ജീവിതം തുന്നിപ്പിടിപ്പിക്കാൻ പാടുപെട്ട് ഇവർ

പടന്ന: ഓണത്തിനും പെരുന്നാളിനും തലേ ദിവസം തയ്യൽ കടകൾക്ക് മുന്നിൽ തയ്പ്പിച്ച പുതു വസ്ത്രങ്ങൾ കിട്ടാൻ കാത്തുനിൽക്കാറുള്ളത് ഇന്ന് പഴങ്കഥ മാത്രം. തുടർന്ന് വന്ന റെഡിമെയ്ഡ് വസ്ത്രങ്ങളുടെ അതിപ്രസരത്തിലും പിടിച്ചുനിന്നു തയ്യൽ തൊഴിലാളികൾ. എന്നാൽ, ഓൺലൈൻ വ്യാപാരത്തിന്റെ കുത്തൊഴുക്കിൽ ജീവിതം തുന്നിപ്പിടിപ്പിക്കാൻ പാടുപെടുകയാണ് ഇവർ. കഴിഞ്ഞ രണ്ടു വർഷം ലോക് ഡൗണിൽ തൊഴിൽ രഹിതരായവർക്ക് ഉപഭോക്താക്കൾ സ്വീകരിച്ച പുത്തൻ വസ്ത്ര വിപണന രീതി തന്നെയാണ് ഇവർക്ക് തിരിച്ചടിയായത്. എല്ലാത്തിനും നിയന്ത്രണം ഉള്ള സമയത്ത് ഓൺലൈൻ വ്യാപാരത്തിന് തുറന്ന സാധ്യതകൾ ആയിരുന്നു. വസ്ത്രങ്ങളുടെ ഓൺലൈൻ വ്യാപര രംഗത്തേക്കും ആവശ്യക്കാർ ഇടിച്ച് കയറിയപ്പോൾ നാട്ടിലെ തയ്യൽ തൊഴിലാളികളുടെ തൊഴിൽ മേഖലക്കാണ് അത് ഇരുട്ടടി ആയത്.

സ്കൂൾ യൂനിഫോമും ആഘോഷ സമയങ്ങളിലെ പണികളും ആയിരുന്നു ഇവർക്ക് പിടിച്ചുനിൽക്കാൻ തുണ ആയിരുന്നത്. എന്നാൽ, കോവിഡ് മൂലം സ്കൂൾ അടച്ചിട്ടത് യൂനിഫോം തയ്ക്കൽ ജോലിയും ഇല്ലാതാക്കി. നോമ്പ് തുടങ്ങിയാൽ തന്നെ പണിത്തിരക്കു മൂലം നിന്നു തിരിയാൻ കഴിയാത്ത അവസ്ഥയിൽ നിന്നും നോമ്പ് 10 കഴിഞ്ഞിട്ടും വെറുതെ ഇരിക്കേണ്ട അവസ്ഥയിലേക്ക് മാറിയെന്ന് 35 വർഷക്കാലമായി തയ്യൽ തൊഴിൽ ചെയ്യുന്ന പടന്ന മൂസഹാജി മുക്കിലെ അസാറോ ടൈലറിങ് കട ഉടമ കെ.എം.സി ഹനീഫ പറഞ്ഞു. പത്തോളം തൊഴിലാളികൾ ഉണ്ടായിരുന്ന ഇദ്ദേഹത്തിന്റെ കടയിൽ ഇപ്പോൾ അഞ്ച് പേര് മാത്രമാണ് ജോലി ചെയ്യുന്നത്. ഓൺലൈൻ വഴി വരുന്ന വസ്ത്രങ്ങൾ പാകമൊപ്പിച്ച് കൊടുക്കലും ഏതാനും പ്രായമായവരുടെ വസ്ത്രം തയ്ക്കലും മാത്രമായി തയ്യൽ മേഖല ഒതുങ്ങിപ്പോവുമ്പോൾ അനേകം പേരുടെ ഒരു ഉപജീവന വഴി കൂടിയാണ് നിലനിൽപ്പിനായി പൊരുതുന്നത്.

Tags:    
News Summary - Sewing workers struggling to make ends meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.