കോഴിക്കോട്: ആലപ്പുഴയിൽ നടന്ന കുടുംബശ്രീ സംസ്ഥാന വിപണന മേളയുമായി ബന്ധപ്പെട്ടുണ്ടായ 'പരവതാനി വിവാദത്തിൽ' വിശദീകരണവുമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി. താൻ മണ്ണിൽ ചവിട്ടി വളർന്നയാളാണെന്നും ആ മണ്ണിലേക്കു തന്നെ തിരികെ പോകണെമെന്ന് വിശ്വാസവും ധാരണയുമുണ്ടെന്നും, വഴിയിൽ കാർപ്പറ്റ് വിരിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പരിപാടി നടക്കുന്ന സ്ഥലത്തെത്തിയ ഉടൻ താൻ നേരെ വേദിയിലേക്ക് കയറുകയായിരുന്നു. പരവതാനി വിരിക്കാത്തതിന്റെ പേരിൽ മന്ത്രി കാറിൽ നിന്നിറങ്ങിയില്ലെന്ന തരത്തിൽ കൈരളിയും ജനം ടിവിയും നൽകിയ വാർത്തകൾ അടിസ്ഥാനരഹിതമാണ്. അങ്ങനെ ഒരു സംഭവം ഓർമയിൽ പോലുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവാദങ്ങൾക്ക് പിന്നിൽ കൈരളിയുടെ ലേഖകനെന്ന് സ്വയം പരിചയപ്പെടുത്തിയ ഒരു വ്യക്തിയുടെ അവിഹിത താല്പര്യങ്ങളാണെന്ന് മന്ത്രി ആരോപിച്ചു. വാർത്ത നൽകാതിരിക്കാൻ ഇയാൾ ചില കാര്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. അത് നടക്കാതെ വന്നപ്പോഴാണ് ഇത്തരം വാർത്തകൾ കെട്ടിച്ചമച്ചതെന്ന് മന്ത്രി പറഞ്ഞു.
കില, ക്ലീൻ കേരള, കുടുംബശ്രീ തുടങ്ങിയ എൽ.എസ്.ജി.ഡി മിഷനുകളിൽ ഐ.എ.എസ് ഉദ്യോഗസ്ഥരെക്കാൾ കൂടുതൽ ശമ്പളം പറ്റി പാർട്ടിയുടെ താല്പര്യത്തിനായി മാത്രം ജോലി ചെയ്യുന്ന അനവധി ആളുകളുണ്ടെന്ന് കെ.എം. ഷാജി ആരോപിച്ചു. "ഇത്തരം പോസ്റ്റുകളിൽ നിന്ന് ആളുകളെ മാറ്റി വേറെയാളുകളെ പ്രതിഷ്ഠിക്കുകയല്ല, മറിച്ച് സർക്കാരിന്റെ പൊതുസ്വത്ത് കട്ടുമുടിക്കുന്ന ഈ സി.പി.എം ലോബികളെ പൂർണമായി ഡെമോളിഷ് ചെയ്യുകയാണ് ലക്ഷ്യം. നാളെ മന്ത്രിസ്ഥാനത്ത് ഇല്ലെങ്കിലും, ഈ കസേരയിൽ ഇരിക്കുന്ന കാലത്തോളം ഇത്തരക്കാർക്കെതിരെ കർശന നടപടി തുടരും," അദ്ദേഹം വ്യക്തമാക്കി.
പഞ്ചായത്തുകളിൽ നടക്കുന്ന പാർട്ടി പരിപാടികൾ വിജയിപ്പിക്കുന്നതിനോ മന്ത്രിമാരുടെ പ്രസംഗങ്ങൾക്ക് ആളെ കൂട്ടുന്നതിനോ കുടുംബശ്രീ വോളണ്ടിയർമാരെ ഉപയോഗിക്കുന്ന രീതി പൊളിച്ചെഴുതുമെന്നും, കുടുംബശ്രീയെ അതിന്റെ യഥാർത്ഥ ലക്ഷ്യത്തിലേക്ക് കൊണ്ടുവരികയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.