കൊണ്ടും കൊടുത്തും തുടങ്ങി; മറക്കാനും പൊറുക്കാനും പറഞ്ഞത് പിരിഞ്ഞു

കണ്ണൂര്‍:  കുറ്റപ്പെടുത്തലും കുറ്റസമ്മതങ്ങളുമായി തുടങ്ങിയ ജില്ലാതല സമാധാന യോഗം പരസ്പരം പൊറുക്കാനും മറക്കാനും സാധിക്കണമെന്ന വികാരം പങ്കുവെച്ച് പിരിഞ്ഞു.  ജില്ലയില്‍ ഇതുവരെ നടന്ന കൊലപാതകങ്ങളും അക്രമസ സംഭവങ്ങളും എണ്ണിപ്പറഞ്ഞും പരസ്പരം പഴിചാരിയും സി.പി.എമ്മും ബി.ജെ.പിയുമാണ്  ചര്‍ച്ചയിലെ കേന്ദ്രബിന്ദുക്കളായത്.   പി. ജയരാജനു നേരെയുള്ള അക്രമം തെറ്റായിരുന്നുവെന്ന് ബി.ജെ.പി സംസ്ഥാന സമിതി അംഗം വത്സന്‍ തില്ലങ്കേരി യോഗത്തില്‍ തുറന്നു പറഞ്ഞു. തങ്ങള്‍ക്കു നേരെയുള്ള അക്രമങ്ങള്‍ സംയമനത്തോടെ നേരിട്ടുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോഴാണ്  അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പി. ജയരാജനെതിരെ നടന്ന അക്രമത്തെ തുടര്‍ന്ന് ജയകൃഷ്ണന്‍ മാസ്റ്ററെ കൊലപ്പെടുത്തിയപ്പോള്‍ ബി.ജെ.പി തിരിച്ചൊന്നും ചെയ്തില്ളെന്നും വത്സന്‍ തില്ലങ്കേരി ഓര്‍മിപ്പിച്ചു.   സുധീഷ് വധം മുതല്‍ തുടങ്ങി കൊല്ലപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകരുടെയും അക്രമം നേരിട്ടവരുടെയും കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സി.പി.എമ്മിനു വേണ്ടി ഒ.വി. നാരായണനും സംസാരിച്ചു. 10   തവണ ആക്രമിക്കപ്പെട്ട പാര്‍ട്ടി ഓഫീസുകളെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ഒരുകാലത്ത് ഇരട്ട സഹോദരന്മാരെപ്പോലെ സി.പി.എമ്മും ബി.ജെ.പിയും കഴിഞ്ഞിരുന്നുവെന്നും ആ കാലം തിരിച്ചുവരുന്നതിന് പരസ്പരം പൊറുക്കാനും മറക്കാനും കഴിയണമെന്നും വത്സന്‍ തില്ലങ്കേരി പറഞ്ഞു. ഈ വാക്കുകളുടെ പിന്‍പറ്റിയാണ് പിന്നീട് സംസാരിച്ച നേതാക്കളില്‍ മിക്കവരും സംസാരിച്ചത്.

 കൂടുതല്‍ തുറന്ന സമീപനങ്ങള്‍ കൈക്കൊള്ളണമെന്ന രീതിയില്‍ തന്നെയാണ്  ചര്‍ച്ച പുരോഗമിച്ചത്. ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു. സി.പി.എമ്മിനെ പ്രതിനിധാനം ചെയ്തു ച്ച് കെ.പി. സഹദേവന്‍, ഒ.വി. നാരായണന്‍, ബി.ജെ.പിയെ പ്രതിനിധീകരിച്ച് വത്സന്‍ തില്ലങ്കേരി, കെ. രഞ്ചിത്ത്, പി. സത്യപ്രകാശ്, കോണ്‍ഗ്രസിനെ പ്രതിനിധരിച്ച് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്ജ്, വി. പുരുഷോത്തമന്‍, മുഹമ്മദ് ഫൈസല്‍, സി.പി.ഐ നേതാക്കളായ എ. പ്രദീപ്കുമാര്‍, സി.പി. ഷൈജല്‍, ജനതാദള്‍ എസ് നേതാക്കളായ വി. രാജേഷ് പ്രേം, കെ.കെ. രാമചന്ദ്രന്‍, കേരള കോണ്‍ഗ്രസ്(എം.) നേതാവ് പി.ടി. ജോസ്, എന്‍.സി.പി നേതാക്കളായ  ഹമീദ് ഇരിണാവ്, സി.എച്ച് പ്രഭാകരന്‍, കോണ്‍ഗ്രസ്(എസ്) പ്രതിനിധി ഇ.പി.ആര്‍ വേശാല, വെല്‍തെയര്‍ പാര്‍ട്ടി നേതാവ് സി. മുഹമ്മദ് ഇംതിയാസ്, എസ്.ഡി.പി.ഐ നേതാവ് അബ്ദുള്‍ ജബ്ബാര്‍, സി.എം.പി നേതാക്കളായ സി.കെ. നാരായണന്‍, സി.വി. ശശീന്ദ്രന്‍ എന്നിവരും, ജില്ലാ പൊലീസ് ചീഫ് കോറി സഞ്ജയ്കുമാര്‍ ഗുരുദിന്‍, അസി. കലക്ടര്‍ ജെറോമിക് ജോര്‍ജ്ജ്, സബ് കലക്ടര്‍ നവ്ജ്യോത് ഖോസ, എ.ഡിഎം മുഹമ്മദ് യൂസുഫ് എന്നിവരും പങ്കെടുത്തു.

Tags:    
News Summary - kannur peace meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.