കളമശ്ശേരി: സംരക്ഷിക്കാൻ ആളില്ലാതെ ദയനീയ നിലയിൽ കഴിഞ്ഞ വയോധികന് കോതമംഗലം പീസ് വാലി തുണയായി. കടുങ്ങല്ലൂർ ഗ്രാമ പഞ്ചായത്തിൽ ഏലൂക്കര മാമ്പായി പറമ്പ് ലക്ഷംവീട് കോളനിയിൽ ബീരാവുവാണ് (93) മക്കൾ ഉപേക്ഷിച്ചതിനെ തുടർന്ന് ദയനീയ അവസ്ഥയിൽ കഴിഞ്ഞിരുന്നത്. ഒരു മാസം മുമ്പ് ഭാര്യ മരിച്ചതോടെ ഭക്ഷണവും പരിചരണവും ലഭിക്കാതെയായി. പെൻഷനും മറ്റു ആനുകൂല്യങ്ങളും മക്കളാണ് വാങ്ങിയിരുന്നത്.
അയൽവാസിയായ സ്ത്രീയാണ് ഇടക്ക് ഭക്ഷണം എത്തിച്ചിരുന്നത്. കാഴ്ചപരിമിതിയുള്ളതിനാൽ പരസഹായമില്ലാതെ ഒന്നുംചെയ്യാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. പൊതുപ്രവർത്തകരും പള്ളി ഭാരവാഹികളും അറിയിച്ചതിനെ തുടർന്ന് കോതമംഗലം പീസ് വാലി അധികൃതർ എത്തി വൃദ്ധനെ ഏറ്റെടുത്തു.
പീസ് വാലി ഭാരവാഹികളായ സി.എസ് ഷാജുദ്ദീൻ, മുജീബ് റഹ്മാൻ, ഏലൂക്കര വടക്കേ മഹല്ല് ഭാരവാഹികളായ എ.എ ശംസുദ്ദീൻ, പി. അബ്ദുൽ ഖാദർ, പഞ്ചായത്ത് അംഗം സാജിദ എന്നിവർ സന്നിഹിതരായിരുന്നു. ബിനാനിപുരം പൊലീസും സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.