മുടി വരുമോ... മുടിയാത്​; പരിഭവങ്ങളും അനുഭവങ്ങളുമായി കഷണ്ടിക്കാരുടെ സംഗമം

മലപ്പുറം: ‘ദൈവം മനുഷ്യനെ സൃഷ്​ടിച്ചപ്പോൾ ബുദ്ധിയുള്ള തലകൾ മുടിവെച്ച്​ മറച്ചില്ല...’ കഷണ്ടിക്കാരായവർ വെറുതെ പറയുന്നതല്ല. ചൂണ്ടിക്കാണിക്കാൻ പ്രമുഖർ ധാരാളമുണ്ട്​. ഗാന്ധിജി, മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്​, നടന്മാരായ രജനീകാന്ത്്​്​, ഫഹദ്​ ഫാസിൽ... ​പട്ടിക അങ്ങനെ നീളുന്നു. പ്രമുഖരല്ലെങ്കിലും കഷണ്ടിയെ സ്​നേഹിക്കുന്ന നൂറോളം പേ ർ ഞായറാഴ്​ച​ മലപ്പുറത്ത്​ ഒത്തൊരുമിച്ചു​. സന്തോഷങ്ങളും ആവലാതികളും വിഷമങ്ങളും പങ്കുവെച്ചു.

കഷണ്ടി ഒരു വൈകല്യമോ ശാരീരിക പോരായ്​മയോ അല്ലെന്ന്​ എത്ര പറഞ്ഞാലും അപകർഷബോധം അറിയാതെ തികട്ടിവരുമെന്ന്​ ചിലർ. വില്ലനായും ഗുണ്ടയായും സിനിമകളിൽ ചിത്രീകരിച്ച്​ നെഗറ്റിവ്​ ഇമേജ്​ സൃഷ്​ടിച്ചെന്ന്​ മറ്റു ചിലർക്ക്​ പരാതി. വിവാഹം മുടങ്ങാനും കഷണ്ടി വില്ലനായി. ദൈവം സമ്മാനിച്ച നല്ല തലയെ വിഗ്​ വെച്ച്​ മറയ്​ക്കാൻ നോക്കിയാൽ ചൂഷകരും രംഗത്ത്​ സജീവം. 25,000 മുതൽ ലക്ഷങ്ങളാണ്​ ഈടാക്കുന്നത്​. മുടി കിളിർക്കാൻ മരുന്നുകൾക്കാണെങ്കിൽ ചെലവഴിക്കുന്നത്​ മാസം 500 മുതൽ 5000 വരെ. ഇന്ന്​ വരും നാളെ വരുമെന്ന വാഗ്​ദാനം മാത്രം. വെളുക്കുന്നതോ​ കമ്പനികളുടെ പോക്കറ്റുകൾ.

പരാതികൾക്കും പരിഭവങ്ങൾക്കും ഇനി മാർഗം ഒന്നുമാത്രം. കിട്ടിയ വരദാനത്തെ അഭിമാനമായി കൊണ്ടുനടക്കുക. യുവാക്കളിൽ ആത്മവിശ്വാസം വളർത്താനും അപകർഷബോധം ഇല്ലാതാക്കാനുമാണ്​​ കഷണ്ടിക്കാർ സംഗമിച്ചത്​. പരിഹസിക്കുന്നവരോടും കുറ്റപ്പെടുത്തുന്നവരോടും കൂട്ടായ്​മക്ക്​ പറയാനുള്ളത്​ ഒന്നുമാത്രം, ‘ഞങ്ങൾക്ക്​ അൽപം മുടിയേ പോയിട്ടുള്ളൂ... മനസ്സ്​ നരച്ചിട്ടില്ല’. സംസ്ഥാന സമിതി രൂപവത്​കരിച്ച്​ സംഗമം നടത്താനും കൊച്ചിയിൽ 1000 പേരെ ഉൾപ്പെടുത്തി കൂട്ടയോട്ടം സംഘടിപ്പിക്കാനും തീരുമാനിച്ചു. എം.ആർ ഗ്രൂപ്​ ചെയർമാൻ ടി.വി. മുസ്​തഫ ഉദ്​ഘാടനം ചെയ്​തു. ട്രെയിനർ ബഷീർ മാസ്​റ്റർ, സമിതി ചെയർമാൻ മുനീർ ബുഖാരി, കൺവീനർ എൻ.പി. റഷീദ്​, ട്രഷറർ ഷക്കീർ വേങ്ങര എന്നിവർ സംസാരിച്ചു.

Tags:    
News Summary - kashandi sangamam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-26 02:35 GMT