തിരുവനന്തപുരം: ലാളിത്യവും ആദർശവും കിനിയുന്ന തന്റെ വിസ്മയ രാഷ്ട്രീയ ജീവചരിത്രത്തിൽ ഒരധ്യായം കൂടി എഴുതിച്ചേർക്കാനൊരുങ്ങുകയാണ് കടന്നപ്പള്ളി രാമചന്ദ്രനെന്ന എൺപതുകാരൻ. കെ.ബി. ഗണേഷ്കുമാറിനെ പോലെ കടന്നപ്പള്ളിക്കും മന്ത്രിക്കസേരയിൽ ഇത് മൂന്നാം ഊഴമാണ്. ആദർശങ്ങളുടെ കരുതൽ തടങ്കലിലാണ് എന്നും കടന്നപ്പള്ളിയുടെ രാഷ്ട്രീയ ജീവിതം. കോൺഗ്രസ് -എസ് എന്ന രാഷ്ട്രീയ പാർട്ടിക്കും കളങ്കമേശാത്ത വിലാസവും ജാതകവുമുണ്ടായത് അങ്ങനെ. സ്വതവേ ശാന്തമാണ് ഭാവമെങ്കിലും മീശമുളയ്ക്കാത്ത പ്രായത്തിൽ അതികായകരെ മുട്ടുകുത്തിച്ചതിെന്റ നാൾവഴികളാണ് മുഖം മറയ്ക്കുന്ന കൃതാവ് പോലെ കടന്നപ്പള്ളിയുടെ രാഷ്ട്രീയ ജീവിതത്തിലും പടർന്നുകിടക്കുന്നത്.
1971ലെ ലോക്സഭ തെരഞ്ഞെടുപ്പാണ് രംഗം. അതികായനായ എ.കെ.ജിയുടെ മണ്ഡലമായ കാസർകോട്ട് 26കാരനായ കടന്നപ്പള്ളിക്കായിരുന്നു സ്ഥാനാർഥിയാകാൻ നറുക്ക്. അന്ന് കയ്യൂരും കരിവള്ളൂരും ഉൾപ്പെടുന്ന കാസർകോട് മണ്ഡലത്തിൽ എതിർ സ്ഥാനാർഥി സാക്ഷാൽ ഇ.കെ. നായനാർ. എ.കെ.ജി 1967ൽ 1.19 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലത്തിൽ 1971ൽ കടന്നപ്പള്ളി നായനാരെ അട്ടിമറിച്ചു.
അങ്ങനെ വിദ്യാർഥി നേതാവിന്റെ കുപ്പായമൂരുംമുമ്പേ പാർലിമെൻറിൽ.
അന്ന് പാർലമെന്റ് മാർഷലുമാർ മീശ മുളയ്ക്കാത്ത പയ്യൻ എം.പിയെ തടഞ്ഞുനിർത്തി ഐ.ഡി കാർഡ് ചോദിച്ചത് രാഷ്ട്രീയം കൗതുകം. 77ലെ തെരഞ്ഞെടുപ്പിലും ഇതേ മണ്ഡലത്തിൽനിന്ന് വിജയം ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.