മുന്നാക്ക സംവരണം വൻ ചതി; സർക്കാറിനെതിരെ കാന്തപുരം എ.പി. വിഭാഗം

കോഴിക്കോട്: സർക്കാർ സർവീസിൽ 10 ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്തിയ നടപടിക്കെതിരെ കാന്തപുരം എ.പി. വിഭാഗം. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള വൻ ചതിയാണ് മുന്നാക്ക സംവരണത്തിലൂടെ നടപ്പാക്കിയതെന്ന് കാന്തപുരം എ.പി. വിഭാഗത്തിന്‍റെ മുഖപത്രത്തിലെ മുഖപ്രസംഗത്തിൽ പറയുന്നു.

ദലിത്, പിന്നാക്ക വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിക്കുന്ന അവകാശങ്ങളും ആനുകൂല്യങ്ങളും ലഭിക്കണമെങ്കില്‍ അതിനുള്ള പ്രതിബന്ധങ്ങള്‍ എത്ര ദുഷ്‌കരമാണെന്ന് ബോധ്യമുള്ളതാണ്. അതിനാല്‍ സാമ്പത്തിക സംവരണം പുനഃപരിശോധിക്കണം.സാമ്പത്തിക പിന്നാക്കാവസ്ഥയുടെ പേരില്‍ സംവരണത്തിന്‍റെ അടിസ്ഥാന ആശയങ്ങളെ തന്നെ കുഴിച്ചുമൂടിയെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.

രാജ്യത്തെ ജനസംഖ്യയുടെ നാലില്‍ മൂന്ന് ശതമാനം വരുന്ന ജനവിഭാഗത്തെ നിശബ്ദമാക്കിക്കൊണ്ടാണ് സാമ്പത്തിക പിന്നാക്കാവസ്ഥയുടെ പേരില്‍ സംവരണത്തിന്‍റെ അടിസ്ഥാന ആശയങ്ങളെ തന്നെ കുഴിച്ച് മൂടിയിരിക്കുന്നത്. സംവരണം സമ്പത്തിന്‍റെ അടിസ്ഥാനത്തിലാണെന്ന് പ്രചരിപ്പിക്കുന്നതിലൂടെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ രാജ്യത്തിന്‍റെ ചരിത്രത്തെയാണ് വെല്ലുവിളിച്ചിരിക്കുന്നത്. അതേസമയം, സംവരണം അട്ടിമറിക്കാന്‍ സര്‍ക്കാരുകള്‍ നിരത്തിയ കാരണങ്ങളും അതിന് വെച്ച ഉപാധികളും ഏത് മാനദണ്ഡ പ്രകാരമാണെന്ന് ജനങ്ങളെ വിശ്വസിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.

സംവരണ വിഭാഗങ്ങളുടെ അവസരങ്ങള്‍ കവര്‍ന്നെടുക്കില്ലെന്ന് ആണയിടുന്ന സര്‍ക്കാര്‍ പൊതുവിഭാഗത്തിലെ 10 ശതമാനത്തിന് പകരം മുഴുവന്‍ സീറ്റിലെയും 10 ശതമാനം മുന്നാക്കക്കാര്‍ക്ക് നീക്കിവെക്കുന്നത് വഞ്ചനാപരമാണ്. ഏത് ശാസ്ത്രീയ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് മുന്നാക്ക സംവരണം 10 ശതമാനമാക്കിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ എം.ബി.ബി.എസ്, മെഡിക്കല്‍ പി.ജി വിഭാഗങ്ങളിലുള്‍പ്പെടെ നിലവിലെ സംവരണ സമുദായങ്ങളെക്കാള്‍ മീതെ മുന്നാക്ക സംവരണം വന്നത് ഏത് മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയുള്ളതാണെന്നും മുഖ പ്രസംഗത്തില്‍ ചോദിക്കുന്നു.

മുന്നാക്ക സംവരണത്തിന് നിലവിലുള്ള റിസര്‍വേഷന് പുറമെ എന്ന് പ്രത്യേകമായി ഭരണഘടനാ ഭേദഗതി ചെയ്തിരിക്കെ, റൊട്ടേഷന്‍ ക്രമത്തില്‍ ആദ്യം സംവരണ വിഭാഗങ്ങള്‍ക്ക് പ്രവേശനം ഉറപ്പിക്കാതെ തൊഴില്‍ നിയമനങ്ങളില്‍ ഇപ്പോള്‍ പുറത്തിറക്കിയ മാതൃകാ റൊട്ടേഷന്‍ ചാര്‍ട്ടില്‍ മുന്നാക്കക്കാരെ ആദ്യം മുതല്‍ തന്നെ ക്രമത്തില്‍ ഉള്‍പ്പെടുത്തിയതിലും ചതി ഒളിച്ചിരിപ്പുണ്ടെന്നും മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.