അറസ്റ്റിലായ രാഹുൽ

റെയിൽവേ ട്രാക്കിലെ വടിവാൾ ആക്രമണം; മൂന്നാമനും പിടിയിൽ

കായംകുളം: പൊലീസിനെ സഹായിച്ചതിന്‍റെ പേരിൽ യുവാവിനെ തട്ടികൊണ്ടുപോയി റെയിൽവേ പാളത്തിലിട്ട് വെട്ടി കൊല്ലാൻ ശ്രമിച്ച കേസിൽ മൂന്നാം പ്രതിയും അറസ്റ്റിൽ. കൃഷ്ണപുരം അജന്താ ജംഗ്ഷന് കിഴക്ക് വശം രേഷ്മ ഭവനത്തിൽ രാഹുലാണ് (22) അറസ്റ്റിലായത്. കൃഷ്ണപുരം കാപ്പിൽ കിഴക്ക് പ്രസാദ് ഭവനത്തിൽ അരുൺ പ്രസാദിനെ (26) അക്രമിച്ച കേസിലാണ് പിടിയിലായത്.

കഴിഞ്ഞ 16 ന് ഉച്ചക്ക് ഒരു മണിയോടെ കൃഷ്ണപുരം ആക്കനാട് കോളനിക്ക് സമീപത്തെ ഗ്രൗണ്ടിലും വടക്കുവശമുള്ള റെയിൽവേ ട്രാക്കിനരികിലാണ് സംഭവം. സംഘർഷ സ്ഥലത്ത് നിന്നും കിട്ടിയ ഗുണ്ടാ തലവന്റെ ഫോൺ പൊലീസിന് കൈമാറിയ യുവാവിനെയാണ് അതി ക്രൂരമായി ആക്രമിച്ചത്. ഇതുമായി ബന്ധപ്പെട്ട് കുപ്രസിദ്ധ ഗുണ്ടകളായ ഒന്നാം പ്രതി കൃഷ്ണപുരം ഞക്കനാൽ അനൂപ് ഭവനത്തിൽ അനൂപ് ശങ്കർ (28), രണ്ടാം പ്രതിയായ സഹോദരൻ അഭിമന്യു (സാഗർ 24), നാലാം പ്രതിയായ പത്തിയൂർ എരുവ പുല്ലംപ്ലാവിൽ ചെമ്പക നിവാസിൽ അമൽ (ചിന്തു 24) എന്നിവർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.

അരുണിനെ തട്ടികൊണ്ടുവന്ന സംഘം വടിവാൾ മുനയിൽ നിർത്തി ഏറെനേരം ചോദ്യം ചെയ്യുകയും മാരകമായി മർദിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി മറ്റുള്ളവർക്ക് അയച്ചു കൊടുത്തത് രാഹുലായിരുന്നു. അരുണിന്‍റെ ഫോണും വാച്ചും സംഘം കവർന്നിരുന്നു. നിരവധി കേസുകളിൽ പ്രതിയായ അനൂപും സഹോദരൻ അഭിമന്യുവും കാപ്പാ നിയമപ്രകാരം ജയിലിൽ കിടന്നവരാണ്. കാപ്പ നിയമപ്രകാരം നാടു കടത്തിയിട്ടുള്ള അമൽ നിരോധനം ലംഘിച്ചാണ് ജില്ലയിൽ പ്രവേശിച്ചത്. അതേ സമയം ജില്ലയുടെ തെക്കേ അതിർത്തി കേന്ദ്രീകരിച്ചിട്ടുള്ള സംഘം ഓച്ചിറയും പരിസരവും താവളമാക്കിയാണ് കാപ്പ നിയമത്തെ മറികടക്കുന്നത്. ഓച്ചിറയിൽ നിന്ന് തുടങ്ങിയ സംഘർഷം 50 മീറ്റർ ദൂരത്തേക്ക് മാറിയതാണ് കായംകുളം പൊലീസിന് ഇടപെടേണ്ടി വന്നതെന്നതാണ് ശ്രദ്ധേയം.

Tags:    
News Summary - Kayamkulam Railway Track Attack; The third suspect is also under arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.