കാരാട്ട് റസാഖ് ലീഗിലേക്ക് മടങ്ങുന്നു: ഇന്ന് പാണക്കാട്ടെത്തി അംഗത്വം സ്വീകരിക്കും

കോഴിക്കോട്: കൊടുവള്ളിയിലെ മുൻ ഇടത് സ്വതന്ത്ര എം.എൽ.എയായിരുന്ന കാരാട്ട് റസാഖ് മാതൃസംഘടനയായ ലീഗിലേക്ക് മടങ്ങുന്നു. ഇന്ന് പാണക്കാട്ടെത്തി സാദിഖലി തങ്ങളിൽ നിന്ന് മെമ്പർഷിപ്പ് സ്വീകരിക്കുമെന്നാണ് വിവരം. മദ്രസ ബോർഡ് ചെയർമാനായിരുന്നു.

സ്ഥാനാർഥിത്വം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് 2016ലാണ് കാരാട്ട് റസാഖ് മുസ്ലിംലീഗിൽ നിന്ന് രാജിവെച്ച് സി.പി.എമ്മിനൊപ്പം ചേർന്നത്. തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ ലീഗ് വിട്ട കാരാട്ട് റസാഖ് കൊടുവള്ളിയിൽ ഇടത് സ്വതന്ത്രനായി മത്സരിക്കുകയും ചെയ്തു. 2016ൽ യു.ഡി.എഫ് സ്ഥാനാർഥി എം.എ റസാഖിനെ 571 വോട്ടിന് പരാജയപ്പെടുത്തി. ഇതോടെ പി.ടി.എ റഹീം കുന്ദമംഗലത്തേക്ക് മാറിയതോടെ എൽ.ഡി.എഫിന് നഷ്ടപ്പെട്ട മണ്ഡലം മുന്നണി വീണ്ടും പിടിച്ചെടുത്തു. 2021ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കൊടുവള്ളിയിൽ വീണ്ടും ഇടതു സ്വതന്ത്രനായി മത്സരിച്ചെങ്കിലും യു.ഡി.എഫ് സ്ഥാനാർഥി ഡോ. എം.കെ മുനീറിനോട് 6500ൽ അധികം വോട്ടിന് തോറ്റു. പിന്നീട് സി.പി.എമ്മുമായി ഇടഞ്ഞു. കൊടുവള്ളിയിൽ തന്നെ പരാജയപ്പെടുത്താൻ ചിലർ ശ്രമിച്ചുവെന്നും എൽ.ഡി.എഫിന് കൊടുത്ത കത്ത് പരി​ഗണിച്ചില്ലെങ്കിൽ ഇടതുപക്ഷം വിടുമെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.

ലീഗിലേക്ക് തിരികെ പ്രവേശിക്കാൻ സംസ്ഥാന നേതൃത്വവുമായി ചർച്ചകള്‍ നടത്തിയിരുന്നെങ്കിലും പ്രാദേശിക നേതൃത്വത്തിന്‍റെ എതിർപ്പ് കാരണം മാറ്റിവെക്കുകയായിരുന്നു. അതിനിടെ പിണറായി സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയ പി.വി അൻവർ എം.എൽ.എക്ക് പരസ്യപിന്തുണയുമായി കാരാട്ട് റസാഖ് രംഗത്തെത്തിയതും ശ്രദ്ധപിടിച്ചുപറ്റി. ലീഗിന്‍റെ ഉരുക്ക് കോട്ടയെന്ന് അറ‍ിയപ്പെട്ടിരുന്ന കൊടുവള്ളിയിൽ പ്രാദേശിക പ്രശ്നങ്ങളുടെ പേരിൽ പി.ടി.എ റഹീം പാർട്ടിവിട്ട്, റഹീം ലീഗ് എന്ന പേരിൽ ഇടതു പക്ഷത്തിനൊപ്പം ചേർന്നതോടെയായിരുന്നു എൽ.ഡി.എഫ് ഇവിടെ അക്കൗണ്ട് തുറന്നത്.

റസാഖിന്‍റെ തിരിച്ചുപോക്ക് മണ്ഡലത്തിൽ ഇടതു പക്ഷത്തിന് വൻതിരിച്ചടിയാവും. മന്ത്രിയെന്ന നിലയിൽ പി.എ മുഹമ്മദ് റിയാസ് പദ്ധതികളും അട്ടിമറിച്ചെന്നും പലതവണ അദ്ദേഹത്തെ സമീപിച്ചിട്ടും അവ​ഗണിക്കുകമാത്രമാണുണ്ടായതെന്നും റസാഖ് ആരോപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെയും കാരാട്ട് റസാഖ് രം​ഗത്തെത്തിയിരുന്നു. 'പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയുടെ ധിക്കാരപരവും അഹങ്കാരം നിറഞ്ഞതുമായ നിലപാട് സി.പി.എം സഹയാത്രികർക്ക് യോജിക്കാൻ കഴിയുന്നതല്ല'- എന്ന് റസാഖ് ഫേസ്ബുക്കിൽ കുറിച്ചിരുന്നു

Tags:    
News Summary - Karat Razak returns to the League: Will arrive in Panakkad today to accept membership

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-22 02:11 GMT