സുപ്രീംകോടതി
ഡൽഹി: രണ്ടു വർഷത്തിനുള്ളിൽ കെ-ടെറ്റ് യോഗ്യതയില്ലാത്ത അധ്യാപകരെ പുറത്താക്കണമെന്ന വിധിക്കെതിരായ പുനഃപരിശോധന ഹരജിയിൽ തുറന്ന കോടതിയിൽ വാദം കേൾക്കുമെന്ന് സുപ്രീംകോടതി. സംസ്ഥാന സർക്കാറിന്റേത് ഉൾപ്പടെയുള്ള പുനഃപരിശോധന ഹരജികളാണ് മെയ് 13ന് പരിഗണിക്കുക. കേരള സർക്കാർ, എയ്ഡഡ് കോളജുകളിലെ അധ്യാപകരെ സംബന്ധിച്ച് ആശ്വാസകരമായ നടപടിയാണ് സുപ്രീംകോടതിയിൽ നിന്ന് ഉണ്ടായത്.
കേരള സർക്കാറും വിവിധ സംഘടനകളും ഉൾപ്പടെ 45ഓളം പുനഃപരിശോധന ഹരജികളാണ് ജസ്റ്റിസുമാരായ ദിപാങ്കർ ദത്ത, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ച് പരിഗണിച്ചത്. നിലവിലുള്ള അധ്യാപകർ ജോലിയിൽ പ്രവേശിച്ചപ്പോഴുള്ള നിയമത്തിന്റെയും ചട്ടത്തിന്റെയും അടിസ്ഥാനത്തിൽ സർവിസിൽ തുടരാൻ അനുവദിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.
അധ്യാപക നിയമനത്തിനും പ്രൊമോഷനും അധ്യാപക യോഗ്യതാ പരീക്ഷ നിർബന്ധമാക്കിയ സുപ്രീംകോടതി വിധി നടപ്പാക്കിയാൽ നെറ്റ്, എം.ഫിൽ, എം.എഡ്, പി.എച്ച്.ഡി അടക്കമുള്ള ഉയർന്ന യോഗ്യതയുടെ അടിസ്ഥാനത്തിൽ ടെറ്റ് പരീക്ഷ പാസാകാതെ ജോലിക്ക് കയറിയ അധ്യാപകരുടെ ജോലിയെയും പ്രമോഷനെയും ബാധിക്കും. ഇവർ വീണ്ടും യോഗ്യതാ പരീക്ഷയായ ടെറ്റ് പാസായാൽ മാത്രമേ ജോലിയിൽ തുടരാനും പ്രമോഷനും അവസരം ലഭിക്കൂ.
2012 മാർച്ച് 31ന് മുമ്പ് സർവിസിൽ പ്രവേശിച്ച അധ്യാപകർക്ക് കെ-ടെറ്റ് നിർബന്ധമാക്കരുതെന്നും വിരമിക്കുന്നത് വരെ തുടരാൻ അനുവദിക്കണമെന്നുമാണ് സർക്കാറിന്റെ ആവശ്യം. കുട്ടികളുടെ മനോനിലയെ കുറിച്ചും അധ്യാപന അഭിരുചിയിലും കേന്ദ്രീകരിക്കുന്ന യോഗ്യത പരീക്ഷയാണ് ടെറ്റെന്നും സ്‌കൂൾ അധ്യാപകരാകാനുള്ള ഈ യോഗ്യത എല്ലാ അധ്യാപകരും പാസാകണമെന്നുമാണ് സുപ്രീംകോടതി മുൻ ഉത്തരവിൽ ചൂണ്ടിക്കാട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.