്രേരണയാകുന്നത്.

അതേ ദയനീയതയാണ് രാഹുൽ ഗാന്ധിയുടെയും പ്രശ്നം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അദ്ദേഹം കേരളത്തിൽ വന്ന് മത്സരിച്ചു. ആ ഘട്ടത്തിൽ ജനങ്ങളിൽ ചില തെറ്റിദ്ധാരണകൾ സൃഷ്ടിക്കാൻ കോൺഗ്രസിന് കഴിഞ്ഞു. ജനങ്ങൾക്ക് യഥാർഥ സ്ഥിതി പെട്ടെന്ന് തന്നെ തിരിച്ചറിയാനായി. അതുകൊണ്ട് തുടർന്ന് നടന്ന ഒരു തെരഞ്ഞെടുപ്പിലും കോൺഗ്രസ്സ് പച്ചപിടിച്ചില്ല. ഇപ്പോൾ അഞ്ചു വർഷത്തിന് ശേഷം അതേ വീഞ്ഞ് പുതിയ കുപ്പിയിൽ ഒഴിച്ച് വരികയാണ്. സ്വന്തം പാർട്ടിയുടെ നേതൃസ്ഥാനത്തു നിന്ന് നിർണായക ഘട്ടത്തിൽ ഒളിച്ചോടിയ നേതാവ്എന്ന പേരുദോഷം മാറ്റി രാജ്യത്തെ നയിക്കാൻ പ്രാപ്തനാണ് എന്ന് വിശ്വസിക്കാൻ തക്ക ബലമുള്ള നിലപാട് രാഹുലിൽ നിന്ന് ഉണ്ടായിട്ടില്ല എന്നതാണ് വിമർശനം. പ്രധാന എതിരാളിയെന്ന് അദ്ദേഹം അവകാശപ്പെടുന്ന നരേന്ദ്ര മോദിയെയും സംഘ്പരിവാറിനെയും നേരിട്ട് എതിർക്കാൻ ശ്രമിക്കുക പോലും ചെയ്യാതെ ഉത്തരേന്ത്യയിൽ നിന്ന് ഒളിച്ചോടി, വയനാട്ടിൽ രണ്ടാം തവണയും മത്സരത്തിനെത്തിയ രാഹുൽ ഗാന്ധിയിൽ നിന്ന് കൂടുതൽ എന്താണ് നാട് പ്രതീക്ഷിക്കേണ്ടതെന്നും മുഖ്യമന്ത്രി ചോദിച്ചു.

Tags:    
News Summary - keral CM replied to Prime minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.