കതിരൂര്‍ മനോജ് വധക്കേസ് എറണാകുളം സി.ബി.ഐ കോടതിയിലേക്ക്

ന്യൂഡല്‍ഹി: ആര്‍.എസ്.എസ് കണ്ണൂര്‍ ശാരീരിക് ശിക്ഷക് പ്രമുഖ് കതിരൂര്‍ മനോജ് വധക്കേസ് വിചാരണ തലശ്ശേരി സെഷന്‍സ് കോടതിയില്‍നിന്ന് എറണാകുളം സി.ബി.ഐ കോടതിയിലേക്ക് മാറ്റാന്‍ സുപ്രീംകോടതി ഉത്തരവിട്ടു.

വിചാരണ തലശ്ശേരിയില്‍ നിലനിര്‍ത്തണമെന്ന പ്രതികളുടെയും സംസ്ഥാന സര്‍ക്കാറിന്‍െറയും വാദം തള്ളിയാണ് സി.ബി.ഐ ആവശ്യം അംഗീകരിച്ച സുപ്രീംകോടതി വിധി. സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടറി പി. ജയരാജന്‍ ഉള്‍പ്പെടെ പ്രതികള്‍ അടുത്തമാസം 10ന് എറണാകുളം സി.ബി.ഐ കോടതി മുമ്പാകെ ഹാജരാകണം. വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന ആര്‍.എസ്.എസിന്‍െറ ഹരജി ആവശ്യമായ ഭേദഗതികളോടെ സമര്‍പ്പിച്ചാല്‍ പരിഗണിക്കാമെന്നും സുപ്രീംകോടതി കൂട്ടിച്ചേര്‍ത്തു.

കതിരൂര്‍ മനോജ് വധക്കേസ് വിചാരണ തലശ്ശേരി സെഷന്‍സ് കോടതിയില്‍നിന്ന് എറണാകുളം സി.ബി.ഐ കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സി.ബി.ഐയാണ് സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്. സി.ബി.ഐ അന്വേഷിച്ച കേസുകളില്‍ വിചാരണ സി.ബി.ഐയുടെ പ്രത്യേക കോടതിയില്‍തന്നെ ആയിരിക്കണം എന്ന് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മത്തേ വാദിച്ചു.

എന്നാല്‍, ക്രിമിനല്‍ നടപടി ചട്ടപ്രകാരം വിചാരണ നടക്കേണ്ടത് തലശ്ശേരി സെഷന്‍സ് കോടതിയിലാണെന്നായിരുന്നു കേസിലെ ഒന്നാം പ്രതി പ്രകാശനുവേണ്ടി ഹാജരായ സിദ്ധാര്‍ഥ ലൂത്റയുടെ വാദം. സംസ്ഥാന സര്‍ക്കാറിനുവേണ്ടി ഹാജരായ അഡ്വ.സി.യു. സിങ്ങും ഈ നിലപാടിനെ പിന്തുണച്ചു. അഴിമതി നിരോധന നിയമപ്രകാരമുള്ള കേസുകളിലും മറ്റുമാണ് സി.ബി.ഐ പ്രത്യേക കോടതിയില്‍ വിചാരണ വേണ്ടതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ തുടര്‍ന്നു.

യു.എ.പി.എ, എന്‍.ഐ.എ നിയമങ്ങള്‍ പ്രകാരം വിചാരണ നടക്കേണ്ടത് തലശ്ശേരിയിലാണെന്നും സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍, വിചാരണ നടക്കേണ്ടത് സി.ബി.ഐ പ്രത്യേക കോടതിയിലാണെന്ന് ജസ്റ്റിസ് എ.കെ. ഗോയല്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. തുടര്‍ന്ന് കേസിന്‍െറ വിചാരണ സി.ബി.ഐ കോടതിയായ എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റാന്‍ ബെഞ്ച് ഉത്തരവിടുകയായിരുന്നു. സുപ്രീംകോടതിയുടെ പുതിയ ഉത്തരവ് വന്ന സാഹചര്യത്തില്‍ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി ആര്‍.എസ്.എസ് നേതാവ് പി. ശശിധരന്‍ പിന്‍വലിച്ചു. പുതിയ ഉത്തരവിന്‍െറ അടിസ്ഥാനത്തില്‍ മാറ്റങ്ങള്‍ വരുത്തി ഹരജി വീണ്ടും സമര്‍പ്പിക്കാമെന്നും ആര്‍.എസ്.എസ് നേതാവിനോട് സുപ്രീംകോടതി പറഞ്ഞു.

 

Tags:    
News Summary - kathiroor manoj murder case to ernakulam cbi court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.