ജിജി ജോസഫ്, വി.ഡി. സതീശൻ
കൊച്ചി: പി.എം ശ്രീയിൽ നിന്ന് പിന്മാറാൻ കേരളത്തിന് സ്വാതന്ത്ര്യമുണ്ടെന്നും പദ്ധതിയിൽ നിന്ന് പിന്മാറിയാൽ കേന്ദ്ര സർക്കാർ കേരളത്തിന്റെ കുത്തിന് പിടിക്കില്ലെന്നും ബി.ജെ.പി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്. മുഖ്യമന്ത്രിയുടെ മണ്ഡലമായ പറവൂരിൽ ബി.ജെ.പി നടത്തിയ ധർണയിലാണ് വി.ഡി. സതീശനെ വെല്ലുവിളിച്ചത്.
‘ഒപ്പിട്ടതിനാൽ പിന്മാറാൻ കഴിയില്ലെന്ന് പറഞ്ഞ് ആളുകളെ പറ്റിക്കരുത്. പി.എം ശ്രീ പദ്ധതിയിൽ നിന്ന് വിട്ടുനിൽക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാന സർക്കാറിനുണ്ടെന്ന് കേന്ദ്രം പാർലമെന്റിൽ വ്യക്തമാക്കി കഴിഞ്ഞു. ഇനി യു.ഡി.എഫ് സർക്കാർ ആർജവം കാണിക്കണം. പദ്ധതിയിൽ നിന്ന് പിന്മാറിയാൽ മറ്റുള്ള ഗ്രാന്റുകളെ ബാധിക്കില്ല. പദ്ധതിയിൽ നിന്ന് പിന്മാറിയെന്ന കാരണത്താൽ കേന്ദ്രം കേരളത്തിന്റെ കുത്തിന് പിടിക്കാൻ വരില്ല’ -ജിജി ജോസഫ് ധർണയിൽ പ്രസംഗിച്ചു.
പി.എം ശ്രീ ഒപ്പിട്ടപ്പോൾ സി.പി.ഐക്ക് പിന്നാലെ നാട്ടിലെ ജമാഅത്തെ ഇസ്‍ലാമിക്കാരും എസ്.ഡി.പി.ഐക്കാരും ഇറങ്ങിയത് കൊണ്ടാണ് പിണറായി സർക്കാർ പിന്നോട്ട് പോയതെന്ന് ജിജി ജോസഫ് ആരോപിച്ചു. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ പി.എം ശ്രീ പദ്ധതി അറബിക്കടലിൽ എറിയുമെന്നാണ് മന്ത്രി കെ.എം. ഷാജി പറഞ്ഞത്. എയറോപ്ലെയിൻ പറക്കും പോലെ വേഗത്തിൽ യു.ഡി.എഫ് എത്തി. വേങ്ങരയിൽ നിന്ന് 50 കിലോമീറ്ററേ അറബിക്കടലിലേക്കുള്ളൂ. എന്നിട്ട് പി.എം ശ്രീ പദ്ധതി കൊണ്ട് കടലിൽ കളഞ്ഞോ എന്നും അദ്ദേഹം ചോദിച്ചു.
പദ്ധതിയിൽ ഒപ്പിട്ട് പിണറായി സർക്കാറും പിന്മാറാതെ വി.ഡി. സതീശൻ സർക്കാറും കേന്ദ്രത്തിന് മുന്നിൽ മുട്ടുമടക്കിയെന്ന് ബി.ജെ.പി നേതാക്കൾ പറയുന്നതിനിടെയാണ് ജിജി ജോസഫ് വ്യത്യസ്ത നിലപാട് സ്വീകരിച്ച് രംഗത്തെത്തിയത്. മൂവാറ്റുപുഴ നിയോജക മണ്ഡലത്തിൽ ജിജി ജോസഫ് ബി.ജെ.പി സ്ഥാനാർഥിയായിട്ടുണ്ട്.
പി.എം ശ്രീ പദ്ധതി അഴുക്കുചാലിൽ ഒഴുക്കണമെന്ന കെ.എം. ഷാജിയുടെ പ്രസ്താവനയിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് കഴിഞ്ഞ ദിവസം ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് ആവശ്യപ്പെട്ടിരുന്നു. പി.എം ശ്രീയെ അക്കാദമിക പുരോഗതിക്കുള്ള അവസരമായാണോ, അതോ അഴുക്കുചാലിൽ ഒഴുക്കേണ്ട പദ്ധതിയായാണോ കാണുന്നതെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കണമെന്നായിരുന്നു ആവശ്യം.
സംസ്ഥാന സർക്കാറിന്റെ നയപരമായ നിലപാട് പ്രഖ്യാപിക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും കൃഷ്ണദാസ് പറഞ്ഞിരുന്നു. കേന്ദ്രസർക്കാറിന്റെ പദ്ധതികളിലൂടെ കേരളത്തിലെ വിദ്യാർഥികൾക്ക് ലഭിക്കേണ്ട അവസരങ്ങൾ രാഷ്ട്രീയ താൽപര്യങ്ങളുടെ പേരിൽ നിഷേധിക്കരുതെന്നും ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.