കരുണ മെഡിക്കല്‍ കോളജ്: സര്‍ക്കാര്‍ സ്പോട്ട് അഡ്മിഷന്‍ നല്‍കിയ 30 വിദ്യാര്‍ഥികള്‍ പെരുവഴിയില്‍

തിരുവനന്തപുരം: പ്രവേശനപരീക്ഷാ കമീഷണര്‍ മെറിറ്റ് അടിസ്ഥാനത്തില്‍ അലോട്ട്മെന്‍റ് നല്‍കിയ 30 വിദ്യാര്‍ഥികള്‍ പഠനംമുടങ്ങി പുറത്തുനില്‍ക്കുമ്പോള്‍ അയോഗ്യരെന്ന് കണ്ട് അഡ്മിഷന്‍ റദ്ദാക്കിയ വിദ്യാര്‍ഥികള്‍ക്ക് സുഖപഠനം.

പാലക്കാട് കരുണ മെഡിക്കല്‍ കോളജിലേക്ക് പ്രവേശനപരീക്ഷാ കമീഷണര്‍ സ്പോട്ട് അഡ്മിഷന്‍ നല്‍കിയ വിദ്യാര്‍ഥികളാണ് അധ്യയനവര്‍ഷം പൂര്‍ത്തിയാകാറായിട്ടും ഭാവി അനിശ്ചിതത്വത്തിലായി പുറത്തുനില്‍ക്കുന്നത്. കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളില്‍ മാനേജ്മെന്‍റുകള്‍ സ്വന്തംനിലക്ക് നടത്തിയ എം.ബി.ബി.എസ് പ്രവേശനം മെറിറ്റ് അട്ടിമറിച്ചതാണെന്ന് പരിശോധനയില്‍ കണ്ടത്തെിയതിനെ തുടര്‍ന്ന് ജസ്റ്റിസ് ജയിംസ് കമ്മിറ്റി റദ്ദാക്കിയിരുന്നു.

ഈ രണ്ട് കോളജുകളിലേക്കും മുഴുവന്‍ അപേക്ഷകളും പരിഗണിച്ച് സ്പോട്ട് അഡ്മിഷന്‍ നടത്താനും കമ്മിറ്റി ഉത്തരവിട്ടിരുന്നു. ഇത് ഹൈകോടതി പരിശോധിക്കുകയും അലോട്ട്മെന്‍റ് നടത്താന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. ഇതുപ്രകാരം തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന സ്പോട്ട് അഡ്മിഷനിലാണ് കരുണ കോളജ് പ്രവേശിപ്പിച്ച 100ല്‍ 30 പേരുടെ അഡ്മിഷന്‍ മെറിറ്റ് ലംഘിച്ചതാണെന്ന് വ്യക്തമായത്. പകരം ഇതേ കോളജിലേക്ക് നേരത്തേ അപേക്ഷ നല്‍കിയ 30 പേര്‍ക്ക് മെറിറ്റ് അടിസ്ഥാനത്തില്‍ സ്പോട്ട് അഡ്മിഷന്‍ നല്‍കി. ഇതുസംബന്ധിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഹൈകോടതി അംഗീകരിച്ചു. എന്നാല്‍ കോടതി ഉത്തരവ് പാലിക്കാതെ കോളജ് അധികൃതര്‍ സുപ്രീംകോടതിയെ സമീപിച്ചു.

ജയിംസ് കമ്മിറ്റി പരിശോധനയില്‍ കോളജില്‍ നടത്തിയ പ്രവേശന തിരിമറികള്‍ അക്കമിട്ട് നിരത്തിയിരുന്നു. ഈ 30 പേരില്‍ 25 പേരും സുപ്രീംകോടതിയിലെ കേസില്‍ കക്ഷിചേര്‍ന്നിട്ടുണ്ട്. അവശേഷിക്കുന്ന അഞ്ചുപേര്‍ അടുത്തവര്‍ഷം വീണ്ടും പ്രവേശനപരീക്ഷ എഴുതാനുള്ള തീരുമാനത്തിലാണ്.

 

Tags:    
News Summary - karuna medical college

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.