കളർകോട്​ അപകടം: മരിച്ച മെഡിക്കൽ വിദ്യാർഥികളുടെ കുടുംബങ്ങൾക്ക്​ സഹായധനം നൽകി

തൃശൂർ: ആലപ്പുഴ കളർകോട് വാഹനാപകടത്തിൽ മരിച്ച ഗവ. ടി.ഡി മെഡിക്കൽ കോളജിലെ ഒന്നാം വർഷ മെഡിക്കൽ വിദ്യാർഥികളിൽ രണ്ടു പേരുടെ കുടുംബങ്ങൾക്ക് കേരള ആരോഗ്യശാസ്ത്ര സർവകലാശാല അഞ്ചു​ ലക്ഷം രൂപ വീതം നൽകി.

സർവകലാശാലക്ക് കീഴിലെ കോളജുകളിൽ അകാലത്തിൽ മരിക്കുന്ന വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുന്ന ‘സ്റ്റുഡന്‍റ്സ്​ വെൽഫെയർ സ്കീമിൽ ആദ്യ സഹായ വിതരണമാണിത്.

എടത്വ സ്വദേശി ആൽവിൻ ജോർജിന്റെയും കാവാലം സ്വദേശി ആയുഷ് ഷാജിയുടെയും അമ്മമാർ ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മലിൽനിന്ന്​ തുക ഏറ്റുവാങ്ങി. കോളജ് പ്രിൻസിപ്പൽ ഡോ. സി.ജെ. ജെസി അധ്യക്ഷത വഹിച്ചു.

പ്രോ-വൈസ് ചാൻസലർ ഡോ. സി.പി. വിജയൻ, രജിസ്ട്രാർ ഡോ. എസ്. ഗോപകുമാർ, ഡീൻ ഡോ. ആശിഷ് രാജശേഖരൻ, മുൻ പ്രിൻസിപ്പൽ ഡോ. മിറിയം വർക്കി, പി.ടി.എ പ്രസിഡന്‍റ്​ സി. ഗോപകുമാർ, യൂനിയൻ ചെയർമാൻ മുഹമ്മദ് ആഷിക് എന്നിവർ സംസാരിച്ചു.

കഴിഞ്ഞ ഡിസംബർ രണ്ടിന്​ രാത്രിയുണ്ടായ അപകടത്തിൽ ഒന്നാം വർഷ വിദ്യാർഥികളായ ആറുപേരുടെ ജീവനാണ് പൊലിഞ്ഞത്.

Tags:    
News Summary - Kalarcode Accident: Financial assistance provided to the families of the deceased medical students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.