അമ്പലപ്പറമ്പിൽ മുസ്​ലിംകൾക്ക്​ പ്രവേശനമില്ലെന്ന്​ ബോർഡ്​, സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ വൻ പ്രതിഷേധം

'ഉത്സവകാലങ്ങളിൽ മുസ്​ലിംകൾക്ക്​ അമ്പലപ്പറമ്പിൽ പ്രവേശനമില്ലെന്ന' ബോർഡ്​ സ്​ഥാപിച്ചതിൽ പ്രതിഷേധം വ്യാപകം​. കണ്ണൂര്‍ കുഞ്ഞിമംഗലം മല്ലിയോട്ട് കാവിലാണ്​ വിവാദ വിവാദ ബോര്‍ഡ് സ്​ഥാപിച്ചത്​. ഫേസ്​ബുക്ക്​ ഉൾപ്പടെയുള്ള സമൂഹമാധ്യമങ്ങളിൽ നൂറുകണക്കിനുപേർ ബോർഡിനെതിരേ വിമർശനവുമായി രംഗത്തുവന്നിട്ടുണ്ട്​.


കാവിലെ വിഷുവിളക്ക് ഉത്സവത്തില്‍ മുസ്‍ലിം സമുദായ അംഗങ്ങള്‍ക്ക് പ്രവേശനം വിലക്കിയാണ്​ ബോർഡ്​ സ്ഥാപിച്ചിരുന്നത്​. സി.പി.എം ശക്തികേന്ദ്രമായ പ്രദേശത്ത് ഇത്തരത്തില്‍ പരസ്യമായി ബോര്‍ഡ് സ്ഥാപിച്ചതിനെതിരെ പാര്‍ട്ടി അണികള്‍ക്കിടയില്‍ നിന്ന്​ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഏപ്രില്‍ 14 മുതല്‍ ഒരാഴ്ചയാണ് കാവില്‍ വിഷുവിളക്ക് ഉത്സവം നടക്കുന്നത്. ഒരു പതിറ്റാണ്ട് മുമ്പ് ഉത്സവവുമായി ബന്ധപ്പെട്ട് പ്രദേശത്ത് സംഘര്‍ഷം ഉണ്ടായിരുന്നു. തുടര്‍ന്ന് മുസ്‍ലിം സമുദായത്തില്‍ പെട്ടവര്‍ക്ക് ഉത്സവത്തിന് വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നത്രെ.


ഇതിനെതിരെ നേരത്തേയും പരാതി ഉയര്‍ന്നിരുന്നെങ്കിലും ഇത്തവണ സ്ഥലത്ത് പരസ്യമായി ബോര്‍ഡ് സ്ഥാപിച്ചതോടെയാണ് സംഭവം വിവാദമായത്. സി.പി.എമ്മിന് മൃഗീയ ഭൂരിപക്ഷമുളള പ്രദേശത്ത് ഉത്സവ കമ്മറ്റിയിലടക്കം പാര്‍ട്ടി അനുഭാവികളും അംഗങ്ങളുമാണുള്ളത്​. ഇവിടെ വര്‍ഗ്ഗീയ ചേരി തിരിവ് ഉണ്ടാക്കുന്ന തരത്തില്‍ ബോര്‍ഡ് സ്ഥാപിച്ചതിനെതിരെ പാര്‍ട്ടിക്കുളളില്‍ നിന്ന് തന്നെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. സമൂഹമാധ്യമങ്ങളിൽ പാർട്ടിക്കുവേണ്ടി സജീവമായി വാദിക്കുന്ന നിരവധി ഹാൻഡിലുകൾ ബോർഡിനെ നിശിതമായി വിമർശിച്ച്​ രംഗത്ത്​ എത്തിയിരുന്നു. 





Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.