പൂർത്തിയായ മത്സ്യ മാർക്കറ്റ് കെട്ടിടം
കെട്ടിടമായി, അടിസ്ഥാന സൗകര്യമില്ലാതെ കുമ്പള മത്സ്യമാർക്കറ്റ്
കുമ്പള: കുമ്പള നഗരത്തിൽ പുതുക്കിപ്പണിത മത്സ്യമാർക്കറ്റ് തുറന്നുകൊടുക്കാൻ നടപടിയായില്ല. അത്യാധുനിക സൗകര്യങ്ങളോടെ ലക്ഷങ്ങൾ ചെലവഴിച്ചാണ് മത്സ്യമാർക്കറ്റ് പുതുക്കിപ്പണിതത്. കെട്ടിട നിർമാണത്തിന്റെ ജോലികൾ ഏറെക്കുറെ പൂർത്തിയായിട്ടുണ്ട്. മറ്റു അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ കാലതാമസം നേരിടുന്നതാണ് തുറന്നുകൊടുക്കുന്നതിന് തടസ്സം.
കെട്ടിടം കുമ്പള ടൗണിൽ ഇപ്പോൾ നോക്കുകുത്തിയാണ്. മുൻവർഷത്തെ മാലിന്യം നിറയെ കൂട്ടിയിട്ട നിലയിലുമാണ്. മലിനജലവും ഒഴുകുന്നുണ്ട്. മത്സ്യ മാർക്കറ്റിലെ മലിനജലം ഒഴുക്കിവിടാനുള്ള ശാസ്ത്രീയമായ ഓവുചാൽ സംവിധാനം ഇതുവരെ തയാറായിട്ടില്ല. നിലവിലുള്ള ചെറിയ ഓവുചാൽ സംവിധാനം മത്സ്യമാർഗത്തിന് അപര്യാപ്തമാണെന്ന് മത്സ്യവിൽപന തൊഴിലാളികൾ പറയുന്നു. ഇതിൽ മലിനജലം കെട്ടിക്കിടന്ന് ദുർഗന്ധവും വമിക്കുന്നുണ്ട്. ഇത് തൊട്ടടുത്ത വ്യാപാരികൾക്ക് ദുരിതവുമാവുന്നുണ്ട്. തൊഴിലാളികൾക്കുള്ള ശുചിമുറി, ശുചീകരണത്തിനുള്ള ശുദ്ധജലം, വെളിച്ചം ഇതൊക്കെ പൂർണമായും ഒരുക്കിയാലേ കെട്ടിടം തുറന്നുകൊടുക്കാൻ കഴിയൂ. ഈ നടപടികളിൽ കാലതാമസം പഞ്ചായത്തിന്റെ അനാസ്ഥയാണെന്ന ആക്ഷേപവുമുണ്ട്.
മത്സ്യവിൽപന തൊഴിലാളികൾ വ്യാപാരസ്ഥാപനങ്ങൾക്ക് മുന്നിലും റോഡ് വക്കിലും മത്സ്യവിൽപന നടത്തുന്നത് പൊതുജനത്തിനും വ്യാപാരികൾക്കും പ്രയാസമുണ്ടാക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് മത്സ്യ മാർക്കറ്റ് അത്യാധുനിക സൗകര്യങ്ങളോടെ കാസർകോട് വികസന പാക്കേജിലൂടെ 1.1കോടി രൂപ ചെലവഴിച്ച് പുതുക്കിപ്പണിതത്. ഹാർബർ എൻജിനീയറിങ് വകുപ്പിന്റെ മേൽനോട്ടത്തിലാണ് നിർമാണപ്രവർത്തനങ്ങൾ നടന്നത്. നേരത്തേ ഉണ്ടായിരുന്ന മത്സ്യമാർക്കറ്റ് പൊളിച്ചുമാറ്റിയാണ് പുതിയ കെട്ടിടം പണിതത്. മത്സ്യം, ഇറച്ചി, പച്ചക്കറി വിൽപനകൾ ഒരേ കുടക്കീഴിൽ കൊണ്ടുവരാനുള്ള പദ്ധതിയായിരുന്നു ഇത്. എന്നാൽ നിലവിലെ കെട്ടിടം മത്സ്യത്തൊഴിലാളികൾക്ക് മുഴുവനായും മത്സ്യവിൽപന നടത്താൻ തികയില്ലെന്ന് മത്സ്യവിൽപന തൊഴിലാളികൾ പറയുന്നുണ്ട്.
മത്സ്യമാർക്കറ്റ് തുറന്നു കൊടുക്കുന്നതിൽ ചില സാങ്കേതിക തടസ്സങ്ങളുണ്ടെന്ന് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ പറയുന്നുണ്ട്. തടസ്സങ്ങൾ നീക്കി എത്രയും പെട്ടെന്ന് മാർക്കറ്റ് തുറന്നുകൊടുക്കാൻ നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.