കാളികാവ് (മലപ്പുറം): അടക്കാക്കുണ്ട് റാവുത്തൻകാട്ടിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അബ്ദുൽ ഗഫൂർ ജീവനു വേണ്ടി പിടയുന്നതിന് സാക്ഷിയായതിന്റെ നടുക്കത്തിലാണ് അബ്ദുസ്സമദ്. വനത്തിനോട് ചേർന്ന റബർ തോട്ടത്തിൽ പുലർച്ച ടാപ്പിങ്ങിനെത്തിയതായിരുന്നു ഗഫൂറും അബ്ദുസ്സമദും. ടാപ്പിങ് തുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളൂ. ഇതിനിടയിലാണ് സമീപത്ത് ടാപ്പിങ് നടത്തുകയായിരുന്ന ഗഫൂറിനെ കടുവ പിടികൂടുന്നത് സമദ് കണ്ടത്. അതിഭീകര കാഴ്ച കണ്ടതോടെ രക്ഷപ്പെടുത്താനോ മറ്റോ വഴിയില്ലാത്തതിനാൽ ഓടി രക്ഷപ്പെട്ടു. തുടർന്ന് നാട്ടുകാരെ അറിയിച്ചു. നാട്ടുകാരുടെയും ഉദ്യോഗസ്ഥരുടെയും തിരച്ചിലിനൊടുവിലാണ് റബർ തോട്ടത്തിൽനിന്ന് കുറച്ചകലെ ഗഫൂറിന്റെ മൃതദേഹം കണ്ടെത്തിയത്.
പത്തു മാസം മുമ്പാണ് അടക്കാക്കുണ്ടിലെ ഓടക്കൽ നസീറിന്റെ റബർ തോട്ടം ഗഫൂറും സമദും കരിമ്പിൽ സലാമും ചേർന്ന് പാട്ടത്തിനെടുത്ത് ടാപ്പിങ് തുടങ്ങിയത്. വന്യജീവി ആക്രമണ ഭീതിയുള്ളതിനാൽ മൂന്നു പേരും ഒരുമിച്ചാണ് ടാപ്പിങ്ങിന് എത്താറുള്ളത്. വ്യാഴാഴ്ച സമദും ഗഫൂറും മാത്രമേ ജോലിക്കുണ്ടായിരുന്നുള്ളൂ. സുഹൃത്തിനെ കടുവ കൊണ്ടുപോകുന്നത് കണ്ടിട്ടും ഒന്നും ചെയ്യാനായില്ലല്ലോ എന്ന സങ്കടത്തിലാണ് സമദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.