തിരുവനന്തപുരം: കളമശ്ശേരി സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സർവ്വകക്ഷി യോഗം ചേരും. രാവിലെ 10 മണിക്ക് സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിലാണ് യോഗം.
കളമശേരി സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ പൊലീസ് ജാഗ്രത ശക്തമാക്കി. സംസ്ഥാനത്താകെ പൊലീസ് പരിശോധന നടത്തുകയാണ്. റെയിൽവേ സ്റ്റേഷനുകൾ, മാർക്കറ്റുകൾ, ബസ് സ്റ്റാൻഡുകൾ, തിരക്കേറിയ മറ്റ് ഇടങ്ങൾ മുതലയാവ കേന്ദ്രീകരിച്ചാണ് പരിശോധന. സമൂഹമാധ്യമങ്ങളിലും കർശന നിരീക്ഷണമാണ്. മതസ്പർദ്ധ, വർഗീയ വിദ്വേഷം എന്നിവ വളർത്തുന്ന തരത്തിൽ സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
രാവിലെ 9.40ഓടെയാണ് കളമശേരി കൺവൻഷൻ സെന്‍ററിൽ സ്ഫോടനമുണ്ടായത്. ഒരാൾ മരിക്കുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനത്തിന്റെ അവസാന ദിന സമ്മേളനം നടക്കുന്നതിനിടെയായിരുന്നു സ്ഫോടനം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. 18 പേർ ഐ.സി.യുവിൽ ചികിത്സയിലാണ്. ആറ് പേരുടെ നില ഗുരുതരമാണ്.
കളമശേരി കൺവെൻഷൻ സെന്‍ററിൽ പൊട്ടിത്തെറിച്ചത് സ്ഫോടകവസ്തുവെന്നാണ് പ്രാഥമിക നിഗമനമെന്ന് ഡി.ജി.പി ഷെയ്ഖ് ദർവേശ് സാഹിബ് പറഞ്ഞു. അന്വേഷണത്തിന് ഇന്ന് തന്നെ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.