തിരുവനന്തപുരം: ആർ.എസ്.എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പ്രഭാഷണ സഭയിൽ കേരളത്തിലെ മൂന്ന് വൈസ് ചാൻസലർമാർ പങ്കെടുത്തതിനെ വിമർശിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി. ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെ ഒറ്റുകൊടുക്കുകയും മതനിരപേക്ഷ ബോധ്യങ്ങളെ ബലികഴിക്കുകയും ചെയ്ത ആർ.എസ്.എസ് ചിന്ത തലച്ചോറിൽ പേറുന്നവർ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കാൻ ഒരു കണിക കൊണ്ടുപോലും യോഗ്യരല്ല. പജവി രാജിവെച്ച് ഗവർണറുടെ സംരക്ഷണയിൽ നിന്ന് ആർ.എസ്.എസ് മേധാവിയുടെ തണലിലേക്ക് ചേക്കേറുകയാണ് മൂവർക്കും നല്ലതെന്നും കെ.സി പറഞ്ഞു.
ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭാഗവത് സംസാരിച്ച ചടങ്ങിൽ പങ്കെടുത്ത വി.സിമാർ പ്രബുദ്ധ കേരളത്തിന് അപമാനമാണ്. മൂവരും അടിയന്തരമായി കപടതയുടെ അക്കാദമിക് കുപ്പായം അഴിച്ചുവെച്ച്, ഗണവേഷം കെട്ടി കുറുവടിയും കൊണ്ട് ആർഎസ്എസ് ശാഖകളിൽ ഗണഗീതം പാടി ശിഷ്ടകാലം ജീവിക്കുകയാണ് വേണ്ടതെന്നും വേണുഗോപാൽ വിമർശിച്ചു.
മോഹൻ ഭാഗവതിന് മുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കുക എന്നതല്ല -സർവകലാശാലകളുടെ തലപ്പത്തിരിക്കാനുള്ള യോഗ്യത. മികച്ച അക്കാദമിക് പാരമ്പര്യവും മതനിരപേക്ഷ ബോധവും ജനാധിപത്യ വിശ്വാസവും ഭരണഘടനയോടുള്ള കൂറുമാണ് അതിന്റെ ആധാരശില എന്ന് ഇവർ ഓർക്കണം. ആർഎസ്എസിന് കുഴലൂതുന്ന ഒരു സംസ്കാരത്തെ വളരാനോ വളർത്താനോ ഈ നാട് അനുവദിക്കില്ല. എന്ത് വില കൊടുത്തും സംരക്ഷിക്കേണ്ടുന്ന ഭരണഘടനാ മൂല്യങ്ങളാണ് ഈ നാട് ഉള്ളിൽപ്പേറുന്നതെന്നും അല്ലാതെ, വിഭജനത്തിന്റെ ബ്രിട്ടീഷ് പാരമ്പര്യമുള്ള കപട രാജ്യസ്നേഹികളുടെ ചോരയല്ലെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.
സർസംഘചാലക് മോഹൻ ഭാഗവത് പങ്കെടുത്ത പ്രഭാഷണ സഭയിൽ കേരളത്തിലെ മൂന്ന് സർവകലാശാലാ വൈസ് ചാൻസലർമാർ പങ്കെടുത്തത് അതീവ ഗൗരവതരവും ഗുരുതരമായ വീഴ്ചയുമാണെന്ന് മുഖ‍്യമന്ത്രി വി.ഡി. സതീശനും പറഞ്ഞിരുന്നു. കേരളത്തിന്‍റെ ഉന്നത വിദ്യാഭ്യാസ പാരമ്പര്യത്തിനും വി.സി പദവിയുടെ അന്തസിനും നിരക്കാത്ത നടപടിയാണിതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
കേരളീയ പൊതുസമൂഹം വലിയ ആദരവോടെയാണ് വൈസ് ചാൻസലർ പദവിയെ കാണുന്നത്. എന്നാൽ, ആ പാരമ്പര്യത്തെയും അന്തസിനെയും പൂർണ്ണമായി കളങ്കപ്പെടുത്തുന്ന രീതിയിലാണ് തീവ്ര വർഗീയത പ്രസംഗിക്കുന്ന ആർ.എസ്.എസ് നേതാവിന്‍റെ പരിപാടിയിൽ ഇവർ മുഖ്യാതിഥികളായി പങ്കെടുത്തത്. വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം നടപടികൾ ആരുടെ ഭാഗത്തുനിന്നുണ്ടായാലും അംഗീകരിക്കാനാവില്ലെന്നും അത് വച്ചുപൊറുപ്പിക്കില്ലെന്നും മുഖ‍്യ മന്ത്രി മുന്നറിയിപ്പ് നൽകി.
ഉന്നത വിദ്യാഭ്യാസ രംഗത്തെ കാവിവൽക്കരിക്കാനുള്ള നീക്കങ്ങൾക്ക് കുടപിടിക്കുന്ന രീതിയിൽ ആർ.എസ്.എസ് വേദി പങ്കിട്ട മൂന്ന് വൈസ് ചാൻസലർമാരും കേരളത്തിലെ പ്രബുദ്ധ ജനതയോട് മാപ്പ് പറയാൻ തയ്യാറാകണമെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.