കർണാടക സ്വദേശിയുടെ കൊലപാതകം; പ്രതിക്ക് ജീവപര്യന്തം
കാസർകോട്: കർണാടക സ്വദേശിയുടെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം. കർണാടക ശിരാഹത്തി സ്വദേശിയായ ചൗതല ധ്യാമപ്പ(59) കാരനെ കൊലപ്പെടുത്തിയ കേസിൽ കർണാടക സ്വദേശിയും വിദ്യാനഗർ താമസക്കാരനുമായ ഉമേഷ് ഗൗഡ നരസപൂരി(42)നെയാണ് അഡിഷനൽ ജില്ല കോടതി(ഒന്ന്) ജഡ്ജ് ടി.എച്ച് രജിത ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
2021 ഏപ്രിൽ 14ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. കർണാടകസ്വദേശികളായ ധ്യാമപ്പയും ഉമേഷും കാസർകോട് ബസ് സ്റ്റാൻഡിൽ വെച്ച് പരിചയപ്പെട്ടു. ഉമേഷിന്റെ ക്ഷണപ്രകാരം ധ്യാമപ്പ, ഉമേഷ് താമസിക്കുന്ന കോട്ടിക്കുളത്തേക്ക് പോയി. അവിടെവെച്ച് രണ്ടുപേരും മദ്യപിച്ചു. പിന്നാെലെ വാക്കുതർക്കമായി ഉമേഷിന്റെ അച്ഛനെ അസഭ്യം പറഞ്ഞു. പ്രകോപിതനായ ഉമേഷ്, ധ്യാമപ്പയെ ആണി തറച്ച മരപ്പട്ടികയെടുത്ത് ദേഹമാസകലം അടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു കൊലപ്പെടുത്തി.
തുടർന്ന് മൃതദേഹം വലിച്ചുകൊണ്ടുപോയി തൊട്ടടുത്തുള്ള തേങ്ങ വിൽപന കടയുടെ വരാന്തയിൽ കൊണ്ടിടുകയായിരുന്നു. പ്രോസിക്യൂഷൻ കേസിൽ 30 സാക്ഷികളെ വിസ്തരിക്കുകയും 57 രേഖകളും 20 തൊണ്ടിമുതലുകളും തെളിവായി ഹാജരാക്കുകയും ചെയ്തു.
ദൃക്സാക്ഷികളില്ലാത്ത കേസിൽ സമീപത്തെ ടയർ ഷോപ്പിലെയും സൂപ്പർ മാർക്കറ്റുകളിലെയും സി.സി.ടി.വി ദൃശ്യങ്ങളും സംഭവ ദിവസം ഇരുവരും യാത്ര ചെയ്ത കെ.എസ്.ആർ.ടി.സി ബസിലെ കണ്ടക്ടറുടെ മൊഴിയും നിർണായക തെളിവായി. ബേക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിച്ചത് സബ് ഇൻസ്പെക്ടർ ആയിരുന്ന ടി.വി. പ്രദീഷ് ആണ്. പ്രോസിക്യൂഷനുവേണ്ടി അഡിഷനൽ പബ്ലിക് പ്രൊസിക്യൂട്ടർ ലോഹിതാക്ഷൻ, ഇടയില്ലം ആതിര ബാലൻ എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.