എം.പി.ജാഫർ സമദ്
കാഞ്ഞങ്ങാട്: മയക്കുമരുന്നിനെതിരെ പൊലീസ് വേട്ട. 12 പേർ പിടിയിലായി. ലഹരി ഉപയോഗിക്കുന്നതിനിടെയും മയക്കുമരുന്ന് വിൽപനക്കാരും ഉൾപ്പെടെയാണ് പിടിയിലായത്. കാഞ്ഞങ്ങാട് ഒരാൾ മയക്കുമരുന്നു മായി പിടിയിലായി. എം.ഡി.എം.എ, കഞ്ചാവ് ഉപയോഗിച്ച അഞ്ച് പേരെ ബേക്കൽ പൊലീസ് ഒരേ സമയം പിടികൂടി.
വിദ്യാനഗർ പൊലീസ് എം.ഡി.എം.എയുമായി ഒരാളെയും മയക്കുരുന്ന് ഉപയോഗിക്കുന്നതിനിടെ 25 കാരനെയും പിടികൂടി. ഹോസ്ദുർഗ് പൊലീസ് ലഹരി ഉപയോഗിക്കുന്നതിനിടെ കുശാൽനഗറിൽനിന്ന് യുവാവിനെ പിടികൂടി. ചന്തേരയിലും ഒരാൾ പിടിയിലായി. മേൽപറമ്പിൽ ഒരാൾ പാൻ മസാലയുമായി അറസ്റ്റിലായി.
ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ നടപ്പിലാക്കി വരുന്ന ഓപറേഷൻ ക്ലീൻ കാസർകോടിന്റെ ഭാഗമായി ഹോസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. ബാലകൃഷ്ണൻ നായരുടെയും എസ്.ഐ കെ.പി. സതീശന്റെയും നേതൃത്വത്തിൽ രാത്രി നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എയുമായി യുവാവ് പിടിയിലായത്. കല്ലൂരാവിയിലെ പി. സമദ് (31) ആണ് 1.070 ഗ്രാം എം.ഡി.എം.എയുമായി ഒഴിഞ്ഞവളപ്പിൽ നിന്നും പിടിയിലായത്.
മോട്ടോർ സൈക്കിളിൽ സഞ്ചരിക്കവേയാണ് പ്രതിയെ ബൈക്ക് വളഞ്ഞ് പിടികൂടിയത്. ബംഗളൂരുവിൽനിന്ന് എം.ഡി.എം.എ കൊണ്ടുവന്നു കാഞ്ഞങ്ങാട്, ചെറുവത്തൂർ മേഖലകളിൽ വിൽപന നടത്തുന്നതിനെ തുടർന്ന് ബല്ലാകടപ്പുറം സ്വദേശി എം.പി. ജാഫർ(32) പിടിയിലായി.
ചന്ദേര എസ്.ഐ എം.വി ശ്രീദാസാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ പിടികൂടിയ പൊലീസ് സംഘത്തിൽ ഡിവൈ.എസ്.പിയുടെ സ്ക്വാഡ് അംഗങ്ങളായ അബൂബക്കർ കല്ലായി, നികേഷ്. ജിനേഷ്. പ്രണവ്, ജ്യോതിഷ് എന്നിവരുമുണ്ടായിരുന്നു. ചെർക്കളയിലെ ഉമ്മർ ശെരീഫിനെ(27) വിദ്യാ നഗർ പൊലീസ് ബേർക്കയിൽ വെച്ച് 3.47 എം.ഡി.എം.എ യുമായി അറസ്റ്റ് ചെയ്തു. കാർ കസ്റ്റഡിയിലെടുത്തു. കളനാടിലെ ഉപേന്ദ്രനെ(26) പാക്കറ്റ് പാൻ മസാലയുമായി മേൽപ്പറമ്പ് പൊലീസ് പിടികൂടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.