കരിപ്പൂര്‍ റണ്‍വേ വികസനം: സ്ഥലമേറ്റെടുക്കലിന് 25.25 കോടി കൂടി അനുവദിച്ചു

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിലെ റണ്‍വേ സുരക്ഷ മേഖല വിപുലീകരിക്കാനുള്ള സ്ഥലമേറ്റെടുക്കലിനായി 25.25 കോടി രൂപ കൂടി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. നേരത്തേ ലഭ്യമാക്കിയ 18.25 കോടി രൂപക്ക് പുറമെയാണിത്. ഭൂമിയേറ്റെടുക്കലിന്റെ ഭാഗമായി വീടൊഴിയുന്നവര്‍ക്ക് പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായി പ്രഖ്യാപിച്ച 10 ലക്ഷം രൂപയാണ് ആദ്യഘട്ടത്തില്‍ വിതരണം ചെയ്യുക. ഇതടക്കമുള്ള തുകയാണ് തിങ്കളാഴ്ച ജില്ല ട്രഷറിയില്‍ ബില്ലായി സമര്‍പ്പിക്കുകയെന്ന് ഭൂമിയേറ്റെടുക്കല്‍ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ അറിയിച്ചു.

12.506 ഏക്കര്‍ ഭൂമിയാണ് വിമാനത്താവള വികസനത്തിന് ഏറ്റെടുക്കുന്നത്-പള്ളിക്കല്‍ വില്ലേജില്‍നിന്ന് 5.566 ഏക്കറും നെടിയിരുപ്പില്‍നിന്ന് 6.94 ഏക്കറും. വീട് വിട്ടൊഴിയുന്ന 11 ഭൂവുമടകളെയാണ് മാറിത്താമസിക്കുന്നവർക്കായുള്ള തുക വിതരണത്തില്‍ ആദ്യം പരിഗണിക്കുക. രേഖകള്‍ പൂര്‍ണമായും നല്‍കിയവര്‍ക്ക് പിന്നീട് പരിഗണന നല്‍കും. വീട് വിട്ടൊഴിയുന്നവരുടെ സ്ഥലസംബന്ധമായ രേഖകള്‍ റവന്യൂ ഉദ്യോഗസ്ഥര്‍ പരിശോധിച്ചുവരുകയാണ്.

ഭൂമിയേറ്റെടുക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച 71 കോടി രൂപയില്‍ അവശേഷിക്കുന്ന തുകയും ഉടന്‍ ലഭ്യമാക്കുമെന്നാണ് അധികൃതരുടെ വിശദീകരണം. രേഖകളില്‍ കൃത്യതയില്ലാത്ത ഭൂവുടമകള്‍ക്ക് വിവരങ്ങള്‍ നല്‍കാന്‍ അധികസമയം അനുവദിച്ചിട്ടുണ്ട്. ഇത് പൂര്‍ത്തിയാകുന്നതോടെ ഒരാഴ്ചക്കകം രേഖ പരിശോധനയും നഷ്ടപരിഹാര വിതരണവും നടക്കും. വിമാനത്താവള വികസനത്തിന് ഒരിഞ്ച് ഭൂമി പോലും വിട്ടുനല്‍കില്ലെന്നായിരുന്നു കുറച്ച് മുമ്പുവരെ പ്രദേശവാസികളുടെ നിലപാട്. എന്നാല്‍, ഇപ്പോള്‍ ഭൂമി നല്‍കാന്‍ തയാറായി കൂടുതല്‍ പേർ ഉദ്യോഗസ്ഥരെ സമീപിക്കുകയാണ്.

ഭാഗികമായി ഏറ്റെടുത്ത ഭൂമിയുടെ ബാക്കിഭാഗവും വിട്ടുനല്‍കാന്‍ ഒരുക്കമായാണ് കൂടുതല്‍ പേരും അധികൃതരെ ബന്ധപ്പെടുന്നത്. സ്ഥലമേറ്റെടുക്കലില്‍ അരസെന്റ് വരെ നഷ്ടപ്പെട്ടവരുണ്ട്. ഉയര്‍ന്ന നഷ്ടപരിഹാരത്തുകയാണ് പലരെയും മാറിചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.

Tags:    
News Summary - Karipur Runway Development: An additional 25.25 crore has been sanctioned for land acquisition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.