കാലിയ റഫീഖ് വധം: ഏഴുപേർക്കെതിരെ കേസ്: ഒറ്റിക്കൊടുത്തത് കൂടെയുള്ളവർ

മഞ്ചേശ്വരം : കാലിയ റഫീഖിനെ മംഗളൂരു കോട്ടക്കാർ ദേശീയപാതയിൽ പെട്രോൾ പമ്പിന് സമീപം വാഹനം ഇടിച്ച ശേഷം വെടിവെക്കുകയും വെട്ടിക്കൊല്ലുകയും ചെയ്ത സംഭവത്തിൽ ഏഴു പേർക്കെതിരെ ഉള്ളാൾ പൊലീസ് നരഹത്യക്ക് കേസെടുത്തു. കാലിയ റഫീഖിനൊപ്പം കാറിലുണ്ടായിരുന്ന സുഹൃത്തും മണിമുണ്ടേ സ്വദേശിയുമായ മുഹമ്മദ് സാഹിദിൻറെ പരാതി പ്രകാരമാണ് പൊലീസ് കേസെടുത്തത്. എന്നാൽ എഫ്.ഐ.ആറിൽ ആരുടേയും പേരുകൾ ചേർത്തിട്ടില്ലെന്നു ഉള്ളാൾ പൊലീസ് പറഞ്ഞു. കേസിൽ പ്രതികളെ കുറിച്ച് പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. എല്ലാവരും ഒളിവിലാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

റഫീഖിനൊപ്പം സാഹിദും രണ്ടു കാസർകോഡ് സ്വദേശികൾക്കൊപ്പം റിറ്റ്സ് കാറിൽ പൂനയിലേക്ക് യാത്ര പുറപ്പെട്ട സംഘത്തിന് കോട്ടക്കറിൽ വെച്ചാണ് അക്രമം നടന്നത്. നാലുവരിപ്പാത പൂർത്തിയാക്കിയ ഇവിടെ റഫീഖ് സഞ്ചരിച്ച കാറിന്‍റെ എതിർദിശയിൽ വണ്‍വേ നിയന്ത്രണം തെറ്റിച്ച് എത്തിയ ടിപ്പർ ലോറിയിലെത്തിയ കൊലയാളികൾ ആദ്യം ഇവരുടെ കാറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കാറിൽ നിന്നും ഇറങ്ങിയ റഫീഖിനെ ടിപ്പറിൽ ഉണ്ടായിരുന്ന രണ്ടുപേരും ഇവരെ പിന്നാലെ പിന്തുടർന്നെത്തിയ കാറിൽ ഉണ്ടായിരുന്ന അഞ്ചു പേരും ചേർന്ന് വാളുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ കൊണ്ട് വെട്ടുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച സുഹൃത്ത് സാഹിദിനും നേരെയും അക്രമം നടന്നു. വികലാംഗനായ ഇയാളുടെ മൂന്നു കൈവിരലുകൾ അക്രമത്തിൽ വേർപ്പെട്ടുപോയിട്ടുണ്ട്.

റഫീഖിനൊപ്പം കാറിൽ ഉണ്ടായിരുന്ന കാസർകോട് സ്വദേശികളായ രണ്ടു പേർ ഓടിരക്ഷപ്പെടുകയും ചെയ്തു. ജീവന് ഭീഷണി ഉള്ളതിനാൽ എന്നും തോക്ക് കൈവശം വെച്ചാണ് റഫീഖ് സഞ്ചരിക്കാറുള്ളത്. എന്നാൽ ദൂരയാത്രക്ക് പുറപ്പെടുമ്പോൾ തോക്ക് എടുക്കാറില്ല. കൊലപാതകം നടന്ന ദിവസവും റഫീഖ് തോക്ക് കൈവശം വെച്ചിരുന്നില്ല. ഈ വിവരവും യാത്ര പോവുന്ന വിവരവും കൂടെയുണ്ടായിരുന്ന ആൾ കൃത്യമായി അക്രമികൾക്ക് ചോർത്തി നൽകിയതെന്ന് വ്യക്തമാണ്. കൊലപാതകത്തിന് ശേഷം കാസർകോട് സ്വദേശികളായ ഈ രണ്ടുപേർ ഒളിവിലാണ്. ഇവർ എവിടേക്ക് രക്ഷപെട്ടെന്നും കണ്ടെത്താൻ പോലീസിനും സാധിച്ചിട്ടില്ല.

പദ്ധതി തയ്യാറാക്കിയത് ഒരു മാസം മുമ്പേ..

അതേ സമയം,കാലിയ റഫീഖിനെ കൊലപ്പെടുത്താൻ ഒരുമാസം മുമ്പേ കൊലയാളികൾ പദ്ധതി തയ്യാറാക്കിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മൂന്നു വർഷം മുമ്പ് നടന്ന മുത്തലിബ് കൊലയും തുടർന്ന് കാസർകോട് കോടതി വളപ്പിൽ നടന്ന കൊലപാതക ശ്രമവും മാസങ്ങൾക്ക് മുമ്പ് ഉപ്പളയിൽ നടന്ന വെടിവെപ്പും മൂലം കസായി അലി, കാലിയ റഫീഖ് എന്നിവർ തമ്മിൽ കുടിപ്പക ഉണ്ടായിരുന്നു. ഇതിനു ശേഷം അലിയെ വധിക്കാൻ റഫീഖ് പദ്ധതി തയ്യാറാക്കിയിരുന്നതായി അലിയുടെ കൂട്ടാളികൾ സംശയിച്ചിരുന്നു. ഇത് മുൻകൂട്ടി കണ്ടാണ് ആദ്യം തന്നെ അക്രമം നടത്താൻ ഇവർ തുനിഞ്ഞതെന്നാണ് പൊലീസ് നൽകുന്ന സൂചന.

കാലിയ റഫീഖ് സഞ്ചരിച്ച കാറിനെ ഇടിച്ച ടിപ്പർ ലോറി മൂന്നു വർഷം മുമ്പ് കൊല്ലപ്പെട്ട അബ്ദുൽ മുത്തലിബിന്‍റെ ഉടമസ്ഥതയിൽ ആണ് ഉള്ളത്. ഈ വാഹനം മാസങ്ങൾക്ക് മുമ്പ് മണൽ കടത്തുന്നതിനിടയിൽ മഞ്ചേശ്വരം പൊലീസ് പിടിക്കൂടിയിരുന്നു. എന്നാൽ പിന്നീട് പിഴചുമത്തി വിട്ടയക്കുകയായിരുന്നു. ഈ ടിപ്പർ നിലവിൽ മുത്തലിബിന്‍റെ സഹോദരൻ നൂർ അലിയാണ് കൈകാര്യം ചെയ്തിരുന്നതെന്നും പൊലീസ് പറഞ്ഞു.

Tags:    
News Summary - kaliya rafeeq

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.