കഞ്ഞിക്കുഴിയിൽ മൂന്ന്‌ വാഹനങ്ങൾ കൂട്ടിയിടിച്ച്‌ രണ്ടുപേർ മരിച്ചു

മാരാരിക്കുളം: ദേശീയപാതയിൽ കഞ്ഞിക്കുഴിയിൽ മൂന്ന്‌ വാഹനങ്ങൾ കൂട്ടിയിടിച്ച്‌ രണ്ടുപേർ മരിച്ചു. രണ്ടുപേർക്ക്‌ പരിക്ക്‌. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. രണ്ടുലോറിയും ഒരു മിനി ലോറിയുമാണ്‌ കൂട്ടിയിടിച്ചത്‌. മിനിലോറി ഡ്രൈവർ ആല പ്പുഴ പൂന്തോപ്പ്‌ വാർഡിൽ മുരിക്കുംപുഴയിൽ ഷിജു വർഗീസും (26) മറ്റൊരാളുമാണ്‌ മരിച്ചത്‌. പരിക്കേറ്റ ആലപ്പുഴ പൂന്തോപ്പ്‌ വാർഡിൽ പുതുക്കരശേരി അഖിലിനെ (22) ചേർത്തല കെവിഎം ആശുപത്രിയിലും പുന്നപ്ര പുതുവൽ (സുനാമി കോളനി) ഖാലിദിന്റെ മകൻ നാസറിനെ (56) വണ്ടാനം മെഡിക്കൽ കോളേജ്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ശനിയാഴ്‌ച രാത്രി ഒമ്പതിനാണ്‌ അപകടം. വെള്ളം കയറ്റി ആലപ്പുഴ ഭാഗത്തുനിന്നും ചേർത്തലയ്‌ക്ക്‌ പോകുകയായിരുന്ന മിനിലോറിയും ആലപ്പുഴ ഭാഗത്തേക്ക്‌ പോവുകയായിരുന്ന മീൻ കയറ്റിയ ലോറിയും കൂട്ടിയിടിക്കുകയായിരുന്നുവെന്ന്‌ പൊലീസ്‌ പറഞ്ഞു. ആലപ്പുഴ ഭാഗത്തേക്ക്‌ പോവുകയായിരുന്ന ചരക്കുലോറിയും ഇതിനിടയിലേക്ക്‌ ഇടിച്ചു കയറി. മിനി ലോറിയും മീൻ ലോറിയും അപകടത്തിൽ പൂർണമായും തകർന്നു. ഈ വാഹനങ്ങൾ വെട്ടിപ്പൊളിച്ചാണ്‌ പരിക്കേറ്റവരെ പുറത്തെടുത്തത്‌.

കെവിഎം ആശുപത്രിയിലേക്ക്‌ കൊണ്ടുപോവും വഴിയാണ്‌ ഷിജു മരിച്ചത്‌. ആലപ്പുഴ തുമ്പോളി പ്രൊവിഡൻസ്‌ ആശുപത്രിയിൽ എത്തിച്ച ശേഷമാണ്‌ രണ്ടാമത്തെയാൾ മരിച്ചത്‌. ഇദ്ദേഹം മീൻ ലോറിയിലുള്ളയാളാണെന്ന്‌ കരുതുന്നു. ഷിജുവിന്റെ സുഹൃത്താണ്‌ അഖിൽ. ഇദ്ദേഹത്തിന്റെ തലയ്ക്കും നട്ടെല്ലിനും പരിക്കുണ്ട്‌. അപകടത്തെ തുടർന്ന് ഒന്നര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ജെ.സി.ബി ഉപയോഗിച്ചാണ് വാഹനങ്ങൾ നീക്കം ചെയ്തത്.

Tags:    
News Summary - Kanjikuzhi road accident-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.