'തീവ്ര നിലപാടുകാരുമായുള്ള ബന്ധം ലീഗ് തന്നെയാണ് വിശദീകരിക്കേണ്ടത്'; എം.വി. ഗോവിന്ദന്‍റെ പ്രസ്താവനയിൽ അതൃപ്തിയുമായി കാനം

തിരുവനന്തപുരം: മുസ്‍ലിം ലീഗ്​ വ​ർ​ഗീ​യ പാ​ർ​ട്ടി​യല്ലെന്നും ജനാധിപത്യ പാർട്ടിയാണെന്നുമുള്ള സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ പ്രസ്താവനയിൽ അതൃപ്തി പ്രകടമാക്കി സി.പി.ഐ. തീവ്ര നിലപാടുകാരുമായുള്ള ബന്ധത്തെ കുറിച്ച് ലീഗ് തന്നെയാണ് വിശദീകരിക്കേണ്ടതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. അവർ അത് ചെയ്യാതെ നമ്മൾ ഗുഡ് സർവിസ് എൻട്രി കൊടുക്കേണ്ട കാര്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

മതേതര നിലപാട് സ്വീകരിച്ചിട്ടുള്ള പാർട്ടിയാണ് ലീഗ് എന്നതിൽ തർക്കമില്ല. എന്നാൽ ബാബറി മസ്ജിദിന്‍റെ തകർച്ചക്ക് ശേഷം മുസ്ലിം വിഭാഗത്തിലെ തീവ്രനിലപാടുകാരുമായി പലതവണ വേദി പങ്കിട്ടു. എസ്.ഡി.പി.ഐ പോലെ തീവ്രവാദമുള്ള സംഘടനയാണ് ലീഗ് എന്ന് ആരും പറയില്ല. എന്നാൽ, ഇത്തരം ശക്തികളുമായുള്ള ബന്ധത്തെ കുറിച്ച് ലീഗ് തന്നെയാണ് വിശദീകരിക്കേണ്ടത്.

ഇടതുപാർട്ടികളുമായി പലപ്പോഴും ലീഗ് സഹകരിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ കാലം അവരുമായി മന്ത്രിസഭയിൽ പങ്കാളിയായ ഇടതുപാർട്ടി സി.പി.ഐയാണ്. അതിനാൽ ആ പാർട്ടിയെയും നിലപാടുകളെയും സി.പി.ഐക്ക് നല്ലപോലെ അറിയാം. അതിനകത്ത് ചില മാറ്റങ്ങൾ വരുമ്പോൾ വ്യക്തത വരുത്തേണ്ടത് അവരാണ്. അവർ അത് ചെയ്യാതെ നമ്മൾ ഗുഡ് സർവിസ് എൻട്രി കൊടുക്കേണ്ട കാര്യമുണ്ടോ -കാനം ചോദിച്ചു.

ഏത് സാഹചര്യത്തിലാണ് സി.പി.എം സെക്രട്ടറി ലീഗിനെ കുറിച്ച് പറഞ്ഞത് എന്നറിയില്ല. മുന്നണിയിലേക്ക് ക്ഷണിക്കാനല്ല എന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇടത് മുന്നണി വിപുലീകരണം മുന്നണിയിൽ ചർച്ച ചെയ്ത് മാത്രമേ നടക്കൂ. അങ്ങനെയൊരു ചർച്ച ഇപ്പോൾ മുന്നണിയിലില്ല. യു.ഡി.എഫിൽ ഉറച്ചുനിൽക്കുന്നുവെന്ന് ലീഗിനെ കൊണ്ട് പ്രസ്താവിക്കാൻ പ്രചോദനമാകുകയാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - Kanam Rajendran about MV Govindans statement on muslim league

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.