തന്ത്രി കണ്ഠരര് രാജീവര് ജയിലിൽ; ജാമ്യാപേക്ഷ 13ന് പരിഗണിക്കും

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരെ റിമാൻഡ് ചെയ്തു. തന്ത്രിയെ തിരുവനന്തപുരം സ്പെഷൽ സബ് ജയിലിലേക്ക് മാറ്റി.

കട്ടിളപ്പാളി കേസിൽ 13ാം പ്രതിയാണ്. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. ജാമ്യാപേക്ഷ 13ന് പരിഗണിക്കും.ഇതോടെ, സ്വർണക്കവർച്ച‍യിൽ അറസ്റ്റിലായവരുടെ എണ്ണം 11 ആയി. ശബരിമലയിൽ പോറ്റിയെ കേറ്റിയതും ശക്തനാക്കിയതും തന്ത്രി രാജീവര് ആയിരുന്നുവെന്നും തന്ത്രിയുടെ ആളാണെന്ന നിലയിലാണ് സന്നിധാനത്തും ദേവസ്വം ഉദ്യോഗസ്ഥർക്കിടയിലും ഉണ്ണികൃഷ്ണൻ പോറ്റി സ്വാധീനം ഉറപ്പിച്ചതെന്നും ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ.പത്മകുമാറും അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു.

തന്ത്രിയുടെ അനുമതിയോടെയാണ് സ്വർണം പതിച്ച പാളികൾ അറ്റകുറ്റപ്പണിക്കായി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തുവിട്ടതെന്നും ദൈവതുല്യനായി കണ്ടവർ ചതിക്കുമെന്ന് കരുതിയിരുന്നില്ലെന്നും പത്മകുമാർ എസ്.ഐ.ടിക്ക് മുന്നിൽ ആവർത്തിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ കഴിഞ്ഞ നവംബറിൽ തന്ത്രിയെ ചോദ്യം ചെയ്തെങ്കിലും പത്മകുമാറിന്‍റെയും ഉദ്യോഗസ്ഥരുടെയും ആരോപണങ്ങൾ നിഷേധിക്കുകയായിരുന്നു.

ക്ഷേത്രത്തിലെ സ്ഥാവര, ജംഗമ സ്വത്തുക്കളുടെ ചുമതല ദേവസ്വം ബോർഡിനാണെന്നും ദേവസ്വം ഉദ്യോഗസ്ഥരാണു പാളികളുടെ അറ്റകുറ്റപ്പണിക്കായി സമീപിച്ചതെന്നുമായിരുന്നു തന്ത്രി കണ്ഠര് രാജീവര് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. ബോർഡ് അപേക്ഷിച്ചപ്പോൾ അനുമതിയും ദേവന്‍റെ അനുജ്ഞയും നൽകുകയാണു ചെയ്തത്. എന്നാൽ, പാളികൾ ശബരിമലക്ക് പുറത്തേക്ക് കൊണ്ടുപോകാൻ അനുമതി നൽകിയില്ലെന്നാണ് മൊഴി നൽകിയിരുന്നത്.

അതേസമയം, പാളികൾ സന്നിധാനത്തിന് പുറത്തേക്ക് കടത്താൻ അവസരമൊരുക്കിയത് തന്ത്രിയാണെന്ന് അന്വേഷണ സംഘം ഉറപ്പിക്കുകയായിരുന്നു. തന്ത്രി നൽകിയ അനുമതികളിൽ മൂന്നെണ്ണം സംശയാസ്പദമാണെന്ന് അന്വേഷണസംഘം കണ്ടെത്തി. പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകാനും അവ ചെന്നൈയിലേക്ക് കൊണ്ടുപോകാനും അനുമതി കൊടുത്തില്ലെന്ന വാദം വിശ്വാസത്തിലെടുക്കാൻ അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി ശശിധരൻ തയ്യാറായില്ല. ഉണ്ണികൃഷ്ണൻ പോറ്റിക്ക് തന്നെ ശബരിമലയിലെ ചില സ്പോൺസർഷിപ്പുകൾ നൽകാൻ തന്ത്രി ബോർഡിലടക്കം ഇടപെട്ടിരുന്നു. ഇതും സംശയകരമാണ്. ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും തന്ത്രിയുടെ അനുമതി അഥവാ അനുജ്ഞ ആവശ്യമാണ്. ദേവസ്വം ഭരണസമിതിയും ഉണ്ണികൃഷ്ണൻ പോറ്റിയുടെ കാര്യത്തിൽ തന്ത്രിയെ വിശ്വാസത്തിലെടുത്താണ് മുന്നോട്ടുപോയതെന്നും എസ്.ഐ.ടി കണ്ടെത്തി. 

തെറ്റ് ചെയ്തിട്ടില്ലെന്ന് തന്ത്രി

തിരുവനന്തപുരം: താനൊരു തെറ്റും ചെയ്തിട്ടില്ലെന്ന് തന്ത്രി കണ്ഠര് രാജീവര്. അറസ്റ്റിന് ശേഷം വൈദ്യ പരിശാധനക്കായി ജനറൽ ആശുപത്രിയിലെത്തിച്ചപ്പോഴാണ് മാധ്യമങ്ങളോട് തന്ത്രി പ്രതികരിച്ചത്. അതേസമയം, തന്ത്രിയുടെ അറസ്റ്റിൽ പ്രതികരിക്കാനില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. ജയകുമാർ അറിയിച്ചു. 

Tags:    
News Summary - Kandararu Rajeevaru in remand; bail application to be considered on the 13th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.