കണ്ണൂരില്‍ ഇനിയൊരു കൊല നടന്നാല്‍ ഉത്തരവാദി പാര്‍ട്ടി–സര്‍വകക്ഷി യോഗം

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ ഇനിയൊരു രാഷ്ട്രീയ കൊലപാതകം ഉണ്ടായാല്‍ അതിന്‍െറ ഉത്തരവാദിത്തം, ചെയ്ത പാര്‍ട്ടിക്കായിരിക്കുമെന്നും അത്തരം രാഷ്ട്രീയ കക്ഷികളെ ഒറ്റപ്പെടുത്താനും മന്ത്രിമാരുടെ സാന്നിധ്യത്തില്‍ നടന്ന സര്‍വകക്ഷി സമാധാന യോഗം തീരുമാനിച്ചു. കലക്ടറേറ്റ് ഹാളില്‍ മന്ത്രിമാരായ എ.കെ. ബാലന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ ബി.ജെ.പി, ആര്‍.എസ്.എസ്, സി.പി.എം നേതാക്കളും മറ്റ് 21 രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളും പങ്കെടുത്തു.

മുഖ്യമന്ത്രി നിയമസഭയില്‍ ഉറപ്പ് നല്‍കിയതിന്‍െറ അടിസ്ഥാനത്തിലാണ് മൂന്ന് മന്ത്രിമാര്‍ കണ്ണൂരില്‍ സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി എ.കെ. ബാലന്‍ അറിയിച്ചു. മന്ത്രി കെ.കെ. ശൈലജ  യോഗത്തില്‍ പങ്കെടുത്തില്ല. എം.പിമാരായ പി.കെ. ശ്രീമതി, കെ.കെ. രാഗേഷ്, എം.എല്‍.എമാരായ കെ.സി. ജോസഫ്, ജയിംസ് മാത്യു, ടി.വി. രാജേഷ്, കെ.എം. ഷാജി, ജില്ലാ കലക്ടര്‍, ജില്ലാ പൊലീസ് ചീഫ് എന്നിവരും യോഗത്തിലുണ്ടായിരുന്നു.

കഴിഞ്ഞ 24ന് ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിന്‍െറ തീരുമാനമനുസരിച്ച് വിവിധ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ അതത് വില്ളേജ്തല സമാധാന യോഗം ചേരും. സര്‍വകക്ഷി റാലി നടത്തേണ്ട പ്രദേശങ്ങളുടെ പട്ടിക ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ ഉടന്‍ ഉണ്ടാക്കും.
കൂടുതല്‍ വില്ളേജുകളില്‍ ഓരേ ദിവസം അക്രമമുണ്ടായാല്‍ അന്നുതന്നെ അതത് സ്ഥലത്ത് സര്‍വകക്ഷിയോഗം ചേരും. എല്ലാ പാര്‍ട്ടി നേതാക്കളും സംഭവസ്ഥലം സംയുക്തമായി സന്ദര്‍ശിക്കും.

എല്ലാ മാസവും വില്ളേജ്തല-താലൂക്കുതല യോഗം തുടര്‍ച്ചയായി ചേരും. കഴിഞ്ഞുപോയ സംഭവങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്ത് തര്‍ക്കം രൂക്ഷമാക്കുന്നതിന് പകരം പ്രശ്നപരിഹാരം ചര്‍ച്ച ചെയ്യാനാണ് എല്ലാവരും ശ്രമിക്കേണ്ടതെന്ന് സമാധാന യോഗ വിവരം വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയ മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. പൊലീസിനെ നിഷ്പക്ഷമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. പൊലീസ് പൂര്‍ണമായും നിഷ്പക്ഷമാണെന്ന് ഉറപ്പുവരുത്തും. കുറ്റവാളികള്‍ക്ക് രാഷ്ട്രീയമായ ഒരു പരിരക്ഷയും നല്‍കില്ല.

ജില്ലാ പൊലീസ് ചീഫ് പാര്‍ട്ടി നേതാക്കള്‍ക്ക് നല്‍കിയ കത്ത് സി.പി.എം ജില്ലാ നേതൃത്വം തള്ളിയത് അവരുടെ രാഷ്ട്രീയ നിലപാടാണെന്ന് മന്ത്രി ചോദ്യത്തിന് മറുപടി നല്‍കി. പൊലീസ് അധികാരികള്‍ക്ക് ഇത്തരം കത്ത് നല്‍കാനും താക്കീത് ചെയ്യാനും അധികാരമുണ്ട്. അവര്‍ നല്‍കിയ കത്തില്‍ ക്രമരാഹിത്യം വല്ലതുമുണ്ടെങ്കില്‍ അത് പരിശോധിക്കാം. പൊലീസിനെതിരായ ആക്ഷേപം ആര് ഉന്നയിച്ചാലും ഗൗരവത്തോടെ പരിഗണിക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി.

Tags:    
News Summary - kannur peace meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.