'കൊട്ടാരക്കര ബസ് സ്റ്റാൻഡിനകത്തല്ലേ മദ്യശാല ഇരിക്കുന്നേ? അതിലാർക്കും കുഴപ്പമില്ലല്ലോ' -ഗണേഷ് കുമാർ

കൊല്ലം: സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ കോംപ്ലക്സുകളിൽ ബിവറേജസ് കോർപറേഷന്‍റെ ഒൗട്ട്ലറ്റുകൾ തുറക്കാനുള്ള സർക്കാർ നീക്കത്തെ ന്യായീകരിച്ച് മുൻ ഗതാഗത മന്ത്രിയും പത്തനാപുരം എം.എൽ.എയുമായ കെ.ബി. ഗണേഷ് കുമാർ. കൊട്ടാരക്കര ബസ് സ്റ്റാൻഡിനകത്തല്ലേ ഇപ്പോൾ മദ്യശാലയുള്ളത്. അതിൽ ഒരു കുഴപ്പവുമില്ലല്ലോ. കെ.എസ്.ആർ.ടി.സിക്ക് എങ്ങനെയെങ്കിലും ടിക്കറ്റിതര വരുമാനം കണ്ടെത്താൻ ശ്രമിക്കുമ്പോൾ അതിനെ തടയുന്നത് ശരിയല്ലെന്നും ഗണേഷ് കുമാർ പറഞ്ഞു.

കൊട്ടാരക്കര സ്വകാര്യ ബസ് സ്റ്റാൻഡിനകത്താണ് ബിവറേജസ് ഔട്ട്ലറ്റ്. അതിന് ചേർന്നാണ് കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്. അവിടുന്ന് നടന്നുകയറാം. ഈ പറയുന്ന ആപത്തൊന്നും അവിടെ സംഭവിച്ചില്ലല്ലോ. സ്വകാര്യ കെട്ടിടത്തിന് വാടക ലഭിക്കുമ്പോൾ ആർക്കും പരാതിയില്ല, കെ.എസ്.ആർ.ടി.സിക്ക് ലഭിക്കുമ്പോഴാണ് പ്രശ്നം. കെ.എസ്.ആർ.ടി.സിക്ക് പത്തുകാശ് എവിടെ നിന്നെങ്കിലും കിട്ടിയാൽ ഈ ഗ്രാമപ്രദേശങ്ങളിലൂടെ ബസ് ഓടിക്കിട്ടും -ഗണേഷ് കുമാർ പ്രാദേശിക വാർത്താ ചാനലിനോട് പറഞ്ഞു.

ലോകത്തെ വിമാനത്താവളങ്ങളിലെല്ലാം മദ്യശാലകളില്ലേ. നെടുമ്പാശേരിയിൽ മദ്യശാല ഇല്ലേ. അബൂദബി, ദുബൈ പോലുള്ള ഗൾഫ് നാടുകളിൽ പോയാൽ മിക്കവാറും എല്ലാ ഹോട്ടലുകളിലും റസ്റ്ററന്‍റുകളിലും മദ്യശാലയുണ്ട്. അവിടെയുള്ളവരെല്ലാം മദ്യപിച്ച് തലകുത്തിക്കിടക്കുകയാണോ. അല്ലല്ലോ.

മദ്യപിക്കൽ അവനവന്‍റെ സ്വാതന്ത്ര്യമാണ്. ഇഷ്ടമുള്ളവന് കഴിക്കാം. അവനവന്‍റെ വയറ്റിൽ കിടക്കണമെന്ന് മാത്രം. മദ്യപിക്കുന്നവരെല്ലാം മോശക്കാരാണെന്ന ധാരണ തനിക്കില്ല. മദ്യപിക്കുന്നവർക്ക് മദ്യപിക്കാം വേണ്ടാത്തവർക്ക് മദ്യപിക്കാതിരിക്കാം. ഇറച്ചി കഴിക്കുന്നവർക്ക് ഇറച്ചി കഴിക്കാം അല്ലാത്തവർക്ക് വെജിറ്റേറിയൻ കഴിക്കാം. ഇതാണ് തന്‍റെ കാഴ്ചപ്പാടെന്നും ഗണേഷ് കുമാർ പറഞ്ഞു.  

Tags:    
News Summary - KB Ganesh kumar justifies government move to sell liquor through ksrtc

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.