തിരുവനന്തപുരം: കാസർകോട് മുതൽ തിരുവനന്തപുരം കഴക്കൂട്ടം വരെയുള്ള (എൻ.എച്ച് 66) 4/6 വരി ദേശീയപാത നിർമാണം ഈ സർക്കാറിെൻറ കാലത്ത് പൂർത്തീകരിക്കാനുള്ള പ്രവർത്തന കലണ്ടർ തയാറാക്കുമെന്ന് സംസ്ഥാന സർക്കാറിെൻറ പൊതുമരാമത്ത് നയം. മണ്ണുത്തി-വടക്കഞ്ചേരി റോഡുൾപ്പെടെ നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കും.
തിരുവനന്തപുരം-കാസർകോട് (1267 കിലോമീറ്റർ) മലയോര ഹൈവേയും കാസർകോട്-തിരുവനന്തപുരം (656 കിലോമീറ്റർ) തീരദേശ ഹൈവേയും പൂർത്തീകരിക്കും. ഇക്കാര്യങ്ങളുൾപ്പെടെ പ്രതിപാദിക്കുന്ന പൊതുമരാമത്ത് നയം മന്ത്രിസഭ അംഗീകരിച്ചു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിലെ സിറ്റി റോഡ് ഇംപ്രൂവ്മെൻറ് പദ്ധതികൾ ഘട്ടംഘട്ടമായി ഏറ്റെടുക്കും. ശബരിമല റോഡുകൾ മെച്ചപ്പെടുത്തി ഏഴ് വർഷ മെയിൻറനൻസ് കരാർ ഏർപ്പെടുത്തും. റോഡുകളിൽ സൈൻ ബോർഡ്, സിഗ്നലുകൾ, ലൈറ്റുകൾ, ക്രാഷ് ബാരിയേർസ്, റിഫ്ലക്ടേഴ്സ് എന്നിവ സ്ഥാപിക്കും. പാരിസ്ഥിതികാഘാതം കുറക്കുന്ന തരത്തിലുള്ള റോഡ് നയം രൂപവത്കരിക്കും.
മഴയെ അതിജീവിക്കുംവിധം റോഡ് സംവിധാനങ്ങൾ രൂപപ്പെടുത്തും. സ്വാഭാവിക റബർ, ഉപയോഗശൂന്യമായ പ്ലാസ്റ്റിക്, കയർ ഭൂവസ്ത്രം എന്നിവ ഉപയോഗിച്ചുള്ള റോഡ് നിർമാണത്തിന് പ്രാമുഖ്യംനൽകും. പ്രവൃത്തികളിലെ അഴിമതിയില്ലാതാക്കാനും ഗുണമേന്മ ഉറപ്പാക്കാനും നടപടിയെടുക്കും. ക്വാളിറ്റി കൺട്രോൾ വിഭാഗത്തെ ശക്തിപ്പെടുത്തും.
പ്രവൃത്തികൾ നടക്കുമ്പോൾ തന്നെ ലാബ് ടെസ്റ്റ് ഉൾപ്പെടെ നടത്താനുള്ള സംവിധാനം ഒരുക്കും. റോഡുകളുടെയും പാലങ്ങളുടെയും വിവരം ശേഖരിച്ച് തരംതിരിക്കും. കേടുപാടുകളുള്ളതും പുനർനിർമിക്കേണ്ടതുമായ പാലങ്ങൾ ഘട്ടംഘട്ടമായി ഏറ്റെടുക്കും. മരാമത്ത് പ്രവൃത്തികൾക്ക് സോഷ്യൽ ഓഡിറ്റ് നിർബന്ധമാക്കും - നയം വ്യക്തമാക്കുന്നു.
വ്യവസ്ഥകളായി
• ടോൾ നിരുത്സാഹപ്പെടുത്തും
• പാട്ടത്തിന് നൽകിയ മൂന്നാർ, ആലുവ െറസ്റ്റ് ഹൗസുകൾ ഏറ്റെടുക്കും. കുറ്റാലം പാലസിെൻറ നിലവാരം ഉയർത്തും.
• വകുപ്പിനുകീഴിലെ അധികഭൂമി തിട്ടപ്പെടുത്തി, അവിടെ പാർക്കിങ് ഏരിയ, ശൗചാലയങ്ങൾ, വിശ്രമ കേന്ദ്രങ്ങൾ തുടങ്ങിയവ നിർമിക്കും. ബസ് സ്റ്റോപ്പുകൾ പുനർനിർണയിക്കും. ഹൈവേ പ്രൊട്ടക്ഷൻ ആക്ട് കർശനമാക്കും.
• താമരശ്ശേരി െറസ്റ്റ് ഹൗസിൽ കോൺഫറൻസ്ഹാൾ തുടങ്ങും. െറസ്റ്റ് ഹൗസുകളിൽ കാൻറീൻ സൗകര്യം ഏർപ്പെടുത്തും.
•മാനദണ്ഡങ്ങൾ പാലിച്ച് കേരളത്തിെൻറ സാഹചര്യം പരിഗണിച്ച് ദേശീയപാതകൾ നാല്/ആറ് വരിയാക്കും.
•കരമന-കളിയിക്കാവിള നാലുവരിപ്പാത അടുത്തഘട്ടം പ്രാവച്ചമ്പലം-ബാലരാമപുരം ഭാഗത്തെ പ്രവൃത്തി ആരംഭിക്കും.
•ഇലക്ട്രിക്കൽ വിഭാഗത്തിൽ ചീഫ് എൻജിനീയർ തസ്തികയും സൂപ്രണ്ടിങ് എൻജിനീയർ തസ്തികയും രണ്ട് ഡിവിഷൻ ഓഫിസുകളും ആരംഭിക്കും. ഇലക്ട്രോണിക്സ് വിഭാഗത്തെ ശക്തിപ്പെടുത്തും. 18 എൻജിനീയർമാരുടെ തസ്തിക സൃഷ്ടിച്ച് എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ മേഖല ഡിസൈൻ ഓഫിസുകൾ തുറക്കും. സ്ഥലംമാറ്റ മാർഗനിർദേശം നടപ്പാക്കും. അതിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തും.
•40,000 കിലോമീറ്റർ റോഡുകൾ, മൂവായിരത്തോളം പാലങ്ങൾ, കലുങ്കുകൾ, പൊതുമരാമത്ത് വകുപ്പിെൻറ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ഓഫിസ് കെട്ടിടങ്ങൾ, െറസ്റ്റ് ഹൗസ് ഉൾപ്പെടെ വാർഷിക അറ്റകുറ്റപ്പണി പൂർത്തിയാക്കും.
•സുരക്ഷിതമല്ലാത്തതും കേടുപാടുകൾ സംഭവിച്ചതുമായ പാലങ്ങളുടെ പുനരുദ്ധാരണ/നവീകരണ പ്രവൃത്തികൾ ഏറ്റെടുക്കും.
• പാലങ്ങളുടെ പരിപാലനത്തിനായി പ്രത്യേക വിഭാഗം രൂപവത്കരിക്കും.
• പൊതുജന പരാതിപരിഹാര സെൽ ജനകീയമാക്കും. എല്ലാ മാസത്തെയും ആദ്യ ബുധനാഴ്ച 3.30 മുതൽ 4.30 വരെ പൊതുമരാമത്ത് മന്ത്രി പരാതികൾ നേരിട്ട് കേൾക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.