കെ.ആർ. അജയൻ
ദേശാഭിമാനി പത്രത്തിൽ 'കള്ളൻ വിജയൻ' വിവാദം; വാരാന്തപ്പതിപ്പ് ന്യൂസ് എഡിറ്റർ രാജിവെച്ചു
തിരുവനന്തപുരം: ‘കള്ളൻ വിജയൻ’ ലേഖന വിവാദത്തിന് പിന്നാലെ ദേശാഭിമാനി വാരാന്തപ്പതിപ്പ് ചുമതലയുണ്ടായിരുന്ന ന്യൂസ് എഡിറ്റർ കെ.ആർ. അജയൻ രാജിവെച്ചു. വിവാദത്തെ തുടർന്ന് ദീർഘകാല അവധിയിൽ പ്രവേശിക്കുകയോ അല്ലെങ്കിൽ രാജിവെക്കുകയോ വേണമെന്ന് മാനേജ്മെന്റ് നിർദേശിച്ചിരുന്നു. ഒരു മാസത്തോളമായി അജയൻ ഓഫിസിൽ എത്തിയിരുന്നില്ല. വാരാന്തപ്പതിപ്പിന്റെ ചുമതല പത്രാധിപ സമിതി മറ്റൊരാളെ ഏൽപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് ഇനി ഏതാനും മാസം മാത്രം സർവിസ് ബാക്കിയിരിക്കെ രാജി.
തിരുവനന്തപുരം പുല്ലമ്പാറയിലെ നാടക കലാകാരൻ വിജയനെക്കുറിച്ച് ദേശാഭിമാനി വാരാന്തപ്പതിപ്പിൽ തയാറാക്കിയ ഫീച്ചറിന് ‘കള്ളൻ വിജയൻ, ധന്യ നാടകഗ്രാമം, മുത്തിപ്പാറ പി.ഒ’ എന്ന് തലക്കെട്ട് നൽകിയതാണ് വിവാദത്തിന്റെ തുടക്കം. വി.എസ്. അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷിക അനുസ്മരണ പതിപ്പായി പുറത്തിറക്കേണ്ടിയിരുന്ന വാരാന്തപ്പതിപ്പിന്റെ ഉൾപേജിലാണ് ഈ ലേഖനം ഉൾപ്പെട്ടത്. എന്നാൽ, തലക്കെട്ട് രാഷ്ട്രീയ എതിരാളികൾ പിണറായി വിജയനെതിരെ ദുർവ്യാഖ്യാനം ചെയ്യാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിൽ സപ്ലിമെന്റ് പിൻവലിക്കുകയും പിറ്റേന്ന് കള്ളൻ വിജയനെ കുറിച്ച ലേഖനം ഒഴിവാക്കി പുറത്തിറക്കുകയുമായിരുന്നു. ഒന്നാം പേജിൽ വി.എസിന്റെ ഓർമക്കുറിപ്പായി ‘മുഴങ്ങുന്നിപ്പോഴും ആ കടലിരമ്പം’ എന്നതിലെ ‘കടലിരമ്പം’ എന്ന പ്രയോഗം പഴയ വി.എസ്-പിണറായി വിഭാഗീയ കാലഘട്ടത്തെയും അതിലെ ആഭ്യന്തര തർക്കങ്ങളെയും ഓർമിപ്പിക്കുമെന്ന സംശയവും സി.പി.എം നേതൃത്വത്തിനുണ്ടായിരുന്നു.
എഡിറ്റോറിയൽ ചുമതലയുണ്ടായിരുന്ന കെ.ആർ. അജയന് മാനേജ്മെന്റ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. എന്നാൽ, തലക്കെട്ടിൽ പാർട്ടി വിരുദ്ധമായി ഒന്നുമില്ലെന്ന നിലപാടിലായിരുന്നു അദ്ദേഹം. പിന്നാലെയാണ് രാജിയോ അവധിയോ എന്ന നിർദേശമുണ്ടായത്. കള്ളൻ വിജയനെക്കുറിച്ച ലേഖനം വാരാന്തപതിപ്പിലില്ലെന്ന് ആദ്യം വ്യക്തമാക്കിയ റസിഡന്റ് എഡിറ്റർ എം. സ്വരാജ്, പിന്നീട് അങ്ങനെയൊരു ലേഖനം ദേശാഭിമാനിയിലേക്ക് വന്നിട്ടുണ്ടോ എന്നത് മറ്റുള്ളവർക്ക് മുന്നിൽ വിശദീകരിക്കേണ്ട ആവശ്യമില്ലെന്ന് വ്യക്തമാക്കി. അതിനിടെ, അജയൻ അനുവാദം തന്നതിനെ തുടർന്നാണ് കള്ളൻ വിജയനെക്കുറിച്ച് ദേശാഭിമാനിക്കായി ഫീച്ചർ തയാറാക്കിയതെന്ന് വിശദീകരിച്ച് ടി.സി. രാജേഷ് രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.