കൊല്ലം: വിവാദമായ കടക്കാവൂർ പോക്സോ കേസിൽ സത്യം ജയിച്ചെന്ന് യുവതിയുടെ പിതാവ്. ഒരുപാട് വേദന അനുഭവിച്ചു. കൂടുതൽ പ്രതികരണം പിന്നീട് നടത്താമെന്നായിരുന്നു മകൾ കുറ്റക്കാരിയല്ലെന്ന് അന്വേഷണ സംഘം കണ്ടെത്തിയതിനുശേഷമുള്ള ആ പിതാവിന്‍റെ ആദ്യ പ്രതികരണം.
ലൈംഗികമായി പീഡിപ്പിച്ചെന്ന് പ്രായപൂർത്തിയാകാത്ത മകൻ അമ്മക്കെതിരെ പരാതി നൽകുകയും അമ്മ അറസ്റ്റിലാകുകയും ചെയ്ത കേരളത്തിലെ ആദ്യകേസാണ് കടക്കാവൂർ പോക്സോ കേസ്. ഇതുവരെ കേട്ടുകേൾവി പോലുമില്ലാത്ത കേസായിരുന്നു ഇത്. തിരുവനന്തപുരം പോക്സോ കോടതി ജാമ്യം തള്ളിയതോടെ ഹൈകോടതിയിൽ നിന്നാണ് അമ്മക്ക് കർശന ഉപാധികളോടെ ജാമ്യം ലഭിച്ചത്. ഡിസംബർ 18ന് അമ്മക്കെതിരെ കേസെടുക്കുകയായിരുന്നു. ഒരു മാസത്തോളം ജയിലിൽ കഴിഞ്ഞതിനുശേഷമാണ് അമ്മക്ക് ജാമ്യം ലഭിച്ചത്.
ചോദ്യം ചെയ്യാനെന്ന വ്യാജേന വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു പൊലീസെന്ന് ജാമ്യം ലഭിച്ച ശേഷം അമ്മ മാധ്യമങ്ങളോട് പറഞ്ഞു. ഭർത്താവും രണ്ടാംഭാര്യയും ചേർന്ന് മകനെ ഭീഷണിപ്പെടുത്തി നൽകിയ മൊഴിയാണിതെന്നും അമ്മ പറഞ്ഞിരുന്നു. പൊലീസിൽ ഭർത്താവ് സ്വാധീനം ചെലുത്തിയെന്നും അവർ പറഞ്ഞു.
വിവാഹ ബന്ധം വേർപ്പെടുത്താതെ ഭർത്താവ് രണ്ടാം വിവാഹത്തിന് ശ്രമിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കമെന്നായിരുന്നു യുവതിയുടെ ആരോപണം. മക്കൾക്ക് ചെലവിന് തരണമെന്ന് ആവശ്യപ്പെട്ടതോടെ ഭർത്താവ് കുട്ടികളെ കൂട്ടിക്കൊണ്ടുപോയി. കുട്ടികളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഇവർ കോടതിയെ സമീപിച്ചത് ഭർത്താവിന് ദ്യേഷ്യം വർധിപ്പിക്കാൻ ഇടയാക്കി. ഇതിനിടെ 2019 ൽ ഇവർ ഭർത്താവിനെതിരെ പരാതി കൊടുത്തിരുന്നുവെങ്കിലും അതിൽ നടപടിയുണ്ടായില്ല. പിന്നീടാണ് മകനെ ഭീഷണിപ്പെടുത്തി ഇത്തരത്തിൽ ഒരു കേസ് കെട്ടിച്ചമച്ചതെന്ന് യുവതി പറഞ്ഞിരുന്നു.
പരാതി കൊടുത്ത മകനോട് പരിഭവമില്ലാതെയാണ് യുവതി നേരത്തേ സംസാരിച്ചത്. പരാതി കൊടുത്ത കുട്ടി അടക്കം എല്ലാവരെയും തനിക്ക് വേണം. മകനെ കാണണമെന്നുമായിരുന്നു അവരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.