കതിരൂർ മനോജ്​ വധം: ജയിൽ മാറ്റണമെന്ന  ഹരജി 26ന്​ പരിഗണിക്കും

കൊച്ചി: കണ്ണൂർ കതിരൂരില്‍ ആർ.എസ്.എസ് നേതാവ് കെ. മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ എറണാകുളം ജില്ല ജയിലിൽ കഴിയുന്ന പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ഏപ്രിൽ 26ന് വാദം കേൾക്കാൻ മാറ്റി. ജയിലിൽ കഴിയുന്ന 14 പ്രതികളെ മാറ്റണമെന്നാവശ്യപ്പെട്ട് അവർ നൽകിയ ഹരജിയാണ് എറണാകുളം പ്രത്യേക സി.ബി.െഎ കോടതിയുടെ പരിഗണനയിലുള്ളത്. നേരത്തേ പാർപ്പിച്ചിരുന്ന കണ്ണൂർ ജില്ല ജയിലിലേക്ക് മാറ്റണമെന്നാണ് ഇവരുടെ ആവശ്യം. എന്നാൽ, ഇവരെ വിചാരണക്ക് കണ്ണൂരിൽനിന്ന് കൊച്ചിയിലെത്തിക്കുക അപ്രായോഗികമാണെന്ന നിലപാടിലാണ് സി.ബി.െഎ. ജയിലിൽ കഴിയുന്നവരടക്കം കേസിലെ 19 പേർ കഴിഞ്ഞ പത്തിന് കോടതിയിൽ ഹാജരായിരുന്നു. സുപ്രീംകോടതി നിർദേശപ്രകാരം മുഴുവൻ കേസ് രേഖകളും തലേശ്ശരി സെഷൻസ് കോടതിയിൽനിന്ന് സി.ബി.െഎ കോടതിയിലേക്ക് മാറ്റിയതിനെത്തുടർന്നാണ് പ്രതികളെയും എറണാകുളത്തേക്ക് മാറ്റിയത്.  

2014 സെപ്റ്റംബര്‍ ഒന്നിനാണ് ആര്‍.എസ്.എസ് ജില്ല ശാരീരിക് ശിക്ഷക് കിഴക്കേ കതിരൂരിലെ ഇളന്തോട്ടത്തില്‍ കെ. മനോജ്കുമാറും (42) സുഹൃത്ത് പ്രമോദും ആക്രമിക്കപ്പെട്ടത്. ബോംബെറിഞ്ഞശേഷം നടന്ന ആക്രമണത്തില്‍ മനോജ് കൊല്ലപ്പെടുകയും പ്രമോദിന് മാരക പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കേസില്‍ സി.പി.എം നേതാവ് പി. ജയരാജനടക്കം ആറുപേര്‍ക്കെതിരെ സി.ബി.ഐയുടെ തുടരന്വേഷണം പുരോഗമിക്കുകയാണ്.
Tags:    
News Summary - kathiroor manoj case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.