കെ.ഇ.ആര്‍ ഭേദഗതി: ന്യൂ സ്കൂള്‍ അധ്യാപകര്‍ ആശങ്കയില്‍

തിരുവനന്തപുരം: 1979ന് ശേഷം നിലവില്‍ വന്ന എയ്ഡഡ് സ്കൂളുകളില്‍ (ന്യൂ സ്കൂള്‍) നിയമനം നേടിയ അധ്യാപകര്‍ക്ക്, നിയമനങ്ങളില്‍ നിയന്ത്രണം കൊണ്ടുവരാന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം തിരിച്ചടിയാകുന്നു. കേരള വിദ്യാഭ്യാസ ചട്ടത്തില്‍ ഭേദഗതി വരുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനമാണ് ന്യൂ സ്കൂളുകളില്‍ സമീപകാലത്ത് നിയമനം തേടിയവര്‍ക്ക് ഭീഷണിയായത്.

1979 മേയ് 22ന് ശേഷം പുതുതായി വന്നതോ അപ്ഗ്രേഡ് ചെയ്തതോ ആയ സ്കൂളുകളില്‍ ഭാവിയില്‍ വരുന്ന മുഴുവന്‍ ഒഴിവുകളിലേക്കും അധ്യാപക ബാങ്കില്‍നിന്ന് നിയമനം നടത്തണമെന്നാണ് വിജ്ഞാപനത്തിലെ ഒരു വ്യവസ്ഥ. വിജ്ഞാപനത്തിന് 2016 ജനുവരി 29 മുതല്‍ പ്രാബല്യമുള്ളതാണ് ഇവിടെ പുതുതായി നിയമനം നേടിയവര്‍ക്ക് വിനയായത്. 1979ന് ശേഷം നിലവില്‍ വന്നതോ അപ്ഗ്രേഡ് ചെയ്തതോ ആയ സ്കൂളുകളില്‍ ഭൂരിഭാഗവും വടക്കന്‍ ജില്ലകളിലാണ്. ഈ സ്കൂളുകളില്‍ കഴിഞ്ഞ അധ്യയന വര്‍ഷമുണ്ടായ വിരമിക്കല്‍, രാജി, മരണം എന്നിങ്ങനെയുള്ള ഒഴിവുകളിലേക്ക് കഴിഞ്ഞ ജൂണില്‍ മാനേജര്‍മാര്‍ നിയമനം നടത്തിയിട്ടുണ്ട്.

വടക്കന്‍ ജില്ലകളിലെ പല സ്കൂളുകളിലും കുട്ടികള്‍ വര്‍ധിച്ചുണ്ടായ അധിക തസ്തികകളിലേക്കും നിയമനം നടന്നിട്ടുണ്ട്. എന്നാല്‍ ഈ നിയമനങ്ങള്‍ക്ക് അംഗീകാരം ലഭിക്കുന്നതിന് തടസ്സമാകുന്നതാണ് സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം. ഈ സ്കൂളുകളില്‍ 2016 ജനുവരി 29ന് ശേഷമുണ്ടായ ഒഴിവുകളിലേക്കെല്ലാം അധ്യാപക ബാങ്കില്‍നിന്ന് മാത്രമേ നിയമനം നല്‍കാനാകൂ എന്നതാണ് കെ.ഇ.ആര്‍ ഭേദഗതി വരുത്തി പുറപ്പെടുവിച്ച വിജ്ഞാപനത്തിലെ വ്യവസ്ഥ.

1979ന് മുമ്പ് വന്ന സ്കൂളുകളിലുണ്ടാകുന്ന രണ്ട് അധിക തസ്തികകളില്‍ ഒന്നിലേക്ക് സര്‍ക്കാര്‍ അധ്യാപക ബാങ്കില്‍നിന്ന് നിയമനം നടത്തുമ്പോള്‍ മറ്റേതിലേക്ക് മാനേജര്‍ക്ക് നിയമനം നടത്താം. ഈ സ്കൂളുകളിലെ വിരമിക്കല്‍, രാജി, മരണം വഴിയുണ്ടാകുന്ന ഒഴിവുകളിലേക്കും മാനേജ്മെന്‍റിന് നിയമനം നടത്താവുന്നതാണ്.
തെക്കന്‍ കേരളത്തിലെ സ്കൂളുകളില്‍ അധികമുള്ള അധ്യാപകരെ വടക്കന്‍ കേരളത്തിലെ സ്കൂള്‍ മാനേജര്‍മാര്‍ ഏറ്റെടുക്കേണ്ട അവസ്ഥയാണിപ്പോള്‍.

ജില്ലകളില്‍ പുനര്‍വിന്യസിച്ചിട്ടും ബാക്കി വന്ന 200ല്‍ അധികം അധ്യാപകരെ ജില്ലക്ക് പുറത്തേക്ക് പുനര്‍വിന്യസിച്ചപ്പോള്‍ മലപ്പുറം ജില്ലയിലെ എയ്ഡഡ് സ്കൂളുകള്‍ മാത്രം ഏറ്റെടുക്കേണ്ടിവന്നത് 90ഓളം അധ്യാപകരെയാണ്. നിയമനങ്ങള്‍ പൂര്‍ണമായും സ്തംഭനത്തിലേക്ക് നീങ്ങിയാല്‍ സ്കൂളുകളുടെ നടത്തിപ്പ് സര്‍ക്കാറിനെ ഏല്‍പിക്കുമെന്ന നിലപാടിലാണ് ഒരു വിഭാഗം മാനേജര്‍മാര്‍.

Tags:    
News Summary - ker amenment: new school teachers are in fear

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.