തിരുവനന്തപുരം: കല്ലട ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട കേസിൽ അഞ്ച് എൻജിനീയർമാരും ഒരു കരാറുകാരനുമടക്കം ആറ് പേർക്ക് മൂന്ന് വർഷം കഠിനതടവും രണ്ട് ലക്ഷം വീതം പിഴയും. ആകെ എട്ട് പ്രതികളുണ്ടായിരുന്ന കേസിൽ ഒന്നും ആറും പ്രതികൾ വിചാരണവേളയിൽ മരിച്ചിരുന്നു. വിചാരണ നേരിട്ട ആറ് പ്രതികയെും തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി ജഡ്ജി അജിത്കുമാർ ശിക്ഷിച്ചു. സൂപ്രണ്ടിങ് എൻജിനീയർമാരായ വിദ്യാധരൻ, അബ്ദുൽഹമീദ്, എക്സിക്യൂട്ടിവ് എൻജിനീയർമാരായ പി.ടി. തോമസ്, മുരളീധരൻ, നാരായണസ്വാമി, കരാറുകാരനായ ഇസ്മായിൽകുട്ടി എന്നിവരെയാണ് ശിക്ഷിച്ചത്.
അഴിമതിനിയമ പ്രകാരവും ഇന്ത്യൻ ശിക്ഷ നിയമപ്രകാരവുമാണ് ശിക്ഷ. 1992-93 കാലയളവിൽ കല്ലട ജലസേചനപദ്ധതിയുടെ വലതുകര കനാൽ പദ്ധതിയിലെ കെല്ലക മൈനർ ഡിസ്ട്രിബ്യൂട്ടറിയുമായി ബന്ധപ്പെട്ട ജോലിയിലെ കരാറിൽ തിരിമറി നടത്തി സർക്കാറിന് 37 ലക്ഷം നഷ്ടം വരുത്തിയെന്നാണ് വിജിലൻസ് കേസ്. കൊല്ലം വിജിലൻസ് യൂനിറ്റ് അന്വേഷണം പൂർത്തിയാക്കി 2008ൽ കുറ്റപത്രം സമർപ്പിച്ചു. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ 500 ഹെക്ടർ ഭൂമിയിൽ കൃഷി ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് 86-ൽ 700 കോടി ചെലവിൽ തെന്മല പരപ്പാർ ഡാമും കനാൽ ശൃംഖലയും കെ.ഐ.പി പണികഴിപ്പിച്ചത്. പത്തനാപുരം, കൊട്ടാരക്കര, കൊല്ലം, കുന്നത്തൂർ, കരുനാഗപ്പള്ളി, അടൂർ, മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകളിലേക്കാണ് പദ്ധതിയിൽനിന്ന് ജലമെത്തുന്നത്. 1986-ൽ വലത് കരകനാലും 1992-ൽ ഇടത്കര കനാലും കമീഷൻ ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.