തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന്റെ ഡ്രസ് റിഹേഴ്സലായി വിശേഷിപ്പിക്കുന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് കാഹളം മുഴങ്ങിയതിന് പിന്നാലെയുണ്ടായ കരുവന്നൂരിലെ ഇ.ഡി കുറ്റപത്രം സി.പി.എമ്മിന് മുന്നിലുയർത്തുന്നത് വലിയ പ്രതിസന്ധി. നേതാക്കൾ കേസിൽ പ്രതിചേർക്കപ്പെടുന്നതും അറസ്റ്റിലാകുന്നതുമെല്ലാം സ്വാഭാവികമാണെങ്കിലും ഒരു പാർട്ടി തന്നെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുന്നത് അസാധാരണ രാഷ്ട്രീയ സാഹചര്യമാണ്. അതിനെ നേരിടാൻ പാർട്ടി നിർബന്ധിതമാകുന്നതാകട്ടെ, നിർണായകമായ ജനവിധിയുടെ പശ്ചാത്തലത്തിലും.
അതേ സമയം കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടികളെ കേന്ദ്രം വേട്ടയാടുന്നതിന്റെ ഭാഗമാണ് ഇ.ഡി കുറ്റപത്രമെന്ന വാദമുയർത്തിയാണ് സി.പി.എം പ്രതിരോധം. കുറ്റപത്രം പ്രതിപക്ഷം ആയുധമാക്കുമെന്നത് മുന്നിൽ കണ്ട് രാഹുൽ ഗാന്ധിക്കെതിരെയുള്ള കേന്ദ്ര ഏജൻസികളുടെ നീക്കത്തെ കരുവന്നൂരുമായി ചേർത്തുകെട്ടി, ഒരുമുഴം മുമ്പേ തന്നെ കോൺഗ്രസിനെ വെട്ടിലാക്കാൻ കൂടിയാണ് സി.പി.എം നീക്കം.
സമീപകാലത്ത് ടി.പി വധക്കേസ് കഴിഞ്ഞാൽ സി.പി.എം ഏറ്റവും കൂടുതൽ വിയർക്കുന്നത് കരുവന്നൂരിലാണ്. പാർട്ടിക്കൊപ്പം സി.പി.എമ്മിന്റെ ജനകീയ നേതാവും കേന്ദ്രകമ്മിറ്റി അംഗവും എം.പിയുമായ കെ. രാധാകൃഷ്ണൻ, മുൻ മന്ത്രി എ.സി. മൊയ്തീൻ, സംസ്ഥാന കമ്മിറ്റി അംഗമായ എം.എം. വർഗീസ് എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്.
ഈ സാഹചര്യത്തിൽ സാധ്യമാകുന്ന ആയുധങ്ങളെല്ലാം ഉപയോഗിച്ച് രാഷ്ട്രീയമായി കടന്നാക്രമിച്ചുള്ള പ്രതിരോധത്തിനാണ് സി.പി.എം ശ്രമം. ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പും കരുവന്നൂരിൽ ഇ.ഡി പിടിമുറുക്കിയിരുന്നു. അന്നും ‘വേട്ടയാടൽ’ വാദമുയർത്തിയായിരുന്നു സി.പി.എം ചെറുത്തുനിൽപ്. കരുവന്നൂര്‍ വലിയ ചര്‍ച്ചയായിട്ടും തൃശൂരില്‍ യു.ഡി.എഫിനെ മറികടന്ന് എല്‍.ഡി.എഫ് രണ്ടാമതെത്തിയിരുന്നു.
ഈ സാഹചര്യത്തിൽ ‘കരുവന്നൂർ ചർച്ച’ പാർട്ടിയുടെ വോട്ടുബാങ്കിനെ ബാധിക്കില്ലെന്നാണ് സി.പി.എമ്മിന്റെ ആത്മവിശ്വാസം. ഒപ്പം സർക്കാറിനെതിരായി സ്വർണ കള്ളകടത്തു കേസും കിഫ്ബിക്കെതിരായ കേസുമടക്കം എങ്ങുമെത്താതെ, കെട്ടടങ്ങിയതും സി.പി.എം ചൂണ്ടിക്കാട്ടുന്നു.
കരുവന്നൂരിലെ കേന്ദ്ര നീക്കം സഹകരണ മേഖലയെ ഉന്നം വെച്ചാണെന്ന വാദവും സി.പി.എം ഉയർന്നുന്നുണ്ട്. നോട്ട് നിരോധന കാലത്ത് കേരളത്തിലെ സഹകരണ മേഖലയെ മൊത്തത്തിൽ തകർക്കാൻ നടന്ന ശ്രമങ്ങളുടെ തുടർച്ചയാണിതെന്നും സഹകരണ മേഖലയെ ഈ രീതിയിൽ തുടരാൻ അനുവദിച്ചുകൂടെന്ന ചിന്ത ചില കേന്ദ്രങ്ങൾക്കുണ്ടെന്നുമാണ് സി.പി.എം നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.