തൃശൂർ: കാത്തിരുന്ന കലോത്സവത്തിെൻറ കോൽപ്പെരുക്കത്തിന് ഇനി ഒരു നാൾ കൂടി ബാക്കി. ഒന്നിനൊന്ന് വിജയമുറപ്പിക്കാനുള്ള അണിയറ നീക്കങ്ങൾക്ക് ആവേശത്തിെൻറ ആവേഗം. വ്യാഴാഴ്ച വൈകീട്ട് സ്വർണക്കപ്പ് സാംസ്കാരിക നഗരിയിലെത്തുന്നതോടെ കലോത്സവ ആരവം വാനോളമുയരും. നിലവിലെ ജേതാക്കളായ കോഴിക്കോട്ടുകാർ രാവിലെ 10.30 ഒാടെ ജില്ല അതിർത്തിയായ കടവല്ലൂരിൽ സ്വർണക്കപ്പ് എത്തിക്കും. കനത്ത സുരക്ഷയിൽ സീൽ ചെയ്ത പെട്ടിയിലാണ് 117.5 പവെൻറ കപ്പ് എത്തിക്കുന്നത്. 11 ഒാടെ മന്ത്രിമാരായ സി. രവീന്ദ്രനാഥും വി.എസ്. സുനിൽകുമാറും ചേർന്ന് പെരുമ്പിലാവിൽ ഏറ്റുവാങ്ങും. തുടർന്ന് തുറന്ന ജീപ്പിൽ സംഘാടകർ ആവേശത്തിരയിളക്കി സ്വർണക്കപ്പിനെ കലോത്സവ നഗരിയിൽ എത്തിക്കും. അധ്യാപകരും രക്ഷിതാക്കളും അനുഗമിക്കും. വഴി നീളെ വിദ്യാർഥികൾ പുഷ്പാർച്ചനയോടെ കപ്പിനെ വരവേൽക്കും. വൈകീട്ട് നാലിന് ഒന്നാം വേദിയായ ‘നീർമാതള’ത്തിൽ കപ്പ് എത്തിക്കും. ഉടൻ സ്വർണക്കപ്പ് ട്രഷറിയിൽ സൂക്ഷിക്കും. സമാപന ദിവസമേ പുറത്തെടുക്കൂ. അതുവരെ ‘അപരൻ’ അരങ്ങ് വാഴും.
പാചകപ്പുരയിൽ വ്യാഴാഴ്ച രാവിലെ പാൽ കാച്ചും. വിദ്യാർഥികൾ വഴി ശേഖരിക്കുന്ന പച്ചക്കറി, തേങ്ങ തുടങ്ങിയ വിഭവങ്ങൾ ഏറ്റുവാങ്ങി കലവറ നിറക്കലിന് തുടക്കം കുറിക്കുകയും ചെയ്യും. അതോടൊപ്പം ‘നീർമാതള’ത്തിെൻറ സമർപ്പണവും നടക്കും. പന്തലിൽ ശബ്ദവും വെളിച്ചവും സ്വിച്ച് ഒാണും അതോടൊപ്പം നടക്കും. കലോത്സവ ഫേസ്ബുക്കിനും വാർത്തപത്രികക്കും സംഘടാകർ ‘ഇലഞ്ഞി’ എന്ന് പേർ നൽകി. തൃശൂർ പൂരത്തിെൻറ ഏറ്റവും ആകർഷക ഇനമായ ഇലഞ്ഞിത്തറ മേളത്തിെൻറ പ്രാധാന്യവും പ്രധാന മൂന്ന് വേദികൾ പൂരപ്പറമ്പിലാണെന്നതും കണക്കിലെടുത്താണിത്. വേദികൾക്ക് പേരുകൾ ഇട്ടപ്പോൾ ഇലഞ്ഞിയെ സംഘാടകർ മറന്നത് ‘മാധ്യമം’ ചൂണ്ടിക്കാണിച്ചിരുന്നു. ഫേസ് ബുക്ക് പേജിന് വ്യാഴാഴ്ച തുടക്കം കുറിക്കും. വാർത്തപത്രിക ബുധനാഴ്ച പ്രകാശനം ചെയ്തു.
കലോത്സവ വെബ്സൈറ്റും ബ്ലോഗും വ്യാഴാഴ്ച തുറക്കും. പ്രോഗ്രാം കമ്മിറ്റി ബുധനാഴ്ച ചേർന്ന് ഒരുക്കങ്ങൾ വിലയിരുത്തി. വേദികളുടെ ചുമതല വിഭജിച്ച് നൽകുകയും വേദിയിൽ ഡ്യൂട്ടിയുള്ളവർക്ക് പരിശീലനം നൽകുകയും ചെയ്തു. വെള്ളിയാഴ്ച കലോത്സവ നഗരിയിൽ പതാക ഉയരും. അപ്പീലുകൾ പരിഗണിക്കലും അന്ന് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.