കെനിയയിൽ ബസപകടത്തിൽ മരിച്ചവരുടെ മൃതദ്ദേഹം കൊച്ചിയിൽ എത്തിച്ചപ്പോൾ മന്ത്രി പി. രാജീവ് ആദരാഞ്ജലി അർപ്പിക്കുന്നു -ഫോട്ടോ രതീഷ് ഭാസ്കർ
നെടുമ്പാശ്ശേരി: കെനിയയിലുണ്ടായ ബസപകടത്തില്‍ മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു. മൂവാറ്റുപുഴ സ്വദേശിനി ജസ്ന (29), മകൾ റൂഹി മെഹ്റിൻ (ഒന്നര വയസ്), മാവേലിക്കര ചെറുകോൽ സ്വദേശിനി ഗീത ഷോജി ഐസക് (58), പാലക്കാട് മണ്ണൂർ സ്വദേശിനി റിയ ആൻ (41), മകൾ ടൈറ റോഡ്രിഗ്സ് (ഏഴ്) എന്നിവരുടെ മൃതദേഹങ്ങളാണ് എത്തിച്ചത്.
ഞായറാഴ്ച രാവിലെ 8.45ന് ഖത്തർ എയർവേയ്സ് വിമാനത്തിൽ എത്തിച്ച മൃതദേഹങ്ങൾ നോർക്ക റൂട്ട്സ് ഏറ്റുവാങ്ങി. മന്ത്രി പി. രാജീവ് ആദരാഞ്ജലി അർപ്പിച്ചു. വിമാനത്താവളത്തിൽ നിന്ന് മൃതദേഹങ്ങൾ വീടുകളിലേക്ക് കൊണ്ടു പോകും.
പാലക്കാട് മണ്ണൂർ സ്വദേശിനി റിയയുടെ ഭർത്താവ് ജോയലും മകനും വിമാനത്തിൽ നെടുമ്പാശ്ശേരിയിൽ എത്തിയിട്ടുണ്ട്. തോളിന് പരിക്കേറ്റ ജോയലിന് ശസ്ത്രക്രിയ നടത്തേണ്ടതിനാൽ പ്രത്യേക ആംബുലൻസിൽ പാലക്കാട്ടേക്ക് കൊണ്ടു പോയി. മണ്ണൂരിലെ പൊതുദർശനത്തിന് ശേഷം റിയയുടെ മൃതദേഹം കോയമ്പത്തൂരിലേക്ക് കൊണ്ടുപോകും. അവിടെയാണ് സംസ്കാര ചടങ്ങുകൾ നടക്കുക.
മൂവാറ്റുപുഴ സ്വദേശിനി ജസ്നയുടെ ഭർത്താവ് ഹനീഫും എത്തിയിട്ടുണ്ട്. മാവേലിക്കര ചെറുകോൽ സ്വദേശിനി ഗീത ഷോജി ഐസകിന്റെ സംസ്കാരം കൊച്ചി മാർത്തോമ പള്ളിയിൽ ചൊവ്വാഴ്ച നടക്കും.
കെനിയയിൽ നിന്ന് കൊണ്ടുവരുന്ന ഭൗതിക ശരീരങ്ങൾക്കും ഒപ്പമുള്ള ബന്ധുക്കൾക്കും ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിന് യെല്ലോ വാക്സിൻ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലിനെ തുടർന്ന് കേന്ദ്രസർക്കാർ പ്രത്യേക ഇളവ് അനുവദിച്ചിരുന്നു. കെനിയയിൽ നിന്ന് ഖത്തറിലേക്ക് വിമാനം പുറപ്പെടുന്നതിന് ഏതാനും മണിക്കൂർ മുമ്പ് മാത്രമാണ് യെല്ലോഫീവർ വാക്സിൻ സർട്ടിഫിക്കറ്റ് അനിവാര്യമാണെന്ന് ട്രാവൽ ഏജൻസി അധികൃതർ വ്യക്തമാക്കിയത്.
ഇതോടെ ഭൗതികശരീരങ്ങൾ നാട്ടിലെത്തിക്കുന്നത് വൈകുമെന്ന ആശങ്ക ഉയർന്നു. കെനിയയിലെ ലോക കേരള സഭാംഗങ്ങൾ അടിയന്തര ഇടപെടൽ തേടി നോർക്ക റൂട്ട്സിനെ വിവരം അറിയിച്ചു. ഉടൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രശ്നത്തിൽ ഇടപെട്ടു. നോർക്ക റൂട്ട്സും സംസ്ഥാന ആരോഗ്യ വകുപ്പും കേന്ദ്ര സർക്കാറുമായി അടിയന്തര ഇടപെടൽ നടത്തി. ഇതേതുടർന്ന് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന പ്രത്യേക സാഹചര്യം പരിഗണിച്ച് ഒഴിവാക്കി.
ജൂണ്‍ ഒമ്പതിനാണ് വിനോദ സഞ്ചാരത്തിനെത്തിയ 28 പേരടങ്ങുന്ന ഇന്ത്യൻ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് കെനിയയിൽ താഴ്ചയിലേക്ക് മറിഞ്ഞത്. ഖത്തറില്‍ നിന്ന് വിനോദ സഞ്ചാരത്തിനായി എത്തിയതായിരുന്നു സംഘം.
മൂവാറ്റുപുഴ: കെനിയയിൽ വാഹനാപകടത്തിൽ മരിച്ച മൂവാറ്റുപുഴ സ്വദേശിനി ജസ്നക്കും കുരുന്നു മകൾ റൂഹി മെഹ്റിനും കണ്ണീരോടെ വിട നൽകി നാട്. ഇരുവരെയും അവസാനമായി ഒരു നോക്ക് കാണാൻ നൂറുകണക്കിനാളുകളാണ് കുറ്റിക്കാട്ടുചാലിൽ വീട്ടിലേക്കും പേഴയ്ക്കാപ്പിള്ളി സെൻട്രൽ ജുമാ മസ്ജിദിലേക്കും ഒഴുകി എത്തിയത്. രാവിലെ മുതൽ ഇവരുടെ വീടു നിറയെ ആളുകളായിരുന്നു. അപകടത്തിൽ പരിക്കേറ്റ ജസ്നയുടെ ഭർത്താവ് മുഹമ്മദ് ഹനീഫയും മൃതദേഹത്തിനൊപ്പം എത്തിയിരുന്നു. ഭാര്യയും പിഞ്ചു കുഞ്ഞും നഷ്ടപ്പെട്ട്, ഉള്ളു തകർന്നുള്ള ഹനീഫ കണ്ടുനിന്നവരുടെയും കണ്ണുകളെ ഈറനണിയിച്ചു.
നെടുമ്പാശ്ശേരിയിൽനിന്ന് നെല്ലിക്കുഴി പീസ് വാലിയിൽ എത്തിച്ച് കഫൻ ചെയ്ത ശേഷം 12.15 ഓടെ മൃതദേഹം വീട്ടിലെത്തിച്ചു. മാതാപിതാക്കൾക്കും അടുത്ത ബന്ധുക്കളായ സ്ത്രീകൾക്കും മാത്രം കാണാൻ അവസരം ഒരുക്കി. തുടർന്ന് പ്രാർഥനക്ക് ശേഷം 12.30 ഓടെ പള്ളിയിലേക്ക് കൊണ്ടു പോകുകയായിരുന്നു. വൻ ജനാവലിയുടെ സാന്നിധ്യത്തിലാണ് പേഴയ്ക്കാപ്പിള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കിയത്.
പത്തിരിപ്പാല (പാലക്കാട്): കെനിയയിൽ വാഹനാപകടത്തിൽ മരിച്ച മണ്ണൂർ സ്വദേശിനി റിയക്കും മകൾ ടൈറക്കും ജന്മനാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ഞായറാഴ്ച രാവിലെ 9.30 ഓടെ നെടുമ്പാശ്ശേരിയിലെത്തിയ മൃതദേഹങ്ങൾ മന്ത്രി പി. രാജീവാണ് ഏറ്റുവാങ്ങിയത്. എംബാം ചെയ്യാൻ ആലുവയിലെ ആശുപത്രിയിലെത്തിച്ച ശേഷം ഉച്ചക്ക് 2.45 ഓടെയാണ് വീട്ടിലെത്തിച്ചത്. ഒരു മണിക്കൂർ പൊതുദർശനത്തിന് വെച്ചു. വൈകീട്ട് ആറോടെ പോത്തനൂർ സെന്റ് ജോസഫ്സ് സെമിത്തേരിയിൽ സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.