കരമന ദുരൂഹമരണം: കാര്യസ്ഥനെ പ്രതിചേർക്കുമെന്ന് സൂചന

തിരുവനന്തപുരം: കരമന കൂടത്തിൽ ദുരൂഹമരണവുമായി ബന്ധപ്പെട്ട് കാര്യസ്ഥൻ രവീന്ദ്രൻ നായർക്കെതിരെ ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തൽ. മരിച്ച ജയമാധവൻ നായർ സ്വത്ത് കൈമാറ്റത്തിന് അനുമതി നൽകിയെന്ന കാര്യസ്ഥൻ രവീന്ദ്രൻ നായരുടെ മൊഴി വിശ്വസനീയമല്ലെന്നാണ് കണ്ടെത്തൽ. കാര്യസ്ഥൻ രവീന്ദ്രൻ നായരുടെ അക്കൗണ്ടിൽ അനധികൃതമായി പണം എത്തിയെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. ഇയാൾക്കെതിരെ തെളിവ് ശേഖരണം പൂർത്തിയായാൽ പ്രതി ചേർക്കുമെന്നാണ് വിവരം.

കരമന കുളത്തറ കൂടത്തില്‍ ഗോപിനാഥന്‍ നായര്‍, ഭാര്യ സുമുഖി അമ്മ, മക്കളായ ജയബാലകൃഷ്ണന്‍, ജയപ്രകാശ്, ജയശ്രീ, ഗോപിനാഥന്‍റെ സഹോദരന്‍ വേലുപ്പിള്ളയുടെ മകന്‍ ഉണ്ണികൃഷ്ണന്‍, മറ്റൊരു സഹോദരന്‍ നാരായണ നായരുടെ മകന്‍ ജയമാധവന്‍ നായര്‍ എന്നിവരാണ് വിവിധ കാലഘട്ടങ്ങളിലായി ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടത്. അവസാനം മരിച്ച കുടുംബാംഗം ജയമാധവൻ നായരുടെ വീട്ടിൽവച്ച് വിൽപത്രം തയ്യാറാക്കിയെന്നാണ് രവീന്ദ്രൻ നായരുടെ മൊഴി.

കൂട്ടുകുടുംബത്തിൽ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളുണ്ടായിരുന്നു. ഇവ കുടുംബാംഗമല്ലാത്ത രവീന്ദ്രന്‍ നായര്‍ എന്ന കുടുംബ സുഹൃത്തിന്‍റെ പേരിലേക്ക് മാറ്റിയെന്നാണ് വില്‍പ്പത്രം. കുടുംബത്തിലെ അവസാന കണ്ണിയായ ജയമാധവൻ നായരാണ് ഒടുവിൽ മരിച്ചത്. ജയമാധവൻ നായരുടെ മരണ ശേഷം നൂറു കോടിയോളം വിലവരുന്ന സ്വത്തുക്കൾ കാര്യസ്ഥനായ രവീന്ദ്രൻനായരും അകന്ന ബന്ധുക്കളും ചേർന്ന് പങ്കിട്ടെടുത്തതോടെയാണ് ദുരൂഹത വർധിച്ചത്.

തുടർന്നു നടത്തിയ അന്വേഷണത്തിലാണ് രവീന്ദ്രൻ നായരുടെ ഇടപെടലുകളിൽ സംശയമുണർത്തുന്ന തെളിവുകൾ കണ്ടെത്തിയത്. കാലടി സ്വദേശി അനില്‍ കുമാറിന്‍റെ പരാതിയിലായിരുന്നു ക്രൈം ബ്രാഞ്ച് അന്വേഷണം.

വേലുപ്പിള്ളയുടെ മകന്‍റെ ഭാര്യ പ്രസന്നകുമാരിയും പരാതിയുമായി രംഗത്തെത്തിയിരുന്നു. ഗോപിനാഥന്‍ നായരുടേയും ഭാര്യയുടേയും മരണ ശേഷം രവീന്ദ്രന്‍ നായരായിരുന്നു വീട്ടിലെ കാര്യങ്ങള്‍ നോക്കിയിരുന്നത്. അവസാന അവകാശിയായിരുന്ന ജയമാധവന്‍ നായരെ ആശുപത്രിയിലെത്തിക്കുമ്പോൾ മരിച്ചിരുന്നു. അദ്ദേഹം അബോധാവസ്ഥയിലായിരുന്ന വിവരം അയല്‍വാസികളെ അറിയിക്കുന്നതിന് പകരം അകലെയുള്ള വീട്ടുജോലിക്കാരിയെ വിളിച്ചു വരുത്തുകയായിരുന്നു എന്നാണ് പ്രസന്ന കുമാരി ആരോപിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.